'ഞാന്‍ സ്മാര്‍ട്ടായില്ലേ?'; പ്രായത്തിന്റെ അവശതയെ വകവെയ്ക്കാതെ മകന്റെ സത്യപ്രതിജ്ഞ കാണാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

ഇളയ മകന്‍ 'കുഞ്ഞ്' ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാനാണ് പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ ഉണ്ണികൃഷ്ണന്‍ വന്നത്
മകന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍
മകന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍

കൊച്ചി: 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും അദ്ദേഹം വകവെച്ചില്ല. പയ്യന്നൂരിലെ കോറോത്തുനിന്ന് നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ബുധനാഴ്ച എറണാകുളത്തെത്തി. ഇളയ മകന്‍ 'കുഞ്ഞ്' ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാനാണ് പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ ഉണ്ണികൃഷ്ണന്‍ വന്നത്. വയലറ്റ് നിറമുള്ള സില്‍ക്ക് ഷര്‍ട്ടിട്ട് രാവിലെത്തന്നെ അദ്ദേഹം സ്മാര്‍ട്ടായി ഒരുങ്ങിയിരുന്നു. കാണാനെത്തിയവരോടും അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു 'എന്താ താന്‍ സ്മാര്‍ട്ടായിട്ടല്ലേ ഇരിക്കുന്നത്' എന്ന്.

താന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനാണ് അച്ഛനെ ചക്രക്കസേരിയില്‍ ഇരുത്തി പി വി കുഞ്ഞികൃഷ്ണന്‍ വടുതലയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അതിനുമുമ്പ് നിറഞ്ഞമനസ്സോടെ മകന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. അതിനിടെ അച്ഛന്റെ കാല്‍ക്കല്‍ നമസ്‌കരിക്കാനും മകന്‍ മറന്നില്ല. 'ദേശാടന'ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇവിടെ സ്‌നേഹനിധിയായ അച്ഛനായി.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറയുമ്പോള്‍ സദസ്സിലെ മുന്‍നിരയില്‍ പ്രാര്‍ഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതില്‍ ബിരുദമെടുക്കാന്‍ കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന കാലം. ആയിടയ്ക്കാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായ പി വി കെ നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിര്‍ത്തി വല്യച്ഛന്റെ പാത പിന്തുടരാന്‍ നിര്‍ദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേര്‍ന്നത്.

തിരികെയെത്തി പയ്യന്നൂരില്‍ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോള്‍ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണു നിര്‍ദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം.

അച്ഛനോടുള്ള സ്‌നേഹംകാരണം ആ നിര്‍ദേശങ്ങളെല്ലാം പാലിച്ചു. അതാണ് എന്നും തന്നെ മുന്നോട്ടു നയിച്ചത്. ഈ ചടങ്ങില്‍ അച്ഛന് എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞാവേദിയില്‍ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com