'യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അര്‍ജുനന്‍ മാസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, എന്റെ മനസ്സിന്റെ വിങ്ങല്‍ അവസാനിച്ചിട്ടില്ല'; കുറിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2020 04:53 PM |
Last Updated: 15th January 2020 04:53 PM | A+A A- |
മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അസുഖ ബാധിതനായി ഇരിക്കുന്ന അര്‍ജുനന്‍ മാസ്റ്ററെ കാണാന്‍ പോയതിനെക്കുറിച്ച് വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പി. പള്ളുരുത്തിയിലെ അദ്ദേഹത്തിന്റെ വീടായ പാര്‍വതി മന്ദിരത്തില്‍ എത്തിയാണ് സന്ദര്‍ശനം നടത്തിയത്. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മാസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെന്നും തന്റെ മനസിന്റെ വിങ്ങല്‍ അവസാനിച്ചിട്ടില്ലെന്നുമാണ് ഫേയ്‌സ്ബുക്കില്‍ കുറിക്കുന്നത്.
ശ്രീകുമാരന്‍ തമ്പിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്
ഇന്നലെ അര്‍ജ്ജുനന്‍ മാസ്റ്ററെ കണ്ടു. അദ്ദേഹത്തിന് നല്ല സുഖമില്ലാതിരിക്കയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് നേരേ പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരത്തിലേക്ക്. മൂന്നു മണിക്കൂര്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചെലവാക്കി. മാസ്റ്ററുടെ രണ്ടാമത്തെ മകള്‍ കലയുടെ പുത്രി കാവ്യ നന്നായി പാടും; നൃത്തം ചെയ്യും. രണ്ടും ആസ്വദിച്ചു. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മാസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്റെ മനസ്സിന്റെ വിങ്ങല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞങ്ങള്‍ ചേര്‍ന്നൊരുക്കിയ പാട്ട് വീണ്ടും വീണ്ടും ഓര്‍മ്മിച്ചു പോകുന്നു .
ഹൃദയത്തിനൊരു വാതില്‍
സ്മരണ തന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദു:ഖം
അടഞ്ഞു കിടന്നാലും ദു:ഖം