വെള്ളേപ്പത്തിന്റെ ക്യാമറാമാനും സംഘവും തീവ്രവാദികളെന്നു വ്യാജപ്രചരണം; സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം വൈറൽ 

 'മോദി രാജ്യം' എന്ന ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് വ്യാജപ്രചരണത്തിന്റെ തുടക്കം
വെള്ളേപ്പത്തിന്റെ ക്യാമറാമാനും സംഘവും തീവ്രവാദികളെന്നു വ്യാജപ്രചരണം; സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം വൈറൽ 

വെള്ളേപ്പം എന്ന ചിത്രത്തിന്റെ  ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനും നേരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം. തമിഴ്‌നാട്ടിലെ മരുതമലൈയില്‍ വിവാഹ ഷൂട്ടിങ്ങിനു പോയ ഇവരെ തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്  വ്യാജപ്രചരണം നടക്കുന്നത്. ഷിഹാബിനൊപ്പമുള്ള ഷംനാദ് എന്ന ഫോട്ടോഗ്രാഫറുടെ ചിത്രമടക്കം പ്രചരണത്തോടൊപ്പം ഷെയർ ചെയ്യപ്പെടുന്നുണ്ട്. 

തമിഴ്‌നാട് സ്‌പെഷ്യല്‍ബ്രാഞ്ചില്‍ നിന്നും ഫോൺവിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഷിഹാബും സുഹൃത്തുക്കളും കാര്യമറിയുന്നത്. ഈറോഡിലെ വിവാഹം കഴിഞ്ഞ് കോയമ്പത്തൂരിലെ മരുതമലൈയില്‍ ഔട്ട് ഡോര്‍ ഷൂട്ടിങ്ങിനു പോയതാണ് ഇവർ. മരുതമല അമ്പലത്തിനടുത്ത് വെള്ളം കുടിക്കാനിറങ്ങിയപ്പോഴാണ് ഇവരുടെ ഫോട്ടോ എടുത്തിരിക്കുന്നത്. ഫോട്ടോയെടുത്തത് തങ്ങളറിഞ്ഞിരുന്നില്ലെന്ന് ഇവർ പറയുന്നു. 

 'മോദി രാജ്യം' എന്ന ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് വ്യാജപ്രചരണത്തിന്റെ തുടക്കം. തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ എന്നയാളാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടയിൽ ഒരു വാഹനം കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ടവരാണെന്നും പോസ്റ്റിൽ പറയുന്നു. അവര്‍ തീവ്രവാദികളായിരിക്കുമെന്നും എന്‍ ഐ എ ടാഗ് ചെയ്യൂ എന്നെല്ലാമാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ. 

പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന വണ്ടി നമ്പർ ട്രാക്ക് ചെയ്താണ് പൊലീസ് വിളിച്ചത്. വിവാഹവര്‍ക്ക് ഏല്‍പ്പിച്ചവര്‍ പോസ്റ്റിട്ട വ്യക്തിയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റ് ഡിലീറ്റ് ചെയ്യിപ്പിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിനു പരാതി നല്‍കാൻ ഒരുങ്ങുകയാണ് ഷിഹാബ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com