'ഇനി ഒന്നും ചെയ്യാനില്ല', രജനീകാന്ത് പിന്മാറിയതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് ഉപദേശകൻ

ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മണിയൻ അറിയിച്ചത്
രജനീകാന്ത്, തമിഴരുവി മണിയൻ/ ട്വിറ്റർ
രജനീകാന്ത്, തമിഴരുവി മണിയൻ/ ട്വിറ്റർ

ചെന്നൈ; സൂപ്പർതാരം രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു. ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മണിയൻ അറിയിച്ചത്. എന്നാൽ രജനീകാന്തിന്റെ പിന്മാറ്റമാണോ രാഷ്ട്രീയം ഉപേക്ഷിക്കാൻ കാരണമെന്ന് വ്യക്തമാക്കിയില്ല. 

കാമരാജിന്റെ പ്രവർത്തനങ്ങൾ കണ്ടാണ് രാഷ്ട്രീയത്തിൽ എത്തിയതെന്നും സത്യസന്ധർക്ക് സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തിൽ ഇനി ഒന്നുംതന്നെ ചെയ്യാനില്ലെന്നും മണിയൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഗാന്ധി മക്കൾ ഇയക്കം പാർട്ടിസ്ഥാപകനായ ഇദ്ദേഹം കോൺഗ്രസ്, ജനതാപാർട്ടി, ജനതാദൾ, ലോക്ശക്തി എന്നി പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് തമിഴരുവി മണിയൻ. ഡിസംബർ മൂന്നിനാണ് പുതിയ പാർട്ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്. 

അതേസമയം പാർട്ടി കോ-ഓർഡിനേറ്ററായി നിയമിച്ച അർജുനമൂർത്തി, രജനീകാന്തിനൊപ്പം തുടരുമെന്ന് വ്യക്തമാക്കി. പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചത്. എന്നാൽ ആരോ​ഗ്യനില മോശമായതോടെ തീരുമാനത്തിൽ നിന്ന് താരം പിന്മാറുകയായിരുന്നു. ആരോ​ഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്നും വാക്കുപാലിക്കാൻ സാധിക്കാത്തതിൽ കടുത്ത വേദനയുണ്ടെന്നും  രജനീകാന്ത് പറഞ്ഞിരുന്നു. 

അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ, രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സ തേടിയ രജനികാന്ത് ഇന്നലെയാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്നാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയ ഉപദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ രജനികാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com