'സ്വന്തം സമുദായത്തിൽ നിന്നു വിവാഹം കഴിക്കണമെന്ന് കുട്ടിക്കാലത്തുതന്നെ പറയുമായിരുന്നു, അല്ലാത്തവരെ ഒരു ചടങ്ങിൽ പോലും പങ്കെടുപ്പിക്കില്ല'; തുറന്നു പറഞ്ഞ് സായ് പല്ലവി

അന്യ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവരോട് മറ്റുള്ളവർ ഇടപഴകുകയോ ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയോ ചെയ്യില്ലെന്നാണ് താരം പറയുന്നത്
സായ് പല്ലവി /ഫയൽ ചിത്രം
സായ് പല്ലവി /ഫയൽ ചിത്രം

മൂഹത്തിലെ ദുരഭിമാനക്കൊലകളെക്കുറിച്ച് ചിത്രമാണ് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്ത തമിഴ് ആന്തോളജി പാവ കഥൈകൾ. സമൂഹത്തിന്റേയും കുടുംബത്തിന്റേയും ദുരഭിമാന ബോധത്തിൽ ഇല്ലാതായിപ്പോവുന്ന ജീവിതങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത ഊർ ഇരവ് വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സായ് പല്ലവിയും പ്രകാശ് രാജും പ്രധാന വേഷത്തിലെത്തിയ ചിത്രം പറയുന്നത് അന്യ സമുദായത്തിൽ നിന്ന് വിവാഹം കഴിഞ്ഞ മകളുടേയും അച്ഛന്റേയും കഥയാണ്. ഇപ്പോൾ സ്വന്തം സമുദായത്തിലെ ജാതീയതയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സായി. 

അന്യ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നവരോട് മറ്റുള്ളവർ ഇടപഴകുകയോ ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയോ ചെയ്യില്ലെന്നാണ് താരം പറയുന്നത്. വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നില്ലെങ്കിലും വിവേചനം നിലനിൽക്കുന്നുണ്ട്. ചെറുപ്പം മുതൽ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് പറയുമായിരുന്നെന്നും താരം വ്യക്തമാക്കി. ഇതേക്കുറിച്ച് അച്ഛനോട് സംസാരിച്ചിട്ടുണ്ടെന്നും താരം പറയുന്നു. 

ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ തന്നെ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു.കുറെ പേര്‍ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അതിന് ശേഷം അവരാരും തന്നെ കോട്ടഗിരിയില്‍ ഹാട്ടിയില്‍ താമസിക്കുന്നില്ല. നിങ്ങള്‍ ബഡാഗ സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുള്ളവര്‍ നിങ്ങളെ വേറൊരു രീതിയിലാണ് കാണുക. അവര്‍ നിങ്ങളോട് ഇടപഴകില്ല, ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിങ്ങളെ ക്ഷണിക്കില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് പോലും പോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടാകില്ല. ഇത് അവരുടെ ജീവിതരീതിയെ തന്നെ ബാധിക്കാം. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ല.- സായ് പല്ലവി പറയുന്നു. 

പാവൈ കഥൈകൾ ചെയ്തതിന് ശേഷം അച്ഛനോട് സമൂഹത്തിലെ വിവേചനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ സമൂഹത്തിന്റെ ഭാ​ഗമല്ലേ എന്നാണ് മറുപടി ലഭിച്ചത്. എനിക്ക് എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കേണ്ടി വരും. മറ്റ് സമുദായങ്ങളെപ്പറ്റി എനിക്ക് അറിയില്ലായിരിക്കാം പക്ഷെ എന്റെ സമുദായത്തെക്കുറിച്ച് എനിക്ക് അറിയാമെന്ന് അച്ഛനോട് പറഞ്ഞു. സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു അച്ഛന്റെ മറുപടി. സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും ഇതു പറഞ്ഞ് ഒരാളെ നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. ഇത് വല്ലാതെ അസ്വസ്ഥത പെടുത്തുന്ന കാര്യമാണെന്നും ഞാന്‍ പറഞ്ഞു. അച്ഛന്‍ എന്റെയും സഹോദരിയുടെയും കാര്യത്തില്‍ സ്വതന്ത്രമായി ചിന്തിക്കുമെങ്കിലും മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് പൊതുവായി പറയുമ്പോള്‍ അത് അങ്ങനെയാണെന്നും, അതൊന്നും അദ്ദേഹത്തിന് മാറ്റാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്' താരം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com