രാവണനെ ന്യായീകരിച്ചതിന് സെയ്ഫ് അലി ഖാന് വിമർശനം; ആദിപുരുഷിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം 

രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാവണകഥാപാത്രമായാണ് സെയ്ഫ് എത്തുന്നത്
രാവണനെ ന്യായീകരിച്ചതിന് സെയ്ഫ് അലി ഖാന് വിമർശനം; ആദിപുരുഷിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം 

ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിൽ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്ന് ആവശ്യം മുറുകുന്നു. രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ രാവണകഥാപാത്രമായാണ് സെയ്ഫ് എത്തുന്നത്. രാവണനോട് ചിത്രത്തിനുള്ള സമീപനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞ വാക്കുകളാണ് പ്രതിഷേധത്തിന് വഴിവച്ചത്. 

മാനുഷികമായ കണ്ണോടെ രാവണനെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്‍ഫ് പറഞ്ഞത്. #WakeUpOmraut , #BoycottAdipurush എന്ന ഹാഷ്ടാ​ഗുകളോടെയാണ് സെയ്ഫിനെതിരേയുള്ള പ്രതിഷേധം. "ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് വളരെ കൗതുകമുള്ള കാര്യമാണ്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ മറ്റൊരു കാഴ്ചപ്പാടിലൂടെ ചിത്രത്തിൽ അവതരിപ്പിക്കും. രാവണന്റെ സഹോദരി ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്‍മണൻ ഛേദിച്ചതല്ലേ"- സെയ്‍ഫ് അഭിമുഖത്തിൽ ചോദിച്ചു. 

ചിത്രത്തിൽ സെയ്ഫിന് പകരം റാണ ദ​ഗ്​ഗുബാട്ടി, യഷ് തുടങ്ങിയ തെന്നിന്ത്യൻ നടൻമാരെ പരി​ഗണിക്കണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. 2022-ൽ റിലീസിന് തയ്യാറെടുക്കുന്ന സിനിമ ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ ഭാഷകൾക്കുപുറമേ  വിദേശ ഭാഷകളിലും ആദിപുരുഷ് ഡബ് ചെയ്യും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com