'അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സഹായവുമായി ആദ്യം എത്തി, ഇപ്പോഴും ഞങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു'; സഞ്ജയ് ദത്തിനെ കുറിച്ച് ഇര്‍ഫാന്റെ മകന്‍

അച്ഛന്‍ കാന്‍സറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരില്‍ ഒരാളാണ് സഞ്ജു ഭായ് എന്നാണ് ബാബില്‍ പറയുന്നത്
'അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സഹായവുമായി ആദ്യം എത്തി, ഇപ്പോഴും ഞങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു'; സഞ്ജയ് ദത്തിനെ കുറിച്ച് ഇര്‍ഫാന്റെ മകന്‍

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചികിത്സയുടെ ഭാഗമായി സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് വേദനയായി മാറിയിരുന്നു. ഇപ്പോള്‍ സഞ്ജയ് ദത്തിനെക്കുറിച്ച് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലിന്റെ വാക്കുകളാണ് വൈറലാകുന്നത്. അച്ഛന്‍ കാന്‍സറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരില്‍ ഒരാളാണ് സഞ്ജു ഭായ് എന്നാണ് ബാബില്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയാണ് ബാബിലിന്റെ പ്രതികരണം. അച്ഛന് രോഗം സ്വിരീകരിച്ചതിനും അച്ഛന്റെ മരണത്തിനും ശേഷം എല്ലാരീതിയിലുമുള്ള സഹായവും ചെയ്യാന്‍ ആദ്യം മുന്നോട്ടുവന്നവരില്‍ ഒരാളാണ് സഞ്ജു ഭയ്യാ. പിന്നെയും ഞങ്ങള്‍ക്ക് പിന്തുണയുമായി നിലകൊണ്ട കുറച്ചുപേരില്‍ ഒരാള്‍. - ബബില്‍ കുറിച്ചു. കൂടാതെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ബബില്‍ കുറിച്ചു. 

സഞ്ജയ് ദത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി വാര്‍ത്തകളാണ് വന്നത്. അദ്ദേഹത്തിന് ശ്വാസകോശ കാന്‍സറാണെന്നും നാലാമത്തെ സ്‌റ്റേജിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ചികിത്സ തേടുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ എല്ലാം ഊഹാപോഹങ്ങളാണ് എന്നായിരുന്നു സഞ്ജയ് ദത്തിന്റേയും കുടുംബത്തിന്റേയും പ്രതികരണം. അതിന് പിന്നാലെയാണ മാധ്യമങ്ങള്‍ കഥമെനയുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് ബബില്‍ രംഗത്തെത്തിയത്. 

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക എന്നത് നിങ്ങളുടെ ജോലിയാണെന്ന് അറിയാം. എന്നാല്‍ മനുഷ്യത്വമുണ്ടെങ്കില്‍ സഞ്ജു ഭായിക്കും കുടുംബത്തിനും അവരുടേതായ ഇടം നല്‍കണം. മീഡിയയുടെ സമ്മദ്ദമില്ലാതെ അദ്ദേഹം രോഗത്തെ നേരിടട്ടേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. സഞ്ജു ബാബയെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ ഓര്‍മിക്കണം. അദ്ദേഹം ഒരു കടുവയാണ്, പോരാളിയാണ്. ഭൂതകാലം നിങ്ങളെ നിര്‍വചിക്കില്ല പക്ഷേ നിങ്ങളെ വികസിപ്പിക്കും. ഇതിനെ മറികടന്ന് അദ്ദേഹം വീണ്ടും ഹീറ്റുകളുണ്ടാക്കും എന്ന് എനിക്ക് ഉറപ്പാണ്- ബബില്‍ കുറിച്ചു. 

കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. 2018 ല്‍ രോഗം സ്ഥ്വിരീകരിച്ച അദ്ദേഹം 2020 ഏപ്രില്‍ 29 നാണ് വിടപറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com