ട്രാൻസ്, കെട്ട്യോളാണ് എൻറെ മാലാഖ, കപ്പേള ഇന്ത്യൻ പനോരമയിൽ, മലയാളത്തിൽ നിന്ന് ആറ് ചിത്രങ്ങൾ 

23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്
കപ്പേള, ട്രാൻസ്, കെട്ട്യോളാണ് എൻറെ മാലാഖ പോസ്റ്റർ/ ഫേയ്സ്ബുക്ക്
കപ്പേള, ട്രാൻസ്, കെട്ട്യോളാണ് എൻറെ മാലാഖ പോസ്റ്റർ/ ഫേയ്സ്ബുക്ക്

​ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ പനോരമയിലേക്ക് മലയാളത്തിലെ ആറ് സിനിമകളെ തെരഞ്ഞെടുത്തു. അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവുമാണ് പട്ടികയിൽ ഇടംനേടിയത്. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പട്ടിക പുറത്തുവിട്ടത്.

ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ 'ട്രാൻസ്', ആസിഫ് അലി നായകനായെത്തിയ നിസാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എൻറെ മാലാഖ', മുഹമ്മദ് മുസ്‍തഫ സംവിധാനം ചെയ്ത 'കപ്പേള', പ്രദീപ് കാളിപുറം സംവിധാനം ചെയ്ത 'സേഫ്', സിദ്ദിഖ് പരവൂരിൻറെ 'താഹിറ' എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിൽ ഇടംനേടിയത്. ശരൺ വേണുഗോപാലിൻറെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ഇടംപിടിച്ച ചിത്രം. ഇതിൽ കപ്പേള മുഖ്യധാര സിനിമകളിലാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പട്ടികയിൽ മലയാളത്തിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങളുള്ളത്. 3 മറാഠി സിനിമകളും 2 വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചിട്ടുണ്ട്.  ജനുവരിയിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്. ജനുവരി 16 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ, ഹൈബ്രിഡ് ഫോർമാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com