'ഇവളാണ് ഞങ്ങളുടെ കുഞ്ഞു ലഡു'; പ്രസന്നയുടെ പിറന്നാൾ ദിനത്തിൽ മകളെ പരിചയപ്പെടുത്തി സ്നേഹ; ചിത്രങ്ങൾ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th August 2020 05:47 PM  |  

Last Updated: 29th August 2020 05:47 PM  |   A+A-   |  

sneha

 

തെന്നിന്ത്യൻ സുന്ദരി സ്നേഹയ്ക്കും നടൻ പ്രസന്നയ്ക്കും മാസങ്ങൾക്ക് മുൻപാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇപ്പോൾ ആദ്യമായി മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. പ്രസന്നയുടെ പിറന്നാൾ ദിനത്തിലാണ് തന്റെ ജീവിതത്തിലെ കുഞ്ഞു ലഡ്ഡുവിനെ താരദമ്പതികൾ ആരാധകർക്കായി പരിചയപ്പെടുത്തിയത്. ആദ്യന്ത എന്നാണ് മകളുടെ പേര്.

“എന്റെ ആത്മസുഹൃത്തിന്, കാമുകന്, കാവൽ മാലാഖയ്ക്ക്, സൂപ്പർ ദാദയ്ക്ക് ജന്മദിനാശംസകൾ. ഈ ‘ ലഡു’ ക്കളാൽ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. ലവ് യു സോ മച്ച്. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങൾക്കു മുന്നിൽ ഞങ്ങളുടെ കുഞ്ഞു ‘ ലഡു’ ആദ്യന്തയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്,” മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്നേഹ കുറിച്ചു. 

മകളെ ചേർത്തു പിടിച്ചു നിൽക്കുന്ന സ്നേഹയുടേയും പ്രസന്നയുടേയും ചിത്രത്തിനൊപ്പമാണ് കുറിപ്പ്. കൂടാതെ മൂത്തമകനൊപ്പമുള്ള മകളുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ജനുവരി 24നാണ് സ്നേഹയ്ക്ക് കുഞ്ഞ് പിറന്നത്. മകൾക്കൊപ്പമുള്ല ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും മുഖം വ്യക്തമാക്കിയിരുന്നില്ല. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 മെയ് 11നാണ് ഇരുവരും വിവാഹിതരാകുന്നത്. 2015 ലാണ് ആദ്യമകൻ വിഹാൻ പിറക്കുന്നത്.