രമ്യ നമ്പീശന്‍ സംവിധായികയാവുന്നു

പിന്നണിയില്‍ മാത്രമല്ല, ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യതന്നെ
രമ്യ നമ്പീശന്‍ സംവിധായികയാവുന്നു

കൊച്ചി: നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ പലതും നഷ്ടപ്പെടേണ്ടിവരും. സിനിമാതാരമായാല്‍ പ്രത്യേകിച്ചും. എന്നാല്‍, അതുകൊണ്ടുമാത്രം നിലപാട് എടുക്കാതിരിക്കാനാകുമായിരുന്നില്ല രമ്യ നമ്പീശന്. സ്വന്തം കൂട്ടുകാരിക്ക് നേരിട്ട ദാരുണമായ അനുഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന നടിക്ക് മലയാളസിനിമയില്‍ പെട്ടെന്നാണ് അവസരങ്ങള്‍ കുറഞ്ഞത്. തമിഴില്‍നിന്നാണ് അവസരങ്ങള്‍ ഏറെയും ലഭിച്ചത്. ഗായിക എന്ന നിലയിലും തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു.  എന്നാല്‍, അടുത്തിടെ ആഷിക് അബുവിന്റെ വൈറസ്, കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാംപാതിര എന്നിവയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ് താരം.

അടുത്തിടെയാണ് താരം സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന ചാനല്‍ നല്ലനിലയില്‍ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെ ഇതാ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുകയാണ് നടി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്  ആദ്യ ഹ്രസ്വചിത്രം. പിന്നണിയില്‍ മാത്രമല്ല, ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നതും രമ്യതന്നെ. രമ്യയുടെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്.

യു ട്യൂബ് ചാനല്‍വീഡിയോകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്രമേഖലയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് രമ്യ പറയുന്നു. പിന്നണി ഗായിക കൂടിയായ രമ്യ സംഗീതവും നൃത്തവും ലഘുചിത്രങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നു. സര്‍ഗാത്മകമായ എന്തിനെയും സഹൃദയരുമായി പങ്കുവയ്ക്കാനുള്ള വേദിയായി ഡിജിറ്റല്‍ മാധ്യമത്തെ ഉപയോഗിക്കുകയാണ് താരം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യ നമ്പീശന്‍ അടുത്തിടെ കോടതിയില്‍ എത്തി മൊഴി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com