കറുത്ത ​ഗൗണിൽ സ്വർണനൂലുകൾ കൊണ്ട് അവരുടെ പേരുകൾ; ഓസ്കർ വേദിയിൽ നടി നതാലിയുടെ പ്രതിഷേധം 

മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനില്‍ നിന്ന് വനിതാ സംവിധായകരെ തഴഞ്ഞതിനെതിരെയായിരുന്നു നതാലിയുടെ പ്രതിഷേധം
കറുത്ത ​ഗൗണിൽ സ്വർണനൂലുകൾ കൊണ്ട് അവരുടെ പേരുകൾ; ഓസ്കർ വേദിയിൽ നടി നതാലിയുടെ പ്രതിഷേധം 

92-ാം ഓസ്കർ ചടങ്ങിൽ പുരസ്കാരദാനവും കരഘോഷവും അം​ഗീകാരങ്ങളും മാത്രമല്ല പ്രതിഷേധസ്വരങ്ങളും സ്ഥാനം പിടിച്ചുകഴിഞ്ഞു. നടിയും മുന്‍ ഓസ്‌കര്‍ ജേതാവുമായ നതാലി പോര്‍ട്ട്മാന്‍ ആണ് ശക്തമായ പ്രതിഷേധവുമായി ഓസ്കർ റെഡ് കാർപെറ്റിലൂടെ നടന്നുനീങ്ങിയത്. മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനില്‍ നിന്ന് വനിതാ സംവിധായകരെ തഴഞ്ഞതിനെതിരെയായിരുന്നു നതാലിയുടെ പ്രതിഷേധം. 

ഫാഷൻ ലോകം കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്ന ഓസ്കർ റെഡ് കാർപെറ്റിലൂടെ തന്റെ പ്രതിഷേധം വിളിച്ചുപറയുന്ന വസ്ത്രം ധരിച്ചാണ് നതാലി ചുവടുവച്ചത്. മികച്ച സംവിധാനത്തിനുള്ള നോമിനേഷനില്‍ നിന്ന് തഴയപ്പെട്ട എട്ട് വനിതാ സംവിധായകരുടെ പേരുകൾ സ്വർണ്ണനിറത്തിലുള്ള നൂലുകൾ കൊണ്ട് തന്റെ വസ്ത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട് നതാലി. നതാലിയുടെ കറുത്ത ​ഗൗണിൽ ആ എട്ട് പേരുകൾ തിളങ്ങിനിൽക്കുന്നു.  

ലോറന്‍ സ്‌കഫാരിയ (ഹസ്ലേഴ്സ്), ലുലു വാങ് (ദി ഫേര്‍വെല്‍), ഗ്രേറ്റ ഗെര്‍വിഗ് (ലിറ്റില്‍ വിമന്‍), മാറ്റി ഡിയോപ് (അറ്റ്‌ലാന്റിക്‌സ്), മാരിയെല്ലെ ഹെല്ലെര്‍ (എ ബ്യൂട്ടിഫുള്‍ ഡെ ഇന്‍ ദി നെയ്ബര്‍ഹുഡ്), മെലിന മാറ്റ്‌സൗകാസ് (ക്യൂന്‍ ആന്‍ഡ് സ്ലിം), അല്‍മ ഹാരെല്‍ (ഹണിബോയ്), സെലിനെ ഷ്യാമ (പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍), എന്നീ എട്ട് സംവിധായകരുടെ പേരുകളാണ് നതാലി ഗൗണില്‍ ചേർത്തിരുന്നത്. 2019ൽ തങ്ങളുടെ ചിത്രങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടിയിട്ടും ഇവരുടെ പേരുകൾ തഴയപ്പെട്ടു. ഓസ്കറിലെ മികച്ച സംവിധായകരുടെ നാമനിർദ്ദേശത്തിൽ ഒരു വനിതാ സംവിധായകയുടെ പേര് പോലും ഉയർന്നില്ല എന്നത് ശ്രദ്ധേയമാണ്. 

ഓസ്കറിൽ മികച്ച സംവിധായകനുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയ അഞ്ച് പേരും പുരുഷന്മാരാണ്. ടോഡ് ഫിലിപ്‌സ് (ജോക്കര്‍), സാം മെന്‍ഡെസ് (1917), ക്വെന്റിന്‍ ടറന്റിനോ (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്), മാര്‍ട്ടിന്‍ സ്‌കോര്‍സെസെ (ദി ഐറിഷ്മാന്‍), ബോന്‍ ജൂന്‍ ഹോ (പാരസൈറ്റ്) എന്നിവരായിരുന്നു പട്ടികയിലുള്ളത്. ഇതിൽ  ബോന്‍ ജൂന്‍ ഹോയാണ് ഇക്കുറി ഓസ്കർ നേടിയത്. 2010ല്‍ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ച നടിയാണ് പോര്‍ട്ട്മാന്‍.‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com