'ബി​ഗ് സല്യൂട്ട്', സഹജീവി സ്‌നേഹം എന്തെന്ന്  നിങ്ങൾ എന്നെ പഠിപ്പിച്ചു: റസൂൽ പൂക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2020 12:26 PM  |  

Last Updated: 08th August 2020 12:28 PM  |   A+A-   |  

RESUL

 

വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂർ സ്വദേശികളെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി. 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടവരാണെന്ന് അറിഞ്ഞിട്ടും വിമാനത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ പാഞ്ഞെത്തിയ കരിപ്പൂറുകാർക്ക് സല്യൂട്ട് കുറിച്ചിരിക്കുകയാണ് അദ്ദേഹം. സഹജീവിസ്നേഹവും കരുണയും എന്തെന്ന് അവർ തന്നെ പഠിപ്പിച്ചു എന്നാണ് ട്വീറ്റിലെ വാക്കുകൾ.

വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താനായത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ രക്ഷിക്കാൻ കോവിഡ്‌ ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയതിനെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പൈലറ്റുമാർ ഉൾപ്പെടെ പതിനെട്ടു പേർ അപകടത്തിൽ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ദുബായിൽ നിന്നും എത്തിയ വിമാനത്തിൽ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കനത്ത മഴയെത്തുടർന്നുണ്ടായ വഴുക്കലിനെ തുടർന്ന് വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യാമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. പ്രതികൂല കാലാവസ്ഥയായിട്ടും പൈലറ്റ് കരിപ്പൂരിലെ ടേബിൾ ടോപ് റൺവേയിൽ വിമാനം ഇറക്കാൻ പരിശ്രമിച്ചു. എന്നാൽ വഴുക്കലുള്ള സാഹചര്യത്തിൽ വിമാനം തെന്നിപ്പോകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.