ഐഷിയുടെ മുന്നില്‍ കൈകൂപ്പിയുള്ള നില്‍പ്പ് ശക്തമായ സന്ദേശം; ദീപികയെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2020 07:46 PM |
Last Updated: 08th January 2020 07:46 PM | A+A A- |

മുംബൈ: അക്രമത്തിന് ഇരയായ ജെഎന്‍യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച നടി ദീപിക പദുക്കോണിനെ അഭിനനന്ദിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. ദീപികയുടെ സന്ദര്‍ശനം ശക്തമായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ''ഐഷി ഘോഷിന് മുന്നില്‍ കൂപ്പുകൈകളോടെ നിന്ന ദീപികയുടെ ചിത്രം നല്‍കുന്നത് ശക്തമായ സന്ദേശമാണ്, ഐക്യദാര്‍ഢ്യം മാത്രമല്ല, 'നിങ്ങളുടെ വേദന അറിയുന്നു' എന്നാണ് അത് പറയുന്നത്''- അദ്ദേഹം പറഞ്ഞു.
'താന്‍ തന്നെ നിര്‍മ്മിച്ച സിനിമ തിയേറ്ററില്‍ പ്രദര്‍ശനത്തിന് വരാനിരിക്കെ ഇത്തരമൊരു പ്രവര്‍ത്തി ആരെങ്കിലും ചെയ്യുമോ, അത് ആത്മഹത്യാപരമല്ലേ, ചിത്രത്തെ അത് ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവരവിടെ വന്നു. എല്ലാ കാലത്തും നാം ഭയക്കേണ്ടതില്ലെന്ന ധൈര്യമാണ് എല്ലാവര്‍ക്കും അവളുടെ പ്രവര്‍ത്തിയിലൂടെ നല്‍കുന്നത്. രാജ്യത്തെ അന്തരീക്ഷത്തില്‍ ഭയമുണ്ട്. ആ ഭയം ദീപിക അവഗണിച്ചു'- അദ്ദേഹം പറഞ്ഞു.
ആളുകള്‍ ഭയത്തില്‍ ജീവിച്ച് മടുത്തിരിക്കുന്നു, ഭയന്ന് തളര്‍ന്നിരിക്കുന്നു. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് മുഖ്യധാരാ ബോളിവുഡ് എപ്പോഴും ശ്രമിക്കുന്നത്. എല്ലാവരും ഒരുനാള്‍ അത് താണ്ടുമെന്നും എന്നാല്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്നും കശ്യപ് വ്യക്തമാക്കി.
'ഞാന്‍ പൊലീസിനെയോ സര്‍ക്കാരിനെയോ അധികൃതരെയോ ഭയക്കുന്നില്ല. അറസ്റ്റുചെയ്യപ്പെട്ടാല്‍ തിരിച്ച് പോരാടാനുള്ള അവകാശമുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ തെരുവിലെ ഭ്രാന്തനായ ഒരാള്‍ ആക്രമിച്ചാല്‍ എന്തും ചെയ്യും. ആ ഭയമാണ് നമുക്കുള്ളത്. 'നിങ്ങള്‍ക്കൊപ്പം മോദിയുണ്ട്, നിങ്ങള്‍ ദേശസ്‌നേഹിയാണ്, നിങ്ങള്‍ രാജ്യത്തിന്റെ പോരാളിയാണ്' എന്നിങ്ങനെ തെരുവിലുള്ളവരെ മുഴുവന്‍ മാറ്റി. അങ്ങനെയൊരു സാങ്കല്‍പ്പിക യുദ്ധം, സാങ്കല്‍പ്പിക ശത്രുവിനെ രാജ്യത്തിനകത്തുതന്നെ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്'' അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.