വീണ്ടും ഇടഞ്ഞ് ഷെയ്ന്‍ ; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല , നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിബന്ധനയാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ചത്
വീണ്ടും ഇടഞ്ഞ് ഷെയ്ന്‍ ; ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല , നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി

കൊച്ചി: പ്രശ്‌നപരിഹാര ശ്രമങ്ങള്‍ തുടരുന്നതിനിടെ,  നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി നടന്‍ ഷെയ്ന്‍ നിഗം. നാളെയ്ക്കകം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യമാണ് നടന്‍ തള്ളിയത്. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമാണ് ഷെയ്ന്റെ നിലപാട്. ഇതോടെ പ്രശ്‌നപരിഹാരശ്രമങ്ങല്‍ വീണ്ടും അനിശ്ചിതത്വത്തിലായി.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിബന്ധനയാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ചത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍  തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ്  പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com