'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്'; കുഞ്ഞിനോട് ഗിന്നസ് പക്രു; ഹൃദയക്കുറിപ്പ്

ഉയരക്കുറവിന്റെ പേരില്‍ തന്റെ മകന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചുളള ഒരമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം ലോകം ഹൃദയവേദനയോടെയാണ് കേട്ടത്
'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്'; കുഞ്ഞിനോട് ഗിന്നസ് പക്രു; ഹൃദയക്കുറിപ്പ്

കൊച്ചി: ഉയരക്കുറവിന്റെ പേരില്‍ തന്റെ മകന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചുളള ഒരമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം ലോകം ഹൃദയവേദനയോടെയാണ് കേട്ടത്.  പരിമിതികളുള്ള കുട്ടികളോടുളള സമൂഹത്തിന്റെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വേണമെന്ന അമ്മയുടെ ആവശ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഹൃദയം പൊട്ടിയുള്ള കുട്ടിയുടെ കരച്ചിലും ഇത് കണ്ട് സഹിക്കാന്‍ കഴിയാതെ ആ അമ്മ ഇടയ്ക്ക് ധൈര്യം ചോര്‍ന്ന് വിതുമ്പുന്നതുമായ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ അഭിമാനപൂര്‍വ്വം മലയാളി കുറിച്ചത് ഗിന്നസ് പക്രുവിന്റെ ജീവിതത്തെ കുറിച്ച് ഈ കുട്ടിയോട് പറഞ്ഞുകൊടുക്കൂ എന്നാണ്. ഇപ്പോഴിതാ ഗിന്നസ് പക്രൂ തന്നെ ഈ വിഡിയോ പങ്കുവെച്ച് കുറിപ്പിട്ടിരിക്കുകയാണ്.


'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് .....ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...നീ കരയുമ്പോള്‍ ...നിന്റെ അമ്മ തോല്‍ക്കും .........ഇളയരാജയുടെ ഈ വരികള്‍ ഓര്‍മ്മ വച്ചോളു. ഊതിയാല്‍ അണയില്ല...ഉലയിലെ തീ...ഉള്ളാകെ ആളുന്നു ഉയിരിലെ തീ... ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്'- ഗിന്നസ് പക്രു കുട്ടിയെ ആശ്വസിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്. ഉയരക്കുറവിന്റെ പേരില്‍ തന്റെ ഒന്‍പത് വയസുള്ള മകന് അനുഭവിക്കേണ്ടി വന്ന അവഹേളനവും അത് ആ കുട്ടിയില്‍ തീര്‍ക്കുന്ന അരക്ഷിത ബോധവും ചൂണ്ടിക്കാട്ടി അമ്മ ഫെയ്‌സ്ബുക്കിലിട്ട വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധിപ്പേര്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

യരാക ബയ്‌ലസ് എന്ന സ്ത്രീ തന്റെ മകന്‍ ക്വാഡന് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങിനെക്കുറിച്ച് വികാര നിര്‍ഭരമായി സംസാരിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂളില്‍ വച്ച് സഹ പാഠികളടക്കമുള്ള വിദ്യാര്‍ത്ഥികളും മറ്റും ക്വാഡനെ ഉയരക്കുറവ് പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ആ കുട്ടിയില്‍ വലിയ മാനസിക സംഘര്‍ഷം തീര്‍ക്കുന്നതായി അമ്മ പറയുന്നു. കുട്ടിയില്‍ ആത്മഹത്യാ പ്രവണതയാണ് ഇതുകൊണ്ടു സംഭവിക്കുന്നതെന്നും അവര്‍ ഭയത്തോടെ പറയുന്നു. സ്‌കൂള്‍ യൂണിഫോമില്‍ കാറിലിരുന്ന് പൊട്ടിക്കരയുന്ന കുട്ടിയുടെ വീഡിയോക്കൊപ്പമാണ് തന്റെ അഭിപ്രായങ്ങളും അമ്മ പങ്കുവച്ചത്.

'എനിക്കൊരു കയര്‍ തരു, ഞാന്‍ സ്വയം ഇല്ലാതാകാം. എന്റെ ഹൃദയത്തെ കുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരു... '-കരച്ചില്‍ അടക്കാന്‍ കഴിയാതെ ക്വാഡന്‍ ഇടക്കിടെ പറയുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ മറുപടിയും വീഡിയോയിലുള്ളത്. മകന്റെ ഹൃദയം പൊട്ടിയുള്ള കരച്ചില്‍ സഹിക്കാന്‍ കഴിയാതെ ആ അമ്മയും ഇടയ്ക്ക് ധൈര്യം ചോര്‍ന്ന് വിതുമ്പുന്നത് വീഡിയോയില്‍ നിന്ന് മനസിലാക്കാം.

ഭീഷണിയുടേയും കളിയാക്കലുകളുടേയും അനന്തര ഫലമാണ് ഇത്. പ്രിന്‍സിപ്പല്‍, ടീച്ചര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, മറ്റ് ജനങ്ങള്‍ എല്ലാവരും ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കണം. സ്‌കൂളില്‍ ചെല്ലുമ്പോള്‍ മറ്റൊരു വിദ്യാര്‍ത്ഥി മകന്റെ തലയില്‍ തലോടി ഉയരക്കുറവിനെ കളിയാക്കുന്നത് നേരിട്ട് കണേണ്ടി വന്നതായി അമ്മ പറയുന്നു.

ആ സംഭവത്തിന് പിന്നാലെ കരഞ്ഞു കൊണ്ട് അവന്‍ കാറിലേക്ക് ഓടിക്കയറുകയായിരുന്നു. കാരണം സ്‌കൂളില്‍ വച്ച് ഒരു രംഗം സൃഷ്ടിക്കാന്‍ മകന്‍ ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ ഒരു പരാജയപ്പെട്ട അമ്മയാണ്. വിദ്യാഭ്യാസ സമ്പ്രദായം തന്നെ പരാജയമാണെന്ന് എനിക്ക് തോന്നുന്നു. ബയ്‌ലസ് അങ്ങേയറ്റത്തെ നിരാശയോടെ പറയുന്നു.

ഭീഷണിപ്പെടുത്തലിന്റേയും കളിയാക്കലിന്റേയും മറ്റും അനന്തര ഫലങ്ങളെക്കുറിച്ച് മറ്റ് കുട്ടികളുടെ മാതാപിതാക്കളും ടീച്ചര്‍മാരുമൊക്കെ ജാഗ്രതയോടെ ചിന്തിക്കണമെന്ന് ബയ്‌ലസ് ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള കളിയാക്കലും മറ്റും തന്റെ മകന്റെ കാര്യത്തില്‍ ദിവസവും നടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വൈകല്യങ്ങളെക്കുറിച്ചും മറ്റും അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും അവര്‍ വീഡിയോയിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com