ദുൽഖറിന്റെ കുറുപ്പിനെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും; റിലീസിന് മുൻപ് സിനിമ കാണണമെന്ന് ആവശ്യം; നോട്ടീസ് അയച്ചു

സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം
ദുൽഖറിന്റെ കുറുപ്പിനെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും; റിലീസിന് മുൻപ് സിനിമ കാണണമെന്ന് ആവശ്യം; നോട്ടീസ് അയച്ചു

കൊച്ചി; കുപ്രസിദ്ധ പിടികിട്ടാപ്പിള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇപ്പോൾ സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സുകുമാരക്കുറിപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. റിലീസിന് മുൻപ് സിനിമകാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും (62) മകൻ ജിതിനും (36) ചിത്രത്തിലെ നായകനും നിർമാതാവുമായ ദുൽഖർ സൽമാനു വക്കീൽ നോട്ടിസ് അയച്ചത്. ചാക്കോ കൊല്ലപ്പെടുമ്പോൾ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. ജിതിൻ ഏക മകനാണ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് ശാന്തമ്മ പറയുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിൽ, യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് സുകുമാരക്കുറിപ്പ് ചാക്കോയെ കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com