ബ്രാഡ് പിറ്റ് മികച്ച സഹനടന്‍ ; ചരിത്രം കുറിച്ച് പാരസൈറ്റ് , മികച്ച തിരക്കഥ ; ഓസ്‌കര്‍ പ്രഖ്യാപനം തുടങ്ങി

മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ടോയ് സ്‌റ്റോറി-4 കരസ്ഥമാക്കി
ബ്രാഡ് പിറ്റ് മികച്ച സഹനടന്‍ ; ചരിത്രം കുറിച്ച് പാരസൈറ്റ് , മികച്ച തിരക്കഥ ; ഓസ്‌കര്‍ പ്രഖ്യാപനം തുടങ്ങി

ലോസ് ആഞ്ജല്‍സ് : 92ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു.  ലോസ് ആഞ്ജല്‍സിലെ ഡോള്‍ബി സ്റ്റുഡിയോയിലാണ് ഓസ്‌കര്‍ പ്രഖ്യാപിക്കുന്നത്. മികച്ച സഹനടനായി ബ്രാഡ് പിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ടോം ഹാങ്ക്‌സ്, ആന്തണി ഹോപ്കിന്‍സ്, അല്‍ പാച്ചിനോ, ജോ പെസി എന്നിവരെയാണ് ബ്രാഡ് പിറ്റ് മറികടന്നത്.

മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ടോയ് സ്‌റ്റോറി-4 കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവ് സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ബോങ്ജു ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മികച്ച തിരക്കഥയ്ക്ക് പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ഇതുവരെ ഒരു വിദേശഭാഷാ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയിട്ടില്ല.

മികച്ച അവലംബിത തിരക്കഥ ജോജോ റാബിറ്റ് നേടി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും തായ്ക വൈറ്റിറ്റാണ്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ നൈബേഴ്‌സ് വിന്‍ഡോ സ്വന്തമാക്കി. മികച്ച സഹനടിയായി ലോറ ഡേണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം മാര്യേജ് സ്‌റ്റോറി. കാത്തി ബേറ്റ്‌സ്, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍, ഫ്‌ളോറസ് പഗ്, മാര്‍ഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. മികച്ച വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്‍. ചിത്രം ലിറ്റില്‍ വിമന്‍. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: അമേരിക്കന്‍ ഫാക്ടറി. മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍.

പുരസ്‌കാര പട്ടികയില്‍ 11 നാമനിര്‍ദ്ദേശങ്ങളുമായി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കറാണ് ഒന്നാമത്. മികച്ച നടന്‍, മികച്ച സിനിമ, മികച്ച സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോക്കര്‍ മാറ്റുരയ്ക്കുന്നു. കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാപ്രിയോയും മികച്ച നടനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നു. 2015 ല്‍ റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു.

വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ ഹോളിവുഡും, 1917 ഉം 10 നാമനിര്‍ദ്ദേശങ്ങള്‍ വീതം നേടി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറും മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌കാര്‍ലറ്റ് ജൊഹാണ്‍സനും മികച്ച നടിയക്കുള്ള മത്സരത്തിനായി മാറ്റുരയ്ക്കുന്നു. ജൂഡിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 77ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയത് റീനി സെല്‍വെഗറായിരുന്നു

ജോക്കറിലെ അഭിനയത്തിന് വാക്കീന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നാല് തവണ ഓസ്‌കര്‍ നാമനിര്‍ദ്ദേശം നേടിയ ഫീനിക്‌സ് ഇത്തവണ പുരസ്‌കാരം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com