'ശൂ...ശൂ... ഡേറ്റ് ഡേറ്റ്',  ചെക്കില്‍ ട്രോളുവെച്ച് സന്ദീപ് വാര്യര്‍; ആഷിക് അബുവിന് പരിഹാസം

ഈ വര്‍ഷം ഫെബ്രുവരി 14 ന് 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നാണ് ചെക്കില്‍ കാണിക്കുന്നത്
'ശൂ...ശൂ... ഡേറ്റ് ഡേറ്റ്',  ചെക്കില്‍ ട്രോളുവെച്ച് സന്ദീപ് വാര്യര്‍; ആഷിക് അബുവിന് പരിഹാസം

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈബി ഈഡന്‍ എംപിക്ക് ആഷിക് അബു നല്‍കിയ മറുപടിയെ കണക്കറ്റ് പരിഹസിച്ച് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. ചെക്കിലെ തിയതി ചൂണ്ടിക്കാട്ടിയാണ് സന്ദീപിന്റെ പരിഹാസം. സോഷ്യല്‍ മീഡിയയില്‍ ചിരിനിറക്കുകയാണ് ട്രോളുകള്‍. 

ആഷിക് അബുവിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് എറണാകുളം എംപി ഹൈബി ഈഡന്‍ ആരോപണവുമായി രംഗത്തെത്തിയത്. ഹൈബിയുടെ ആരോപണങ്ങള്‍ക്ക് തെളിവുസഹിതമായിരുന്നു സംവിധായകന്റെ മറുപടി. പണമടച്ചെന്ന് തെളിയിക്കുന്നതിനായി ചെക്ക് ലീഫിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 14 ന് 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നാണ് ചെക്കില്‍ കാണിക്കുന്നത്. ശൂ...ശൂ...ഡേറ്റ് ഡേറ്റ് എന്ന ഡയലോഗിനൊപ്പമാണ് സന്ദീപിന്റെ പരിഹാസം. 

ഇതു മാത്രമല്ല തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന  ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രം കള്ളന്‍ പ്രസാദ് പറയുന്ന ഡയലോഗും സന്ദീപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'അവസാനം നിമിഷം വരെ പിടിച്ചുനില്‍ക്കണം. അതാ എന്റെ ഒരു ലൈന്‍'. സന്ദീപിന്റെ ട്രോളുകളെല്ലാം ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിന് മുന്‍പ് ഏതെങ്കിലും ട്രോള്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ ആയിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. 

'കരുണ മ്യൂസിക്' എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാകാവകാശ രേഖയുടെ പകര്‍പ്പ് സമൂഹമാധ്യമത്തില്‍ ആദ്യം പങ്കുവച്ചത് സന്ദീപ് വാര്യരാണ്.2018 ലെ പ്രളയത്തില്‍ ദുരിതക്കയത്തില്‍പ്പെട്ടവര്‍ക്കുള്ള ധന സഹായമായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കരുതുന്നുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു. പരിപാടിയുടെ ഭാരവാഹികളില്‍ പ്രധാനിയായിരുന്ന ആഷിഖ് അബുവിനെക്കൂടി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈബിയുടെ കുറിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ്, വി.ടി. ബല്‍റാം എംഎല്‍എ തുടങ്ങിയവരും ആഷിഖിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാല്‍ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനു നടത്തിയ പരിപാടിയല്ല കരുണയെന്നും കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണെന്നും ആഷിഖ് അബു മറുപടിയായി പറഞ്ഞു. 'കരുണ' സംഗീത പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതായും ആഷിഖ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com