ഷെയ്‌നും നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചെന്ന് മോഹന്‍ലാല്‍; ഉല്ലാസം ഡബ്ബിങ് പൂര്‍ത്തിയാക്കും; നിര്‍ത്തിവെച്ച ചിത്രങ്ങള്‍ പുനരാരംഭിക്കും

അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം ഷെയ്ന്‍ അംഗീകരിച്ചു. ഇക്കാര്യം നിര്‍മ്മാതാക്കളെ അറിയിക്കുമെന്ന് മോഹന്‍ലാല്‍ 
ഷെയ്‌നും നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചെന്ന് മോഹന്‍ലാല്‍; ഉല്ലാസം ഡബ്ബിങ് പൂര്‍ത്തിയാക്കും; നിര്‍ത്തിവെച്ച ചിത്രങ്ങള്‍ പുനരാരംഭിക്കും

കൊച്ചി: ഷെയ്ന്‍ നിഗമിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുന്നു.ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളുമായുള്ള  പ്രശ്‌നപരിഹാരത്തിന് ധാരണയായെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. 

പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളായ വെയില്‍, കുര്‍ബാനി ചിത്രങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും, ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനും അമ്മ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌നിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ ഷെയ്ന്‍ തയ്യാറായതോടെ ഇക്കാര്യം  നിര്‍മ്മാതാക്കളുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ അമ്മ എക്‌സ്‌ക്യുട്ടീവ് കമ്മറ്റിയെ അറിയിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഷെയ്‌നിനെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്‌നിനെ വിളിച്ചുവരുത്തുകയായിരുന്നു.

നേരത്തെ നിര്‍മ്മാതാക്കളും നടനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ നിര്‍മ്മാതാക്കളെ മനോരോഗി എന്നു വിളിച്ചതോടെയാണ് ഷെയ്‌നുമായുള്ള ചര്‍്ച്ചകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്‍മാറിയത്. അമ്മ ഇക്കാര്യത്തില്‍ ഒരുറപ്പ് നല്‍കിയാല്‍ സഹകരിക്കാമെന്ന നിര്‍മ്മാതാക്കള്‍ അമ്മ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തിന് തത്വത്തില്‍ പരിഹാരമായത്.

എന്നാല്‍ ഷെയ്‌നുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പായിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് അറിയില്ലെന്നും ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരിക്കും ഷെയ്‌നുമായുള്ള ചര്‍ച്ചയെ പറ്റി ആലോചിക്കുകയുള്ളുവെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com