'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുക നിങ്ങളുടെ കരച്ചിലായിരിക്കും'; ഗിന്നസ് പക്രുവിന്റെ വിഡിയോ

ക്വാഡനെപ്പോലെ വിഷമം അനുഭവിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്
'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുക നിങ്ങളുടെ കരച്ചിലായിരിക്കും'; ഗിന്നസ് പക്രുവിന്റെ വിഡിയോ

ക്വാഡന്‍ എന്ന ഒന്‍പതു വയസുകാരന്റെ കരച്ചില്‍ ലോകത്തിന് മറ്റൊരു ദിശാബോധം നല്‍കിയിരിക്കുകയാണ്. നിരവധി പേരാണ് കുഞ്ഞിന് പിന്തുണയുമായി രംഗത്തെത്തിയത്. നടന്‍ ഗിന്നസ് പക്രു പങ്കുവെച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതേ വിഷയത്തില്‍ മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ക്വാഡനെപ്പോലെ വിഷമം അനുഭവിക്കുന്ന നിരവധി കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്. ചെറിയ കളിയാക്കലുകളെല്ലാം അവരുടെ ഭാവിയെതന്നെ ബാധിച്ചേക്കാം. അതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകളെ മറികടക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ്ഗിന്നസ് പക്രു തന്റെ വിഡിയോയില്‍ പറയുന്നത്. അധ്യാപകര്‍ക്കും കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരെ മുന്നോട്ടു നയിക്കാനാവും എന്നാണ് താരം പറയുന്നത്. അതിനോപ്പം കുഞ്ഞുങ്ങള്‍ക്ക് ഊര്‍ജവും പ്രോത്സാഹനവുമായി അമ്മമാരും കൂടെയുണ്ടാകണമെന്നും പക്രു കൂട്ടിച്ചേര്‍ത്തു. 

ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ ഇങ്ങനെ; 

ക്വാഡന്റെ കരച്ചില്‍ കണ്ടപ്പോഴാണ് ആ കുറുപ്പ് എഴുതണമെന്ന് തോന്നിയത്. പ്രതീക്ഷിക്കാത്ത രീതിയില്‍ അത് വൈറലായി. നിരവധി പേര്‍ എന്നെ ഫോണില്‍ വിളിച്ചു. കുട്ടിക്കാലത്ത് ക്വാഡനെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്. ചെറിയ കുട്ടിയായിരുന്ന സമയത്ത് ചെറിയ കളിയാക്കലുകള്‍ വലിയ ഫീലിങ്ങായി തോന്നിയിരുന്നു. അതു അമ്മയോട് പറയുമായിരുന്നു. നീ അവരെ മൈന്‍ഡ് ചെയ്യേണ്ട, വലിയ ആളായി കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞ് അമ്മതന്നിരുന്ന ഊര്‍ജമാണ് എനിക്ക് കരുത്തായത്. 

കേരളത്തില്‍ നിരവധി ക്വാഡന്‍മാരുണ്ട്. ചെറിയ ചെറിയ ബലഹീനതയില്‍ വിഷമിച്ച് കളിയാക്കലുകളില്‍ ഉള്ളം നൊന്ത ഒരു പാട് കുട്ടികളുണ്ട്. നിങ്ങള്‍ അത് ചെയ്യരുത്. അവര്‍ക്ക് ആത്മബലം നല്‍കണം. നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ എന്നെ വിളിക്കാറുണ്ട്. അങ്ങനെയുള്ള മൂന്നു നാലു കുട്ടികളെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ക്വാഡന്റെ പ്രശ്‌നങ്ങളായിരുന്നു. എവിടെയും സ്വീകാര്യത കിട്ടുന്നില്ല. മറ്റു കുട്ടികള്‍ മാറ്റിനിര്‍ത്തുന്നു. തക്കം കിട്ടുമ്പോഴെല്ലാം കളിയാക്കുന്നു. ശാരീരികമായി ഉപദ്രവിക്കുന്നു. കൊച്ചുകുട്ടികളല്ലേ, അവര്‍ക്ക് പെട്ടെന്ന് വിഷമം വരും. 

ക്വാഡന്‍ പറയുന്നതുപോലെ എന്നെ ഒന്ന് കൊന്നുതരാമോ എന്ന അവസ്ഥ അവര്‍ക്ക് തോന്നും. അത് എങ്ങനെ മാറ്റാന്‍ പറ്റും എന്ന് ചിന്തിച്ചപ്പോള്‍ തോന്നിയ കാര്യമാണ് ഇവിടെ ഷെയര്‍ ചെയ്യാന്‍ പോകുന്നത്. അധ്യാപകര്‍ വളരെ അധികം ശ്രദ്ധിക്കുക. സ്‌കൂളില്‍ ഏതെങ്കിലും ഒരു ചെറിയ ബുദ്ധിമുട്ടുള്ള കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചറിയാന്‍ ശ്രമിക്കണം. മറ്റു കുട്ടികളോട് അവന് കരുതല്‍ നല്‍കാന്‍ പറയണം. മാതാപിതാക്കളുമായി ചേര്‍ന്ന് അവനെ മറ്റു കുട്ടികള്‍ക്കൊപ്പമോ അവര്‍ക്കു മുകളിലേക്കോ കൊണ്ടുവരാന്‍ ശ്രമിക്കണം. അമ്മമാരോട് പറയാനുള്ളത് വയ്യാത്ത കുട്ടികളെയോര്‍ത്ത് നിങ്ങള്‍ കരയരുത്. അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുന്നത് അവന്റെ മുന്നില്‍വെച്ച് അമ്മ കരയുന്നതായിരിക്കും. നിങ്ങള്‍ കരയരുത്. അവന് വേണ്ട ഊര്‍ജവും പ്രോത്സാഹനവും കൊടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com