'ചുനക്കര ആ​ഗ്രഹിച്ചത് അത്തരം ​ഗാനങ്ങൾ എഴുതാൻ, പക്ഷേ സംഗീത സംവിധായകൻ തരുന്ന ഈണത്തിനനുസരിച്ച് വാക്കുകൾ നിരത്തിവെക്കേണ്ടിവന്നു'

'പുതിയ സമ്പ്രദായത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പിന്നെന്തുകൊണ്ട് അതിനു വഴങ്ങി എന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ. എന്റെയും കുടുംബത്തിന്റേയും ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടിയിരുന്നു'
'ചുനക്കര ആ​ഗ്രഹിച്ചത് അത്തരം ​ഗാനങ്ങൾ എഴുതാൻ, പക്ഷേ സംഗീത സംവിധായകൻ തരുന്ന ഈണത്തിനനുസരിച്ച് വാക്കുകൾ നിരത്തിവെക്കേണ്ടിവന്നു'

'ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ...', മലയാളികൾക്ക് ഇന്നും പ്രിയങ്കരമായ ഈ ഒരു ​ഗാനം മാത്രം മതി ചുനക്കര രാമൻകുട്ടിയെ ഓർമിക്കാൻ. നിരവധി സൂപ്പർഹിറ്റ് ​ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. എന്നാൽ തന്റെ സിനിമാജീവിതത്തിൽ അദ്ദേഹം പൂർണസംതൃപ്തനായിരുന്നില്ല. ആ​ഗ്രഹിച്ചതുപോലുള്ള ​ഗാനങ്ങൾ എഴുതാൻ കഴിയാതെയാണ് അദ്ദേഹത്തിന്റെ മടക്കം. ചുനക്കരയ്ക്ക് ആദ​രാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പുതിയ സമ്പ്രദായത്തോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യക്കുറവ് വ്യക്തമാകുന്നത്. 'സംഗീത സംവിധായകൻ തരുന്ന ഈണത്തിനനുസരിച്ചു വാക്കുകൾ നിരത്തിവെക്കുക എന്നതായിരുന്നു മിക്കപ്പോഴും എന്റെ ജോലി. പുതിയ സമ്പ്രദായത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല.' എന്നാണ് ഒരിക്കൽ ചുനക്കര പറഞ്ഞത്. തനിക്കും കുടുംബത്തിനും ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്താനായിരുന്നു ഈ മേഖല തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 

കുറിപ്പ് വായിക്കാം

ചുനക്കരക്ക് ആദരാഞ്ജലികൾ
---------------
സുഗന്ധം ചൊരിയുന്ന ദേവദാരു
------------------
എഴുതിയ പാട്ടുകളിൽ പലതും സൂപ്പർ ഹിറ്റ്. പക്ഷേ സിനിമാജീവിതത്തിൽ പൂർണസംതൃപ്തനായിരുന്നോ ചുനക്കര രാമൻകുട്ടി? നേരിട്ട് ചോദിച്ചിട്ടുണ്ട് ഒരിക്കൽ.

മറുപടി ഇങ്ങനെ: ``ആത്മവിദ്യാലയമേ, കരയുന്നോ പുഴ ചിരിക്കുന്നോ, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു തുടങ്ങിയ ദാർശനികമാനവും കാവ്യഗുണവുമുള്ള പാട്ടുകൾ ആവർത്തിച്ചു കേട്ടും ആസ്വദിച്ചും വളർന്നയാളാണ് ഞാൻ. എന്നെങ്കിലും സിനിമയിൽ കടന്നുചെല്ലാൻ അവസരം ലഭിച്ചാൽ എഴുതുന്നത് അത്തരം പാട്ടുകളായിരിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ആ ജനുസ്സിൽ പെട്ട ഒരു പാട്ടും എഴുതാൻ അവസരം ലഭിച്ചില്ല. സംഗീത സംവിധായകൻ തരുന്ന ഈണത്തിനനുസരിച്ചു വാക്കുകൾ നിരത്തിവെക്കുക എന്നതായിരുന്നു മിക്കപ്പോഴും എന്റെ ജോലി. പുതിയ സമ്പ്രദായത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പിന്നെന്തുകൊണ്ട് അതിനു വഴങ്ങി എന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ളൂ. എന്റെയും കുടുംബത്തിന്റേയും ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടിയിരുന്നു. ഗാനരചന എന്റെ ഇഷ്ടവഴിയുമാണ്. പിന്നൊന്നും ചിന്തിച്ചില്ല. ആ മഹാപ്രവാഹത്തിലേക്കങ്ങു എടുത്തുചാടി...''

എങ്കിലും സ്വന്തം പാട്ടുകളിൽ പലതും മലയാളികൾ ഹൃദയപൂർവം ഏറ്റെടുത്തു പാടിനടന്നു എന്നത് ചുനക്കരയെ സന്തോഷിപ്പിച്ച കാര്യം. ``നൂറു കണക്കിന് കവിതകൾ എഴുതിയിട്ടുണ്ട്. കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇന്നും മലയാളികൾ എന്നെ അറിയുക ശ്യാം ഈണമിട്ട ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ എന്ന പാട്ടിന്റെ രചയിതാവായിട്ടാണ്. പണ്ഡിതപാമരഭേദമന്യേ ആളുകൾ ആ പാട്ടിനെ കുറിച്ച് നല്ലത് പറയുമ്പോൾ സിനിമാ ജീവിതം വ്യർത്ഥമായില്ലല്ലോ എന്ന് തോന്നും...''

വേറെയുമുണ്ട് ഹിറ്റ് ഗാനങ്ങൾ: ദേവീ നിൻ രൂപം (ഒരു തിര പിന്നെയും തിര), സിന്ദൂര തിലകവുമായ്, പാതിരാ താരമേ, മുല്ലവള്ളിക്കുടിലിൽ (കുയിലിനെ തേടി), ശരൽക്കാല സന്ധ്യ (എങ്ങനെ നീ മറക്കും) പാതിരാക്കാറ്റു വന്നു (മഴനിലാവ്), കാവേരി നദിക്കരയിൽ, ഈ രാവിൽ ഞാൻ രാഗാർദ്രയായ് (കൗമാരപ്രായം), ഹൃദയവനിയിലെ ഗായികയോ (കോട്ടയം കുഞ്ഞച്ചൻ), ചന്ദനക്കുറിയുമായ് വാ സുകൃതവനിയിൽ (ഒരു നോക്ക് കാണാൻ), ഓ ശാരികേ (വീണ്ടും ചലിക്കുന്ന ചക്രം), ആലിപ്പഴം ഇന്നൊന്നൊന്നായ് (നാളെ ഞങ്ങളുടെ വിവാഹം), ശ്യാമമേഘമേ (അധിപൻ)....എല്ലാം ഈണത്തിനൊത്ത് എഴുതിയ ഗാനങ്ങൾ. ഭൂരിഭാഗം ഗാനങ്ങളും ചുനക്കര - ശ്യാം ടീമിന്റെ സൃഷ്ടികളാണെന്ന പ്രത്യേകതയുണ്ട്. എൺപതുകളിലെ ഹിറ്റ് കൂട്ടുകെട്ട്.

എങ്കിലും മറിച്ചുള്ളവയാണ് തനിക്ക് കൂടുതൽ സംതൃപ്തി പകർന്നിട്ടുള്ളതെന്ന് പറയും ചുനക്കര. ആദ്യമെഴുതി ഈണമിട്ടവ. വാരിധിയിൽ തിരപോലെ (ചൂതാട്ടം), പ്രവാഹമേ നദീ പ്രവാഹമേ (ആ ദിവസം), ഏകാന്തതയെ പുൽകി ഞാൻ (ആഴിക്കൊരുമുത്ത്), ധനുമാസക്കാറ്റേ വായോ (മുത്തോട് മുത്ത്), ഇവിടെ മനുഷ്യൻ കൈവിരലുകളാൽ (സ്വപ്നമേ നിനക്ക് നന്ദി), പനിനീരുമായ് ഇളംകാറ്റ് വീശി (തിങ്കളാഴ്ച നല്ല ദിവസം).

ആദ്യമെഴുതിയത് ആശ്രമം (1977) എന്ന സിനിമക്ക് വേണ്ടി അപ്സര കന്യകേ എന്ന ഗാനം. സംഗീതസംവിധായകൻ എം കെ അർജ്ജുനൻ. ഗായകൻ ജയചന്ദ്രൻ. ആദ്യമായി ട്യൂണിനൊത്തെഴുതിയത് ``കൗമാരപ്രായ''ത്തിലെ കാവേരിനദിക്കരയിൽ. ശ്യാമായിരുന്നു ആ ഗാനത്തിന്റെ സംഗീതശില്പി. ഗായകൻ ജോളി ഏബ്രഹാമും. മോഹൻലാൽ സിനിമക്ക് വണ്ടി പിന്നണി പാടിയ ആദ്യകാല ഗാനങ്ങളിൽ രണ്ടെണ്ണം ചുനക്കര രചിച്ചതാണ്: ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന ചിത്രത്തിലെ ``സിന്ദൂരമേഘങ്ങളെ'', കണ്ടു കണ്ടറിഞ്ഞുവിലെ ``നീയറിഞ്ഞോ മേലെ മാനത്ത്.''

എൺപതുകളിലെ മലയാള സിനിമാ ഗാനലോകത്തെ സുഗന്ധപൂരിതമാക്കിയ ദേവദാരുവിന്റെ രചയിതാവിന് ആദരാഞ്ജലികൾ.

--രവി മേനോൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com