'കെട്ടുകഥകള്‍ ഒരുപാടുണ്ടാകും, നിങ്ങള്‍ വീഴരുത്'; ആരാധകരോട് സഞ്ജയ്ദത്തിന്റെ ഭാര്യ

ചികിത്സയുടെ ഭാഗമായി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ഇന്നലെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു
'കെട്ടുകഥകള്‍ ഒരുപാടുണ്ടാകും, നിങ്ങള്‍ വീഴരുത്'; ആരാധകരോട് സഞ്ജയ്ദത്തിന്റെ ഭാര്യ

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി താരത്തിന്റെ ഭാര്യ മാന്യത. ഭര്‍ത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന ആരാധകരോട് നന്ദി പറഞ്ഞ മാന്യത വ്യാജവാര്‍ത്തകളില്‍ വീഴരുതെന്നും മുന്നറിയിപ്പും നല്‍കി. ചികിത്സയുടെ ഭാഗമായി സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ഇന്നലെ താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഇടവേളയെടുക്കാനുള്ള താരത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് താരത്തിന്‍ കാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അനാവശ്യമായ അപവാദ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അതില്‍ വീഴരുതെന്നുമാണ് മാന്യത പറയുന്നത്. എന്നാല്‍ താരത്തിന്റെ രോഗത്തെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശമില്ല.

'സഞ്ജു വേഗം രോഗമുക്തി നേടാന്‍ ആശംസ അറിയിച്ച എല്ലാവരോടും നന്ദി പറയുന്നു. ഈ ഘട്ടത്തെ അതിജീവിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും ശക്തിയും ഞങ്ങള്‍ക്ക് വേണം. കഴിഞ്ഞ കുറച്ചു വര്‍ഷമായി കുടുംബം പലതിലൂടെയും കടന്നുപോയി എന്നാല്‍ എനിക്ക് ഉറപ്പുണ്ട്. ഇതിനേയും ഞങ്ങള്‍ മറികടക്കും. സഞ്ജുവിന്റെ ആരാധകരോടുള്ള അപേക്ഷയാണ് ഇത്. അനാവശ്യമായ അപവാദ പ്രചരണങ്ങളിലും നിഗമനങ്ങളിലും നിങ്ങള്‍ വീഴരുത്. സ്‌നേഹവും പിന്തുണയും തുടര്‍ന്നുനല്‍കി ഞങ്ങളെ സഹായിക്കൂ. സഞ്ജു എന്നും ഒരു പോരാളിയാണ്. ഞങ്ങളുടെ കുടുംബവും. മുന്നിലുള്ള വെല്ലുവിളിയെ ഞങ്ങള്‍ മറികടക്കുന്നത് പരീക്ഷിക്കുന്നതിനായി ദൈവം ഞങ്ങളെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് ഞങ്ങള്‍ക്ക് വേണ്ടത്. ഞങ്ങള്‍ വിജയിച്ച് അപ്പുറം കടക്കുമെന്ന് അറിയാം. ഈ സന്ദര്‍ഭത്തില്‍ വെളിച്ചവും പോസിറ്റിവിറ്റിയും പരത്താം.' - മാന്യത കുറിച്ചു.

സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ശ്വാസതടസത്തെ തുടര്‍ന്ന് താരത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോ?ഗം സ്ഥിരീകരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി നടന്‍ അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ്  ചികിത്സയ്ക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com