​ഗം​ഗയും നാ​ഗവല്ലിയും ഇപ്പോൾ എവിടെ? ഇനി മിനിസ്ക്രീനിൽ കാണാം; മണിച്ചിത്രത്താഴ് സീരിയലാകുന്നു 

സിനിമയുടെ ക്ലൈമാക്ലിൽ നിന്ന് തുടങ്ങുന്ന സീരിയൽ ​ഗം​ഗയുടെയും നകുലന്റെയും തുടർ ജീവിതവും നാ​ഗവല്ലിയുടെ തഞ്ചാവൂരിലെ കഥകളും പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്
​ഗം​ഗയും നാ​ഗവല്ലിയും ഇപ്പോൾ എവിടെ? ഇനി മിനിസ്ക്രീനിൽ കാണാം; മണിച്ചിത്രത്താഴ് സീരിയലാകുന്നു 

ലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ തുടർക്കഥ മിനിസ്ക്രീൻ പ്രേക്ഷകരിലേക്കെത്തുന്നു. സിനിമയുടെ ക്ലൈമാക്ലിൽ നിന്ന് തുടങ്ങുന്ന സീരിയൽ ​ഗം​ഗയുടെയും നകുലന്റെയും തുടർ ജീവിതവും നാ​ഗവല്ലിയുടെ തഞ്ചാവൂരിലെ കഥകളും പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. പ്രശസ്ത സീരിയൽ നിർമാതാവ് ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്. 

കഴിഞ്ഞ അഞ്ച് വർഷമായി സീരിയലിന്റെ പണിപ്പുരയിലാണെന്ന് ജയകുമാർ പറഞ്ഞു. ആദ്യം വെബ് സീരീസായി അവതരിപ്പിക്കാനാണ് ചിന്തിച്ചതെങ്കിലും പിന്നീട് ടിവിയിൽ അവതരിപ്പിക്കുന്നതാണ് മികച്ചതെന്ന തീരുമാനത്തിൽ എത്തിയെന്ന് അദ്ദേഹം പറഞ്ഞു. 

1993 ഡിസംബർ 25നാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രവും ​ഗം​ഗയും ന​കുലനും എയർപ്പോർട്ടിലേക്ക് പോകുന്നിടത്താണ് സിനിമ അവസാനിച്ചത്. അവിടെനിന്ന് തുടങ്ങുന്ന സീരിയൽ കൊൽക്കത്തയിലെ ​ഗം​ഗയുടെയും നകുലന്റെയും ജീവിതം അവതരിപ്പിക്കും. സിനിമയിൽ ​ഗം​ഗയുടെ കുടുംബത്തെക്കുറിച്ചുള്ള സൂചനകൾ പ്രയോജനപ്പെടുത്തി ആ കഥാപാത്രങ്ങളെയും അവതരിപ്പിക്കുമെന്ന് ജയകുമാർ പറഞ്ഞു. 

സീരിയലിലെ അഭിനേതാക്കളെ ഇനിയും തീരുമാനിക്കാനുണ്ടെന്നും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഷൂട്ടിങ് ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമടക്കം ഓരോ ഷെഡ്യൂളിനിടയിലും ക്വാറന്റീൻ പൂർത്തിയാക്കി വീണ്ടും തുടർച്ചയായി ചിത്രീകരണം തുടരുക എന്നത് ദുഷ്കരമാണെന്ന് ജയകുമാർ അഭിപ്രായപ്പെട്ടു. ഈ വർഷം അവസാനത്തോടെ കോവിഡ് നിയന്ത്രണത്തിലാകുകയോ ഇളവുകൾ വരുകയോ‌ ചെയ്താൽ സീരിയലിന്റെ ചിത്രീകരണം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. 

മധു മുട്ടം തിരക്കഥയൊരുക്കിയ മണിച്ചിത്രത്താഴ് ഒരു സൈക്കോ ത്രില്ലർ ചിത്രമാണ്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാള ചലച്ചിത്രത്തിൽ മുമ്പ് പരിചിതമില്ലാത്ത ഇതിവൃത്തമായിരുന്നു സിനിമയുടേത്. അതായിരുന്നു മണിച്ചിത്രത്താഴിന്റെ വിജയവും. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്തു എന്നത് മാത്രമല്ല വേറെയും അംഗീകാരങ്ങൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ മലയാളത്തിൽ നിന്നും ഏറ്റവുമധികം ഭാഷകളിൽ റീമേക്ക് ചെയ്ത സിനിമയായിട്ടും മണിച്ചിത്രത്താഴ് മാറി. ചന്ദ്രമുഖി എന്ന പേരിൽ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയിൽ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു. എല്ലാ ഇൻഡസ്ട്രികളിലും വിജയം നേടാൻ സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി സീരിയലാവുമ്പോൾ കഥാഗതിയിൽ മാറ്റങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com