'കസ്തൂരി മണമുള്ള പാട്ടുകള്‍'; ആ സംഗീതത്തിന് മരണമില്ല

ഏറിയാല്‍ പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യം പ്രതീക്ഷിച്ച കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു
'കസ്തൂരി മണമുള്ള പാട്ടുകള്‍'; ആ സംഗീതത്തിന് മരണമില്ല


മലയാളത്തിലെ എക്കാലത്തെയും മികച്ച  സംഗീതസംവിധായകരില്‍ ഒരാളായ എംകെ അര്‍ജുനന്‍ ഇക്കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അര്‍ഹമായ അംഗീകാരം കലാജീവിതത്തില്‍ ലഭിക്കാതിരുന്ന സംഗീത പ്രതിഭയുടെ അന്ത്യത്തിലും ആരവങ്ങള്‍ അകന്നുനിന്നു. 200 ഓളം സിനിമകളിലായി ആറന്നൂറിലേറെ പാട്ടുകള്‍ക്കും ആയിരത്തിലേറെ നാടകഗാനങ്ങള്‍ക്കും ഈ അതുല്യസംഗീത പ്രതിഭ ഊണം നല്‍കിയിരുന്നു.

അര്‍ജുനന്‍മാഷെ കുറിച്ച് സമൂഹമാധ്യമത്തില്‍ പ്രസാദ് രഘു എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. സംഗീത സമുദ്രം നീന്തിക്കടന്ന സ്വാമിയുടെ ജ്ഞാനവും ദേവരാജന്‍ മാഷിന്റെ തുല്യം പറയാനാകാത്ത സംഗീത ബോധവും സമന്വയിച്ച സംഗീതജ്ഞനാണ് അര്‍ജുനന്‍ മാഷ്.' ഇതിനെല്ലാം പുറമേ, ഒരു മനുഷ്യനിലും കുറ്റങ്ങളും കുറവുകളും കാണാന്‍ കഴിയാതിരുന്ന, തന്റെ സംഗീതം എത്ര മെച്ചമാണോ അതുപോലെ മെച്ചപ്പെട്ടതു തന്നെയാണ് മറ്റോരോ കലാകാരന്റെയും സംഗീതമെന്നും ഉറച്ചു വിശ്വസിച്ച സമാനതകളില്ലാത്ത ഒരു യഥാര്‍ത്ഥ മനുഷ്യനെയും കലാകാരനെയുമാണ് കൈരളിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഗാനാസ്വാദനത്തിന്റെ ഹൃദയതാളം നിലയ്ക്കാത്തിടത്തോളം കാലം, അര്‍ജുനന്‍ മാഷിനും അര്‍ജുനന്‍ മാഷിന്റെ സംഗീതത്തിനും മരണമില്ലെന്ന് പറഞ്ഞാണ് രഘു കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം


ബിരുദം പൂര്‍ത്തിയാക്കിയ ഏതൊരു ശരാശരി മലയാളി യുവാവിനെയും പോലെ തൊഴിലന്വേഷകനായി നടന്ന, രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങള്‍. അന്നൊരുനാള്‍, കേരള പി എസ് സി നടത്തുന്ന പരീക്ഷയെഴുതുന്നതിനായി ആറ്റിങ്ങലിലേയ്ക്ക് പോവുകയായിരുന്നു. ബസ് കാരയ്ക്കാമണ്ഡപത്തോടടുക്കുമ്പോള്‍, ഏതോ ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു, റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ലൗഡ് സ്പീക്കറില്‍ നിന്നും ഒരു ഗാനശകലം ഒഴുകി വരുന്നു:

'മാനത്തെ മായാവനത്തില്‍ നിന്നും മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും ആശാപരാഗം പറന്നൂ!
ആവര്‍ണ്ണ രാഗപരാഗം എന്റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ'.

ഹൊ! ശരിക്കും എന്റെ ജീവനില്‍ പുല്‍കിപ്പടര്‍ന്നു ആ സംഗീതം. മറ്റൊന്നും ആലോചിച്ചില്ല, കാരയ്ക്കാമണ്ഡപം ബസ് സ്‌റ്റോപ്പില്‍ ചാടിയിറങ്ങി  അല്ല, എന്നെ വലിച്ചിറക്കി (?). ഒന്നോര്‍ക്കണേ,
നെയ്യാറ്റിന്‍കര ടൗണില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററിലധികം യാത്ര ചെയ്താല്‍ മാത്രമെത്തുന്ന ഒരു കുഗ്രാമത്തിലെ അക്കാലത്തെ പരിമിതമായ യാത്രാ സൗകര്യങ്ങളുടെ സഹായത്തോടെ ടൗണിലെത്തി കൊല്ലം ഫാസ്റ്റ് പാസഞ്ചറില്‍ കയറി ആറ്റിങ്ങലിലേയ്ക്ക് 'ത്രൂ' ടിക്കറ്റുമെടുത്ത് വിശാലമായിട്ടിരുന്ന ഒരുവനാണ് ഏതോ ഉള്‍വിളിയില്‍ പാതിക്കുപാതി വഴിയില്‍ ചാടിയിറങ്ങി നില്‍ക്കുന്നത്. അവിടെ നിന്നു കൊണ്ട് പാട്ടു മുഴുവനായി കേട്ടു, തൃപ്തിയടഞ്ഞു.

'കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍ കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാറ്റില്‍ രണ്ടു കുവലയപ്പൂക്കള്‍ വിടര്‍ന്നു'

യഥാര്‍ത്ഥത്തില്‍, ഹൈസ്‌ക്കൂള്‍ പ്രായത്തിനും മുമ്പ് എന്നിലുറഞ്ഞ സിനിമാഗാന ഭ്രാന്താണ് ആ 'ഏതോ ഉള്‍വിളി' എന്ന് ഇന്നെനിക്കറിയാം. കേട്ട ഗാനത്തിന്റെ വരികളും ആലാപനവുമെല്ലാം ഒന്നിനൊന്ന് മെച്ചമാണെങ്കിലും ആദ്യകേള്‍വിയില്‍ എന്റെ ഹൃദയം അടിമപ്പെട്ടു പോയത് ആ സംഗീതത്തിലായിരുന്നു. എം.കെ. അര്‍ജുനന്‍ എന്ന സംഗീതശില്പിയുടെ തച്ചുകള്‍ക്ക് പിന്നാലെയുള്ള എന്റെ യാത്ര തുടങ്ങുന്നത് 'പത്മവ്യൂഹം' എന്ന ചിത്രത്തിലെ പ്രസ്തുത ഗാനം മുതലാണ്. ഇതേ ചിത്രത്തിലെ 'പാലരുവിക്കരയില്‍
പഞ്ചമി വിടരും പടവില്‍...' എന്ന ഗാനവും എത്ര ഹൃദയഹാരിയാണ്!

കേന്ദ്ര സര്‍ക്കാരിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ പരിചയപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകനും കഥാകൃത്തുമായ ശ്രീ.ശാസ്തമംഗലം വിനയകുമാറിന്റെ സഹായത്തോടെ, 2008ല്‍ അര്‍ജുനന്‍ മാഷിനെ വീട്ടില്‍പ്പോയി നേരില്‍ കാണുന്നതിനും സംസാരിക്കുന്നതിനും ഭാഗ്യമുണ്ടായി. ''മാഷിന്റെ ഗാനങ്ങളുടെ വലിയൊരാരാധകനും വിജ്ഞാനകോശവുമാണ്' എന്ന സ്‌നേഹം ചാലിച്ച വിശേഷണത്തോടെയാണ് ശ്രീ.വിനയകുമാര്‍ എന്നെ മാഷിന് പരിചയപ്പെടുത്തിയത്. തികച്ചും ഔപചാരികമായിരിക്കുമെന്ന് മുന്‍വിധിയെഴുതിച്ചെന്ന കണ്ടുമുട്ടല്‍ ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ കാലങ്ങളായി അറിയുന്ന രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണം പോലെയായി. (മാഷിനെ പരിചയപ്പെടാന്‍ പോകുന്ന സകലര്‍ക്കും ഇതു തന്നെയാണനുഭവം എന്നറിയുന്നു). എനിക്കൊരുപാട് കേള്‍ക്കാനും അറിയാനുമുണ്ടായിരുന്നു  മാഷിന് ഏറെ പറയാനും...

ജനനം മുതല്‍ യൗവനം വരെ ഭീകരമായ ദാരിദ്ര്യം. പതിനാലു മക്കളില്‍ പതിനാലാമന്‍. ജനിച്ച് ആറാം മാസത്തില്‍ പിതാവിന്റെ വിയോഗം. ദുരിതക്കയത്തില്‍ ജീവിതത്തോണി മുങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ കുഞ്ഞര്‍ജുനനെയും ജ്യേഷ്ഠന്‍മാരിലൊരാളെയും കൂടി പളനിയിലെ ഒരാശ്രമത്തിലേയ്ക്ക് അമ്മ ഒരു പരിചയക്കാരന്‍ വഴി പറഞ്ഞയച്ചു. ആഹാരമെങ്കിലും കിട്ടുമല്ലോ  അതായിരുന്നു അമ്മയുടെ ചിന്ത. ആശ്രമത്തില്‍ വെച്ച് പായ നെയ്യാന്‍ പഠിച്ചു. സന്ധ്യകളില്‍ ആശ്രമത്തിലെ ഭജന സംഘത്തോടൊപ്പം കൂടി. ഇരുവരുടെയും സംഗീതവാസന ബോധ്യപ്പെട്ട ആശ്രമാധിപന്‍, സംഗീതശാസ്ത്രികളായ കുമാരയ്യപ്പിളളയുടെ (എന്നാണോര്‍മ്മ) അടുത്ത് സംഗീതമഭ്യസിക്കാന്‍ പറഞ്ഞയച്ചു. കുറേക്കാലം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി. കച്ചേരികള്‍ നടത്തിയെങ്കിലും ദാരിദ്ര്യത്തിന് ശമനമുണ്ടായില്ല. പിന്നെ നാടക സമിതികളില്‍ ഹര്‍മ്മോണിയം വായനയുമായി കുറേക്കാലം. രണ്ടോ മൂന്നോ നാടകങ്ങളില്‍ ഗാനങ്ങള്‍ക്ക് സംഗീതവും നല്കി. ഇക്കാലത്താണ് കാളിദാസ കലാകേന്ദ്രത്തിനു വേണ്ടി ഹര്‍മ്മോണിയം വായിക്കാന്‍ സാക്ഷാല്‍ ദേവരാജന്‍ മാഷിന്റെ ക്ഷണമെത്തുന്നത്. 'അര്‍ജ്ജുനനായാലും ഭീമനായാലും ശരി  ജോലിക്കു കൊള്ളില്ലെങ്കില്‍ ആ നിമിഷം ഞാന്‍ പറഞ്ഞുവിടും' ഈ മുരടന്‍ വാക്കുകളോടെയായിരുന്നു ദേവരാജന്‍ മാഷ് പരിചയപ്പെടുന്നത് എന്ന് നിറഞ്ഞ ചിരിയോടെ പറഞ്ഞപ്പോള്‍, ആ ഓര്‍മ്മകളില്‍ മാഷ് അല്പനേരം മൗനിയായത് ഓര്‍ക്കുന്നു.

ഏറിയാല്‍ പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യം പ്രതീക്ഷിച്ച കൂടിക്കാഴ്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍, 'ഞാനിത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചില്ല കേട്ടോ, ഈ കാലത്തെ ഒരു കുട്ടിയില്‍ നിന്നും. മോന്‍ ഇനിയെന്നാ വരുന്നത്?' എന്ന മാഷിന്റെ അനുമോദനം പകര്‍ന്ന അഹങ്കാരം ഏറെനാള്‍ ഞാന്‍ കൊണ്ടു നടന്നിരുന്നു.

'കറുത്ത പൗര്‍ണമി' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര സംഗീതരംഗത്തേയ്ക്കുള്ള മാഷിന്റെ കാല്‍വെയ്പ്. ഭാസ്‌ക്കരന്‍ മാഷിന്റെ വരികള്‍ക്ക് അനന്യ സുന്ദരമായ ഈണം. 'മാനത്തിന്‍മുറ്റത്ത്  മഴവില്ലാല്‍ അഴകെട്ടും' എന്ന പാട്ടു കേട്ടാല്‍ അത് ഒരു സംഗീത സംവിധായകന്റെ കന്നിഗാനമെന്ന് കരുതാന്‍ പ്രയാസം.

'റെസ്റ്റ് ഹൗസ്' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രഗാനവാടികയില്‍ നിത്യവസന്തം തീര്‍ക്കാന്‍ രണ്ടു പുഷ്പങ്ങള്‍ കൂടി വിടര്‍ന്നു. ശ്രീകുമാരന്‍ തമ്പി  അര്‍ജുനന്‍ ദ്വയം. 'പൗര്‍ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു  പദ്മരാഗം പുഞ്ചിരിച്ചു', 'യദുകുല രതിദേവനെവിടെ രാധേ'', 'പാടാത്ത വീണയും പാടും', 'മുത്തിനും മുത്തായ മണിമുത്തു കിട്ടി' എന്നീ ഗാനങ്ങളുടെ മായയില്‍ ലയിക്കാത്ത മനസുകളുണ്ടാവുമോ? അതുപോലെ, 'ഇതു മനുഷ്യനോ' യിലെ 'സുഖമൊരു ബിന്ദു  ദു:ഖമൊരു ബിന്ദു', 'രക്തപുഷ്പ'ത്തിലെ 'നീലക്കുട നിവര്‍ത്തി വാനം എനിക്കു വേണ്ടി', 'പുഷ്പാഞ്ജലി'യിലെ 'ദു:ഖമേ നിനക്ക് പുലര്‍കാല വന്ദനം', 'പിക്‌നിക്കി'ലെ ' കസ്തൂരി മണക്കുന്നല്ലോ കാറ്റേ', 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി'', 'ചന്ദ്രക്കല മാനത്ത് ', 'ശില്പികള്‍ നമ്മള്‍', 'ഇകഉ നസീറി'ലെ 'നീലനിശീഥിനി', 'നിന്‍ മണിയറയിലെ' തുടങ്ങി എഴുതിയാലും പറഞ്ഞാലും മതിവരാത്ത നൂറ് കണക്കിന്, ഒന്നിനൊന്ന് മെച്ചപ്പെട്ട ഗാനങ്ങളാണ് ഈ കൂട്ട് കെട്ട് നമുക്ക് സമ്മാനിച്ചത്. 'ഒരാത്മാവും രണ്ട് ശരീരവും' എന്ന് തന്നെയാണ് ഇരുവരും സ്വയം പറഞ്ഞിരുന്നതും.

വയലാറുമായി ചേര്‍ന്ന് സൃഷ്ടിച്ച ഭാവഗീതങ്ങളില്‍ ഒന്നാം സ്ഥാനത്ത് 'ചീനവല'യിലെ ' തളിര്‍വലയോ താമര വലയോ താലിപ്പൊന്‍ വലയോ'' തന്നെയാണ്. ഇതേ ചിത്രത്തിലെ ' പൂന്തുറയിലരയന്റെ പൊന്നരയത്തി' യും ഏറെ ഹൃദ്യമാണ്. അതുപോലെ, 'ആദ്യത്തെ കഥ'യിലെ ' ആലുവാപ്പുഴയ്ക്കക്കരേ ഒരു പൊന്നമ്പല'വും ഗാനാസ്വാദകരുടെ മനസിന് കുളിരേകുന്നു.

ONV യ്‌ക്കൊപ്പം ചെയ്ത ഇരുപത്തഞ്ചിലേറെ ഗാനങ്ങളില്‍ ആസ്വാദകര്‍ക്കേറ്റവും പ്രിയം 'ഊഴ'ത്തിലെ 'കാണാനഴകുള്ള മാണിക്യക്കുയിലേ' ആയിരിക്കും.

പൂവച്ചല്‍ ഖാദര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പാപ്പനംകോട് ലക്ഷ്മണന്‍, ആര്‍.കെ.ദാമോദരന്‍ എന്നിങ്ങനെ ഒട്ടനവധി ഗാനരചയിതാക്കള്‍ക്കൊപ്പം തുറന്ന മനസോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. സുജാത, ജോളി എബ്രഹാം തുടങ്ങിയ ഗായകര്‍ക്ക് ആദ്യമായി ചലച്ചിത്ര മേഖലയില്‍ അവസരം നല്‍കി.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയില്‍, നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും വേണ്ടി തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ ഗാനരചയിതാക്കളോടും ഗായകരോടും നൂറ് ശതമാനവും അദ്ദേഹം നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് നിസംശയം പറയാം. ഗാനാസ്വാദകരുടെ മനസില്‍ ഓരോ ഗാനവും കാലാതിവര്‍ത്തിയായി, തെളിമയോടെ നില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്.

തമ്പി സാര്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു കാര്യം ശ്രദ്ധേയമാണ്. ' സംഗീത ലോകത്ത് അര്‍ജുനന്‍ മാഷിന്റെ മാതാപിതാക്കള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയും ദേവരാജന്‍ മാഷുമാണ്. സംഗീത സമുദ്രം നീന്തിക്കടന്ന സ്വാമിയുടെ ജ്ഞാനവും ദേവരാജന്‍ മാഷിന്റെ തുല്യം പറയാനാകാത്ത സംഗീത ബോധവും സമന്വയിച്ച സംഗീതജ്ഞനാണ് അര്‍ജുനന്‍ മാഷ്.' ഇതിനെല്ലാം പുറമേ, ഒരു മനുഷ്യനിലും കുറ്റങ്ങളും കുറവുകളും കാണാന്‍ കഴിയാതിരുന്ന, തന്റെ സംഗീതം എത്ര മെച്ചമാണോ അതുപോലെ മെച്ചപ്പെട്ടതു തന്നെയാണ് മറ്റോരോ കലാകാരന്റെയും സംഗീതമെന്നും ഉറച്ചു വിശ്വസിച്ച സമാനതകളില്ലാത്ത ഒരു യഥാര്‍ത്ഥ മനുഷ്യനെയും കലാകാരനെയുമാണ് കൈരളിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഗാനാസ്വാദനത്തിന്റെ ഹൃദയതാളം നിലയ്ക്കാത്തിടത്തോളം കാലം, അര്‍ജുനന്‍ മാഷിനും അര്‍ജുനന്‍ മാഷിന്റെ സംഗീതത്തിനും മരണമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com