'ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, വാടക ഗര്‍ഭപാത്രത്തെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്'

ശില്‍പ്പ ഷെട്ടിയ്ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗോലിയുടെ ട്വീറ്റ്
'ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, വാടക ഗര്‍ഭപാത്രത്തെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്'

ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും കഴിഞ്ഞ ദിവസമാണ് വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. ബോളിവുഡില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരുങ്ങുകയാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി. ശില്‍പ്പ ഷെട്ടിയ്ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രംഗോലിയുടെ ട്വീറ്റ്. 

വാടക ഗര്‍ഭധാരണത്തിന്റെ സാധ്യതകള്‍ അല്ല ദത്തെടുക്കലിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നാണ് രംഗോലി പറയുന്നത്. മാതാപിതാക്കള്‍ക്കായി കൊതിക്കുന്നവര്‍ക്ക് ഒരു കുടുംബത്തെ നല്‍കാന്‍ ശ്രമിക്കണമെന്നും രംഗോലി കുറിക്കുന്നു. രംഗോലിയും ഭര്‍ത്താവ് അജയും പെണ്‍കുഞ്ഞിനെയാണ് ദത്തെടുത്തിരിക്കുന്നത്. എല്ലാ നടപടികളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.  

'എനിക്കൊരു കുഞ്ഞുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ കൂടി വേണമെന്നുണ്ട്. അതുകൊണ്ട് ഞാനും ഭര്‍ത്താവും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. സ്വന്തം കുഞ്ഞിനായി വാടക ഗര്‍ഭധാരണത്തിന്റെ സാധ്യതകള്‍ തേടാതെ ദത്തെടുക്കലിന് ദമ്പതികളെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ ലോകത്ത് ഇതിനകം തന്നെ ജനിച്ച, മാതാപിതാക്കള്‍ക്കായി കൊതിക്കുന്നവര്‍ക്ക് ഒരു കുടുംബത്തെ നല്‍കാന്‍ നമുക്ക് ശ്രമിക്കാം. 

എന്റ സഹോദരിയാണ് ഇതിന് എനിക്ക് പ്രചോദനം നല്‍കിയത്. ഞാനും അജയും ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തു കഴിഞ്ഞു. അധികം വൈകാതെ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ പെണ്‍കണ്‍മണി ഞങ്ങള്‍ക്കൊപ്പമുണ്ടാകും...കങ്കണ അവള്‍ക്ക് ഗംഗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു കുഞ്ഞിന് കുടുംബത്തെ നല്‍കാനായത് ഞങ്ങളുടെ ഭാഗ്യമാണ് .'രംഗോലി ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com