അന്ന് രജനീകാന്തിനോട് 'യാർ നീങ്കെ?' എന്ന് ചോദിച്ച് സ്റ്റാറായി, ഇന്ന് മോഷണക്കേസിൽ അറസ്റ്റിൽ 

അന്ന് രജനീകാന്തിനോട് 'യാർ നീങ്കെ?' എന്ന് ചോദിച്ച് സ്റ്റാറായി, ഇന്ന് മോഷണക്കേസിൽ അറസ്റ്റിൽ 

തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ രജനീകാന്തിനോടാണ് സന്തോഷ് ആരാണെന്ന് ചോദിച്ചത്


സൂപ്പർസ്റ്റാർ രജനീകാന്തിനോട് യാര് നീങ്കെ എന്ന് ചോദിച്ച് മാധ്യമശ്രദ്ധ നേടിയ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. തൂത്തുക്കുടി സ്വദേശിയായ സന്തോഷാണ് (23) ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കൂടാതെ ഇയാളുടെ കൂട്ടാളികളായ മണികണ്ഠൻ (23), ശരവണൻ (22) എന്നിവരും പിടിയിലായി. തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ രജനീകാന്തിനോടാണ് സന്തോഷ് ആരാണെന്ന് ചോദിച്ചത്.  

തൂത്തുക്കുടിയിലെയും പരിസരങ്ങളിലെയും ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വ്യാജരേഖകൾ ചമച്ച് വാഹനക്കച്ചവടം നടത്തിവരികയായിരുന്നു സംഘം. മോഷ്ടിച്ച വാഹനം ഒഎൽഎക്സ് ആപ്ലിക്കേഷനിൽ പരസ്യം നൽകിയാണ് വില്പന നടത്തിയിരുന്നത്. ഈയിടെ തൂത്തുക്കുടി സ്വദേശിയായ യുവാവിന്റെ ബൈക്ക് സംഘം മോഷ്ടിച്ചു. ഒഎൽഎക്സ് ആപ്ലിക്കേഷനിൽ തന്റെ വാഹനം വില്പനയ്ക്ക് വെച്ചിരിക്കുന്നത് യുവാവ് കണ്ടതോടെയാണ് കവർച്ചസംഘം പൊലീസ് വലയിലായത്.

പരസ്യത്തിൽ കണ്ട ഫോൺനമ്പരിൽ വിളിച്ച് ഇടപാടുനടത്തിയ ഇയാൾ പോലീസിനെയും വിവരമറിയിച്ചു. തുക പറഞ്ഞുറപ്പിക്കാൻ ബൈക്കുമായെത്തിയ സന്തോഷിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മണികണ്ഠനെയും ശരവണനെയും പിടികൂടിയത്.

2018 മേയ് 22-നാണ് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരക്കാർക്കുനേരേ പോലീസ് വെടിവെപ്പുണ്ടായത്. 13 പേർ ഇതിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയ രജനീകാന്തിനോടാണ് ആരാണെന്ന് സന്തോഷ് ചോദിച്ചത്. 100 ദിവസമായി സമരംനടന്നിട്ടും എത്താതെ ദുരന്തശേഷം വന്നതിലുള്ള പ്രതിഷേധ സൂചകമായായിരുന്നു യുവാവിന്റെ ചോദ്യം. അതിനുശേഷം ദേശീയതലത്തിൽ വാർത്തകളിൽ ഇടംപിടിച്ച സന്തോഷ് സ്വന്തമായി ഒരു യുവജനസംഘടന ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പണമില്ലാതായോടെ സുഹൃത്തുക്കളുമായി ചേർന്ന് ബൈക്ക് മോഷണത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com