'ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ, ഇതാണ് എനിക്കിഷ്ടം'; യേശുദാസുമായി ശബ്ദസാമ്യമുണ്ടായിരുന്ന അനുജന്‍

ജസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
'ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ, ഇതാണ് എനിക്കിഷ്ടം'; യേശുദാസുമായി ശബ്ദസാമ്യമുണ്ടായിരുന്ന അനുജന്‍

യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുകാലത്ത് സംഗീത ലോകത്ത് സഹോദരനൊപ്പം നിറഞ്ഞു നിന്നിരുന്ന ജസ്റ്റിന്‍ പതിയെ ഏകാന്തതയിലേക്ക് ഉള്‍വലിയുകയായിരുന്നു. മകന്റെ അകാലമരണമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആഘാതം ഏല്‍പ്പിച്ചത്. ഇപ്പോള്‍ ജസ്റ്റിനുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗാന നിരൂപകന്‍ രവി മേനോന്‍. നല്ലൊരു ഗായകനായിരുന്നു അദ്ദേഹമെന്നും എന്നാല്‍ പിന്നീടെപ്പോഴോ സംഗീതത്തില്‍ നിന്നകലുകയായിരുന്നു എന്നുമാണ് രവി മേനോന്‍ കുറിച്ചത്.

രവി മേനോന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോള്‍ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിന്‍ പറഞ്ഞു: ഭഭഎന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓര്‍മ്മയിലില്ല...''

യേശുദാസിനെ കുറിച്ചുള്ള 'അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയില്‍ പത്തു വര്‍ഷം മുന്‍പാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളില്‍ പാടിയിട്ടുള്ള ജസ്റ്റിന്‍ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാന്‍ പലര്‍ക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ ജസ്റ്റിന്‍ പറഞ്ഞു: ''ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....''

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിന്‍. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധര്‍വന്റെ അമേരിക്കന്‍ പര്യടനത്തില്‍ വരെ പങ്കെടുത്തിട്ടുള്ള ആള്‍. പിന്നീടെപ്പോഴോ ജസ്റ്റിന്‍ സംഗീതത്തില്‍ നിന്നകന്നു; സംഗീതം ജസ്റ്റിനില്‍ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തില്‍ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സില്‍ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു....
ആദരാഞ്ജലികള്‍, പ്രാര്‍ത്ഥനകള്‍ ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com