അയ്യപ്പനും കോശിയും അഥവാ ഒരാന മദമിളകിയ കഥ; റിവ്യൂ

അയ്യപ്പനും കോശിയും അഥവാ ഒരാന മദമിളകിയ കഥ; റിവ്യൂ
അയ്യപ്പനും കോശിയും അഥവാ ഒരാന മദമിളകിയ കഥ; റിവ്യൂ

യം എന്ന വികാരം മനുഷ്യ ജീവിതത്തിൽ പലവിധത്തിലാണ്‌ ഇടപെടുന്നത്.എക്കാലത്തും ഭയം അധികാരത്തിന്റെ പ്രിയപ്പെട്ട ആയുധങ്ങളിൽ ഒന്നാണല്ലോ . ആനയുടെ കാലിൽ ചാരി വച്ച തോട്ടി പോലെ അധികാരം അതിന് തോന്നുന്നിടത്തെല്ലാം തോട്ടി ചാരിവെയ്ക്കുന്നു. ആ മൂർച്ചയെ ഭയന്ന് എല്ലാ ആനകളും/മനുഷ്യരും കാടിളക്കി മറിക്കുന്ന തന്റെ ചരിത്രത്തെ മറന്ന് തല താഴ്ത്തി അധികാരമുള്ളവർക്ക് വിധേയനായി നിൽക്കുന്നു. എന്നാൽ ഓർമ്മയിൽ കാടുള്ള മൃഗത്തെ എങ്ങനെ തളയ്ക്കും? അസാധ്യമാണത്. അയ്യപ്പനും കോശിയും എന്ന സിനിമ അടിമുടി ഇത്തരത്തിൽ ഒരു ആനക്കളിയാണ്.

സിനിമയുടെ തുടക്കം മുതൽ അദൃശ്യനായ ഒരാന നമ്മെ പിന്തുടരുന്നത് കാണാം. ആദ്യ ഷോട്ടുകളിൽ തന്നെ ആനയിറങ്ങുന്ന വഴിയാണ് എന്ന അപായ സൂചന സിനിമ നമുക്ക് തരുന്നുണ്ട്, ആ സൂചനയെ നിസ്സാരമാക്കി കോശിയോടൊപ്പം നമ്മളും ചുരം കയറുന്നു...
പാതിരാത്രിയിൽ അട്ടപ്പാടിയിലെ വനമേഖലയിലൂടെ ആനത്താരി വഴിയുള്ള യാത്രയിൽ പാതിമയക്കത്തിൽ കോശി അയാളുടെ ഡ്രൈവറോട് പറയുന്നുണ്ട് ആനയെ കണ്ടാൽ നിർത്തിക്കോ ഞാൻ ഓടിക്കാം.
ആനയെയോ? എന്ന് ഡ്രൈവർ തിരിച്ചു ചോദിക്കുമ്പോൾ അല്ലടോ വണ്ടി എന്ന് ചെറിയൊരു പേടിയോടെ കോശി പറയുന്നത് മുതൽ ആന എന്ന പ്രതീകം പ്രവർത്തിച്ചു തുടങ്ങുന്നു.

ആർക്കാണ് കാട്ടാനയെ പേടി? കാടിനല്ല. മറിച്ച് നാടിനാണ്. കാടിനവൻ പാവം വറുമൊരു ആനയാണ്. രാത്രി ചെക്കിങ്ങിനിടെ ആനയുടെ അലർച്ച കേൾക്കുമ്പോൾ ചിരപരിചിതനായ അയൽവാസിയെ തിരിച്ചറിഞ്ഞ പോലെ പോലീസുകാരൻ പറയുന്നുണ്ട് അത് പാവം ഒരു ഉപദ്രവവും ഉണ്ടാക്കാതെ പോയ്ക്കോളുമെന്ന്.

അപ്പനെ പേടിച്ച് വളർന്നുവന്ന, പ്രീഡിഗ്രി തോറ്റ, കോശിയെന്ന മനുഷ്യന് കൈമുതലായുള്ളത് പണവും , അധികാര ബന്ധങ്ങളും, അതിൽ അഭിരമിക്കുന്ന അയാളുടെ ജീവീതവും മാത്രമാണ്. പട്ടാളക്കാരനായിരുന്നു എന്ന ചരിത്രം പോലും ക്വർട്ടയായി കിട്ടുന്ന കുപ്പിയിൽ അല്ലാതെ അയാളിൽ തെല്ലും അവശേഷിക്കുന്നില്ല.
പൊള്ളയായ അയാളുടെ അഹങ്കാരം അയ്യപ്പനെന്ന പോലീസുകാരന്റെ ജോലി ഇല്ലാതാക്കുമ്പോഴാണ് കോശി തിരിച്ചറിയുന്നത് അയ്യപ്പനെന്ന കാട്ടാനയെ തളച്ച തോട്ടിയായിരുന്നു അയാളുടെ പോലീസ് കുപ്പായമെന്ന്. യഥാർത്ഥത്തിൽ അയ്യപ്പനെ വാരിക്കുഴി വെട്ടി വീഴ്ത്തുകയല്ല മറിച്ച് അയാളിലെ വന്യമായ കാടിനെ ഉണർത്തുകയായിരുന്നുവെന്ന്.

ജോലി നഷ്ടപ്പെട്ട ദിവസം വന്യമായ ശാന്തതയോടെ ഒരാനയെ പോലെ പതിയെ നടന്നു വന്ന് കുട്ടമണിയെന്ന നാട്ടിലെ ശത്രു വിനോട് അയ്യപ്പൻ ചോദിക്കുന്നുണ്ട് യുണിഫോമിൽ നിന്നിറങ്ങിയാൽ എനിക്ക് തരാൻ നീ പഴുപ്പിക്കുന്ന കുലയെവിടെയെന്ന്? അതിന്റെ മറുപടി ആലോചിക്കും മുമ്പ് അയ്യപ്പനെന്ന മദയാന അയാളെ കാലിൽ ചുരുട്ടി നിലത്തടിക്കുന്നു. എന്നിട്ടും അരിശം തീരാതെ തന്റെ ഇരുമ്പ് തുമ്പിക്കൈ കൊണ്ട് (ജെസിബി ) കുട്ടമണിയുടെ അനധികൃത കൊട്ടിടം ഇടിച്ചു തകർത്ത് അയാളെ വാരിയെടുത്ത് കൊക്കയിൽ ഏറിയാൽ നോക്കുന്നുണ്ട്. അപ്പോഴാണ് കോശി, അയ്യപ്പനെയും അയാളുടെ മദപ്പാടിനെയും അടുത്ത് നിന്നും അറിയുന്നത്. ചോരയിൽ ഊറികിടക്കുന്ന ഭയം കലങ്ങിമറിഞ്ഞ് കോശിയുടെ ഉടൽ മുഴുവൻ പടരുമ്പോൾ. ആന ചവിട്ടി കൊന്ന കഥകൾ പറയും പോലെ സി ഐ സതീശൻ കോശിയോട് അയ്യപ്പന്റെ കഥ പറയുന്നു. മുണ്ടുർ പൂരത്തിന് ഇരുപത്തിയൊന്നു പാണ്ടികളെ നെഞ്ച് ഞെരിച്ചു കൊന്ന അയ്യപ്പൻകുമ്മാട്ടിയെ കുറിച്ച്, മുണ്ടുർ മാടനെക്കുറിച്ച്.

പിന്നീടണ്ടോട്ട് ഭയത്തെ മറയ്ക്കാനുള്ള കോശിയുടെ പരക്കം പാച്ചിലാണ് അയാളുടെ എല്ലാ സ്വാധീനങ്ങളും നിസ്സാരമാവുകയാണ്, കാട്ടിൽ ഒറ്റയ്ക്കായകോശി നടന്ന് തളർന്നു വരുമ്പോൾ മുന്നിൽ കണ്ട ആനപ്പിണ്ഡവും മൂത്രവും അയാളെ ഭയപെടുത്തുന്നു. ആ നിമിഷം ആനയ്ക്ക് പകരം അയ്യപ്പൻ തന്റെ ബുള്ളറ്റിൽ കോശിക്ക് മുന്നിൽ എത്തുന്നുണ്ട്. ഇനിയും നടക്കാനുള്ള ദൂരത്തെ അയ്യപ്പൻ അയാളെ ഓർമിപ്പിക്കുന്നു. തൊട്ട് പിന്നിൽ നിന്നുമുള്ള ആനയുടെ ചിന്നം വിളി പോലെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് കോശി ഞെട്ടുന്നുണ്ട്.

ഒടുവിൽ കോശി തന്റെ പൊള്ളയായ അധികാര പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. എല്ലാത്തിനും ഒടുക്കം പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ താടി വടിക്കരുത് എന്ന് പറഞ്ഞു കൊണ്ട്
മരിക്കാൻ തയ്യാറായി കോശി അയ്യപ്പനാനയുടെ മുന്നിലേക്ക് തനിച്ച് ചെല്ലുന്നു. ആന കുത്താൻ വന്നാൽ വളഞ്ഞോടണം എന്നത് പോലെ അയ്യപ്പന്റെ പൂട്ടിൽ നിന്നും രക്ഷപെടാൻ സി ഐ സതീശൻ കോശിക്ക് ഉപദേശം നൽകുന്നുണ്ട്. കാട് ഒരു മനുഷ്യനെ പുതിയൊരാളാക്കും പോലെ ഭയപ്പെടുത്തും പോലെ അയ്യപ്പൻ കോശിയെ അടിമുടി ഇളകുന്നു. കോശിക്കിനി പഴയ കോശിയാവാൻ കഴിയില്ല.തന്റെ ധാർഷ്ട്യം വീണ്ടും തലപൊക്കിയാൽ അയാൾക്ക് കേൾക്കാം ചെവി തുളയ്ക്കുന്ന ഒറ്റയാന്റെ ചിന്നംവിളി.

സച്ചിയുടെ തിരക്കഥയും, ബിജു മേനോൻ എന്ന നടന്റെ ആഴവുമാണ് സിനിമയുടെ ഹൈലൈറ്. അനിൽ നെടുമങ്ങാട്, ധന്യ (കൺസ്റ്റബിൾ ജെസ്സി ), കണ്ണമ്മ, പ്രിത്വിരാജ്, ഡ്രൈവർ കുമാരൻ തുടണ്ടി മികച്ച പ്രകടം കാഴ്ച വച്ച ഒരുകൂട്ടം നടീനടന്മാർ കൂടിയാകുമ്പോൾ സിനിമ ശക്തമാവുന്നു, കച്ചവട സിനിമകളിൽ കണ്ടുവരാത്ത രാഷ്ട്രീയ നിലപാടുകൾ മുന്നോട്ട് വെയ്ക്കാനുള്ള ശ്രമവും പ്രധാന്യമർഹിക്കുന്നു. സംവിധായൻ എന്ന നിലയിൽ തിരക്കഥയുടെ സാധ്യത കളെ കുറേക്കൂടി സർഗാത്മകമായി അവതരിപ്പിച്ചിരുന്നെങ്കിൽ അയ്യപ്പനും കോശിയും കാലത്തെ മറികടക്കും വിധം അടയാളപ്പെടുത്തിയേനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com