'ഒന്നും മനഃപ്പൂർവമല്ല, തെറ്റു ഞങ്ങളുടേതാണ്'; യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ

അവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് പറയുന്നത്
'ഒന്നും മനഃപ്പൂർവമല്ല, തെറ്റു ഞങ്ങളുടേതാണ്'; യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ

ദുൽഖർ സൽമാന്റെ നിർമാണത്തിൽ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ​ഗോപിയും ശോഭനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തീയെറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ ആരോപണവുമായി രം​ഗത്തെത്തുകയാണ് ഒരു യുവതി. അവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് പറയുന്നത്. തുടർന്ന് ക്ഷമാപണവുമായി ദുൽഖർ സൽമാൻ തന്നെ രം​ഗത്തെത്തി. 

ചിത്രത്തിലെ ഒരു രം​ഗത്തിലാണ് യുവതിയുടെ ഫോട്ടോ കാണിക്കുന്നത്. തന്റെ ഫോട്ടോ ചിത്രത്തിൽ കാണിച്ചതിൽ നന്ദിയുണ്ടെന്ന് പറഞ്ഞ യുവതി പൊതുവേദിയില്‍ നിന്നും തനിക്ക് ഉണ്ടാകാനിടയുള്ള ബോഡി ഷെയ്മിങ്ങിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും കുറിച്ചു. സിനിമയിലെ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്.

'എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രം​ഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു'-  യുവതി ട്വീറ്റ് ചെയ്തു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി ദുൽഖർ തന്നെ രം​ഗത്തെത്തിയത്. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുൽഖർ ട്വീറ്റ് ചെയ്തു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെ നിര്‍മാണ കമ്പനിയായ ഡിക്യൂസ് വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ -  ദുൽഖർ‌ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com