'അവർ നമുക്ക് വേണ്ടിയാണ് എല്ലാം വേണ്ടെന്നുവെച്ചത്, കാക്കി ഇപ്പോൾ കരുതലിന്റെ നിറം'; പൊലീസിനെ പ്രശംസിച്ച് ഷാജി കൈലാസ്

സമൂഹ വ്യാപനം കേരളത്തിൽ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീർത്ത വേലികൾ തന്നെയാണെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു
'അവർ നമുക്ക് വേണ്ടിയാണ് എല്ലാം വേണ്ടെന്നുവെച്ചത്, കാക്കി ഇപ്പോൾ കരുതലിന്റെ നിറം'; പൊലീസിനെ പ്രശംസിച്ച് ഷാജി കൈലാസ്

സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലാണ് പൊലീസിന്റെ സ്ഥാനം. ഇപ്പോൾ പൊലീസിനെ പ്രശംസിച്ചുകൊണ്ട് കുറിപ്പു പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. വളരെ സങ്കീർണമായ മിഷനാണ് അവർ നെഞ്ചിലേറ്റിയത്.  ഓരോ പ്രദേശത്തിന്റെയും അതിർത്തികളിൽ ബോധവൽക്കരണത്തിന്റെയും ശാസനയുടെയും സ്നേഹം നിറഞ്ഞ കരുതലിന്റെയും പെരുമാറ്റ ഭംഗികളുമായി അവർ രോഗാണുവിന് എതിരെ പോരാടിയത്. സമൂഹ വ്യാപനം കേരളത്തിൽ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീർത്ത വേലികൾ തന്നെയാണെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു. ഈസ്റ്ററും വിഷുവും ഇവർ റോഡരികിലാണ് ആഘോഷിച്ചത് നാടിനു വേണ്ടിയാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. 

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം

"ഞങ്ങളുടെ സ്വന്തം പോലീസ്"

ചില ഗുണങ്ങൾ ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ്. അദൃശ്യനായ ശത്രുവിനെതിരെ ലോകം മുഴുവൻ ഒരു മഹായുദ്ധത്തിൽ ഏർപ്പെടുമ്പോൾ... ലോകത്തേയും രാജ്യത്തേയും വിസ്മയിപ്പിച്ചുകൊണ്ട് കേരളം ആദ്യ വിജയത്തിൻറെ ഒലിവ് കിരീടം ചൂടുമ്പോൾ... ആ പോരാട്ടത്തിൽ മുന്നണി പോരാളിയായി തീർച്ചയായും ഇവർ ഉണ്ട്... പൊരിവെയിലിന്റെ തൃഷ്ണയിൽ കർത്തവ്യത്തിന്റെ കർമ്മനിരതമായ പുതിയ ഏടുകൾ രചിച്ച് വിജയത്തിൻറെ പുതിയ മഴവില്ലുകൾ വിരിയിച്ച് നമ്മുടെ പോലീസ്..... കേരള പോലീസ്......!

എത്ര സാന്ദ്രവും എന്നാൽ സങ്കീർണവുമായ മിഷനാണ് ഇവർ നെഞ്ചിലേറ്റിയത്. ഓരോ പ്രദേശത്തിന്റെയും അതിർത്തികളിൽ ബോധവൽക്കരണത്തിന്റെയും ശാസനയുടെയും സ്നേഹം നിറഞ്ഞ കരുതലിന്റെയും പെരുമാറ്റ ഭംഗികളുമായി അവർ രോഗാണുവിന് എതിരെ പോരാടി. സമൂഹ വ്യാപനം കേരളത്തിൽ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീർത്ത വേലികൾ തന്നെയാണെന്ന് ഞാൻ പറയും. ഈസ്റ്ററും വിഷുവും ഇവർ റോഡരികിലാണ് ആഘോഷിച്ചത്. അതും മിക്കവാറും പട്ടിണി നിന്നുകൊണ്ടുതന്നെ. ഇവർക്ക് വീടുകൾ ഉണ്ടായിരുന്നു, സൗകര്യങ്ങൾ ഉണ്ടായിരുന്നു, ബന്ധുമിത്രാദികൾ ഉണ്ടായിരുന്നു, എന്നിട്ടും അതൊക്കെ അവർ വേണ്ടെന്നുവച്ചു. നമുക്കുവേണ്ടി... നമ്മുടെ നാടിൻറെ രക്ഷയ്ക്ക് വേണ്ടി...
കാക്കി ഇപ്പോൾ കരുതലിന്റെ നിറമായി മാറിയിരിക്കുന്നു. ജാഗ്രതയുടെ, അർപ്പണബോധത്തിന്റെ, ആത്മാർത്ഥയുടെ, ഏകാഗ്രതയുടെ എല്ലാം നിറം.. ഈ പോരാട്ടം ഫീൽഡിൽ നിന്ന് വിജയിപ്പിക്കാൻ പോരാടിയവരേ.. നിങ്ങൾക്ക് എന്റെ അഭിവാദ്യം. കേരളത്തിൻറെ വരുംകാല ചരിത്രത്തിൽ സുവർണ്ണ ഏടുകളിൽ ഒളിമങ്ങാത്ത ഒരു അധ്യായമാണ് നിങ്ങൾ ഇപ്പോൾ രചിച്ചു കൊണ്ടിരിക്കുന്നത്.
HAT'S OFF
A BIG SALUTE......
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com