നീ എവിടേക്കാണ് യാത്ര പോയത്! 'മരിക്കില്ല നീ - മറക്കില്ല ഞങ്ങൾ'; ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് സുധീര 

ആസ്വാദകരുടെ മനം കവർന്ന അതുല്യപ്രതിഭയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് എഴുത്തുകാരി കെ പി സുധീര
നീ എവിടേക്കാണ് യാത്ര പോയത്! 'മരിക്കില്ല നീ - മറക്കില്ല ഞങ്ങൾ'; ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് സുധീര 

ഗിരീഷ് പുത്തഞ്ചേരി എന്ന അവിസ്മരണീയ പ്രതിഭ ഓർമയായിട്ട് ഇന്നേക്ക് പത്തുവർഷം. രണ്ടുപതിറ്റാണ്ടുകാലം മലയാള സിനിമയ്ക്ക് ഭാവഗാനങ്ങള്‍ സമ്മാനിച്ച് ആസ്വാദകരുടെ മനം കവർന്ന ആ അതുല്യപ്രതിഭയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി കെ പി സുധീര.

മാനവികതയുടെ ആത്മാവിൽ ലഹരിയുൽപാദിക്കുന്ന രാസ വിദ്യ അറിഞ്ഞ കവേ! എന്നാണ് ​ഗിരീഷിനെ സുധീര അഭിനംബോധന ചെയ്യുന്നത്. ​ഗിരീഷുമായി ഏറെ സൗഹൃദം പുലർത്തിയിരുന്നു സുധീരയുടെ വാക്കുകളിൽ നിറയുന്നത് ​അദ്ദേഹത്തിന്റെ ഗാനങ്ങളുടെ സപ്ത വർണങ്ങൾ തന്നെയാണ്. 

സുധീര ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

സ്വന്തം സർഗ്ഗാത്മകതയിൽ അതിരറ്റ വിശ്വാസമുണ്ടായിരുന്ന ഗിരീഷ് പുത്തഞ്ചേരി. ഗാനങ്ങളുടെ, ആഘോഷങ്ങളുടെ കൊടുമയിൽ പാനപാത്രം ശബ്ദഘോഷങ്ങളോടെ തച്ചുടച്ച് രംഗത്ത് നിന്ന് നിഷ്ക്രമിച്ചു. അവന്റെ അന്തരാത്മാവ് മൗനമായി, അഗ്നി പോലെ ആളിക്കത്തുകയായിരുന്നു. ജീവിതവിഷാദത്തിന്റെ മാരക വിഷം കുടിച്ച് ആ സർഗധനൻ വീണുടഞ്ഞ സൂര്യകിരീടത്തെക്കുറിച്ച്, ആകാശദീപങ്ങൾ സാക്ഷിയാക്കി, വെൺശംഖ് പോലുള്ള ഹൃദയത്തിന്റെ തീരാ വ്യഥകൾ പിന്നേയും പിന്നേയും നമ്മോട് പറഞ്ഞു കൊണ്ടിരുന്നു. മനസ്സിന് മേൽ നായകത്വം നേടിയ പ്രിയ സുഹൃത്തേ നീ നിന്നിൽ തന്നെ സ്വയം അലങ്കോലപ്പെട്ടു കിടക്കയായിരുന്നു.
നമ്മുടെ സൗഹൃദത്തിന് ആയിരം ഓർമകളുണ്ട്. സ്നേഹപരിഭവങ്ങളുടെ കാർമേഘങ്ങളുണ്ട്. എന്നാൽ അവയ്ക്കെല്ലാം ആർജ്ജവം നിറഞ്ഞ ഒരു ആത്മാവിന്റെ അപരിമേയ പരിമളം!
മാനവികതയുടെ ആത്മാവിൽ ലഹരിയുൽപാദിക്കുന്ന രാസ വിദ്യ അറിഞ്ഞ കവേ! അനുപമ സുന്ദരങ്ങളായ ഗാനങ്ങളുടെ സപ്ത വർണങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് കുടഞ്ഞിട്ട് നീ എവിടേക്കാണ് യാത്ര പോയത്! ഞങ്ങളുടെയെല്ലാം ജീവിതത്തിന്റെ തെരുവോരത്തുകൂടെ എന്നും നടന്നു പാടുന്ന കിന്നര ഗായക! മരിക്കില്ല നീ-
മറക്കില്ല ഞങ്ങൾ'

കെ.പി.സുധീര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com