സിനിമ ഇല്ലാതായതോടെ വയറിങ്‌ പണിക്ക് പോയി, ഷോക്കേറ്റ് മരിച്ചു; പ്രസാദിന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജിയ താരങ്ങളും നിരവധി അണിയറ പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു
സിനിമ ഇല്ലാതായതോടെ വയറിങ്‌ പണിക്ക് പോയി, ഷോക്കേറ്റ് മരിച്ചു; പ്രസാദിന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

മലയാള സിനിമയിലെ ലൈറ്റ്മാൻ പ്രസാദിന് ആദരാഞ്ജലിയുമായി സിനിമാലോകം. ഇന്നലെയാണ് പ്രസാദ് ഷോക്കേറ്റ് മരിച്ചത്. കൊറോണയെ തുടർന്ന് സിനിമ ഇല്ലാതായതോടെയാണ് വയറിങ്ങിന്റെ പണിക്ക് പോവുകയായിരുന്നു. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിൽവച്ചാണ് അപകടമുണ്ടായത്. പ്രസാദിന് ആദരാഞ്ജലിയുമായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഉൾപ്പടെ രം​ഗത്തെത്തി.  

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജിയ താരങ്ങളും നിരവധി അണിയറ പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു. പയ്യന്നൂര്‍ സ്വദേശിയായ പ്രസാദ് രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്നു. സിനിമയിൽ വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസാദ് കോവിഡിനെതുടര്‍ന്ന് മറ്റുജോലികളിലായിരുന്നു. സിനിമാജോലികളില്ലാത്തതിനാല്‍ അക്കാദമിയിൽ  ദിവസവേതനത്തിന് പോയിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. സംവിധായകരും നിര്‍മാതാക്കളും ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളും അനുശോചിച്ചു.

കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാൻ വിട്ടിട്ടില്ല . ഇന്നലെവരെ ..കണ്ണീർ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്‌. എന്നായിരുന്നു ഹൃദയംനുറുങ്ങുന്ന വേദനയോ‌ടെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയുടെ സംവിധായകൻ രതീഷ് യു കെ കുറിച്ചത്. വളരെ പ്രിയപ്പെട്ടൊരാളായിരുന്നെന്നും വെള്ളത്തിൽ ഒപ്പം നിന്നയാളാണ് എന്നായിരുന്നു സംവിധായകൻ പ്രജേഷ് സെന്നിന്റെ വാക്കുകൾ.

നടൻ സുബീഷ് സുധിയുടെ കുറിപ്പ്

സിനിമയിൽ എത്തിയ സമയം തൊട്ട് പ്രസാദേട്ടനുമായി ആത്മബന്ധം ഉണ്ടായിരുന്നു. ഒരു പയ്യന്നൂർകാരൻ എന്ന നിലയിലും വടക്കൻ കേരളത്തിൽ നിന്നും സിനിമ സ്വപ്നം കണ്ടു വന്ന ഒരാളെന്ന നിലയിലും പ്രസാദേട്ടൻ എന്നെ സ്വന്തം സഹോദരതുല്യം സ്നേഹിച്ചു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നതോ, അല്ലെങ്കിൽ ജൂനിയർ ആർടിസ്റ്റോ ആയ ഒരാൾക്ക് ഒരു ഇരിപ്പിടം കിട്ടുന്നത് വളരെ കുറവാണ്, പക്ഷെ ഞാൻ നിൽക്കുന്നത് കണ്ടാൽ പ്രസാദേട്ടൻ യൂണിറ്റിലുള്ള ഏതെങ്കിലും ഇരിക്കാൻ പറ്റിയ സൗകര്യം എനിക്ക് ഉണ്ടാക്കിത്തരുമായിരുന്നു. അത്രത്തോളം ആത്മബന്ധം പുലർത്തിയിരുന്ന ഒരാളാണ് പ്രസാദേട്ടൻ. ഷൂട്ടിങ് സമയത്ത് യൂണിറ്റിൽ ഉള്ള അംഗങ്ങൾ അതിരാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തണം ,അധികനേരം ഷൂട്ടിങ് ഉണ്ടെങ്കിൽ കുറച്ചുനേരം മാത്രമേ ഉറങ്ങാൻ പറ്റുകയുള്ളൂ. എന്നാൽപോലും സ്വന്തം ആരോഗ്യത്തിനു വേണ്ടി ഒരു മണിക്കൂർ മാറ്റിവെക്കുന്ന പ്രസാദ് ഏട്ടനെ ഞാൻ കണ്ടിട്ടുണ്ട്.നിരന്തരം ഞങ്ങൾ ഫോണിൽ ബന്ധപ്പെടാറുണ്ട് ലോക്ക്ഡൗണിന്റെ സമയത്തും ഞാൻ പ്രസാദ് ഏട്ടനെ വിളിച്ച് സംസാരിച്ചപ്പോൾ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളൂ എന്നൊക്കെ സംസാരിച്ചത് ആയിരുന്നു. അവസാനമായി പ്രസാദേട്ടൻ വിളിച്ചത് മൃദുൽ സംവിധാനം ചെയ്ത മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ കണ്ട് അത് സിനിമ ആണോ എന്ന് അന്വേഷിക്കാൻ ആയിരുന്നു. ഏതൊരു മലയാളിയുടേയും ഇപ്പോഴുള്ള അതെ മാനസികാവസ്ഥ തന്നെയായിരുന്നു പ്രസാദ് ഏട്ടന്റെയും ലോക് ഡൗൺ കാരണം സിനിമ ഒന്നുമില്ല. കൊറോണ ഒക്കെ പോയി ഷൂട്ടിംഗ് ഒക്കെ തിരിച്ചു വരും എന്നുള്ള വിശ്വാസത്തോടുകൂടി അതിജീവിക്കാൻ വേണ്ടി വയറിങ്ങിന്റെ പണിക്ക് പോയതാണ് പ്രസാദേട്ടൻ. ഇന്ന് ഷോക്കേറ്റ് പ്രസാദേട്ടൻ നമ്മെ വിട്ടുപോയി. ആദരാഞ്ജലികൾ പ്രസാദേട്ടാ. നിങ്ങൾ തന്ന ഇരിപ്പിടം എപ്പോഴും എന്റെ മനസ്സിൽ ഉണ്ടാകും. അത്രയേ പറയാനുള്ളൂ.

മാലാ പാർവതിയുടെ കുറിപ്പ്

രജപുത്ര യൂണിറ്റിൽ പ്രധാനിയായിരുന്നു പ്രസാദ്. പയ്യന്നൂർ, ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഷൂട്ടിന് പോയപ്പോൾ സെറ്റിൽ വന്നിരുന്നു എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മകനും ഉണ്ടായിരുന്നു ഒപ്പം. ചെല്ലാം എന്ന് പറഞ്ഞിരുന്നതാണെങ്കിലും അന്ന് നടന്നില്ല. പിറ്റേന്ന് പ്രസാദ് മറ്റൊരു സിനിമയിൽ ജോയിൻ ചെയ്യാൻ കൊച്ചിക്ക് പോയി. ഇനി ആ വീട്ടിൽ പോയി പ്രസാദിനെ കാണാൻ കഴിയില്ല.സിനിമ ഇല്ലാത്ത കാലം, തരണം ചെയ്യാൻ മറ്റൊരു ജോലിക്ക് പോയതാ . ഒരു അപകടത്തിൽ അദ്ദേഹം നമ്മെ വിട്ട് പോയി. പ്രസാദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരണം വളരെ നേരത്തെ വന്ന് കൊണ്ട് പോയി !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com