'ഇത്രയും സൗന്ദര്യമുള്ള ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല, പ്രേം നസീറിനെ മറക്കുന്നത് നന്ദികേട്'; കുറിപ്പ്

'ഇത്രയും സൗന്ദര്യമുള്ള ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല, പ്രേം നസീറിനെ മറക്കുന്നത് നന്ദികേട്'; കുറിപ്പ്

കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്ര അക്കാദമി നടത്തിയ പുസ്തകോത്സവത്തില്‍ പ്രേംനസീറിന്റെ പുസ്തകങ്ങള്‍ മാത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും നിഷാദ് ചോദിക്കുന്നു

ലാളത്തിന്റെ നിത്യഹരിത നായകനാണ് പ്രേംനസീര്‍. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുകയാണ്. മലയാളികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന നിത്യഹരിത നായകനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. അദ്ദേഹത്തിന്റ്‌റെ അത്രയും സൗന്ദര്യമുളള ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിഷാദ് പറയുന്നത്. 'ജാതിക്കും മതത്തിനുമതീതനായിരുന്നു അദ്ദേഹം..ശാര്‍ക്കര ക്ഷേത്രത്തില്‍ ആനയേ സംഭാവന ചെയ്ത അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീറിനെതിരെ ആരും തിട്ടൂരം ഇറക്കിയില്ല...ആ കാലത്തെ പ്രേംനസീര്‍ കാലം എന്ന് വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഹിന്ദുവും, മുസല്‍മാനും,ക്രിസ്ത്യാനിയും ഒരു കുടക്കീഴില്‍ അണിനിരന്ന പ്രേംനസീര്‍ കാലം' കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്ര അക്കാദമി നടത്തിയ പുസ്തകോത്സവത്തില്‍ പ്രേംനസീറിന്റെ പുസ്തകങ്ങള്‍ മാത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും നിഷാദ് ചോദിക്കുന്നു. തന്റെ അച്ഛനും പ്രേംനസീറും നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 

എംഎ നിഷാദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

Prem Nazir the ever green Hero 

നിത്യഹരിത നായകന്‍,അങ്ങനെയാണ് എന്നും പ്രേം നസീറിനെ വിശേഷിപ്പിക്കുന്നത്..അത് ശരിയുമാണ്,അദ്ദേഹം നായകന്‍ തന്നെയാണ് വെളളിത്തിരയിലും ജീവിതത്തിലും...എന്റ്‌റെ പിതാവിന്റ്‌റെ ,സുഹൃത്തും,ബന്ധുവും എന്നതിലുമുപരി പ്രേം നസീര്‍ എനിക്കെന്നും ഒരു വിസ്മയമാണ്...ഞാനാദ്യം നേരിട്ട് കാണുന്ന സിനിമാ താരം/നടന്‍...അദ്ദേഹത്തെ കണ്ട ആ ദിവസം ഒരിക്കലും മായാത്ത ഒരു ദീപ്തമായ ഓര്‍മ്മയായി ഇന്നും എന്റ്‌റെ മനസ്സിലുണ്ട്...
എന്തൊരു ചൈതന്യമായിരുന്നു അദ്ദേഹത്തിന്,റോസാപ്പൂവിന്റ്‌റെ നിറം,പുഞ്ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന,താര ജാഡകളില്ലാതെ,വലുപ്പ ചെറുപ്പമില്ലാതെ,എല്ലാവരേയും,ഒരുപോലെ കാണുന്ന പ്രേം നസീര്‍....അദ്ദേഹത്തിന്റ്‌റെ അത്രയും സൗന്ദര്യമുളള (ബാഹ്യവും ആന്തരികവും) ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല..അതൊരു യുഗ പിറവിയാണ്...പ്രേം നസീര്‍ എന്ന വ്യക്തിയേ പറ്റി അദ്ദേഹത്തിന്റ്‌റെ നന്മകളേ പറ്റി നാം ഒരുപാട് കേട്ടിട്ടുണ്ട്...നിര്‍മ്മാതാക്കളെയും,സഹ താരങ്ങളേയും,ദുരിതമനുഭവിക്കുന്ന സാധാരണക്കാരേയുമൊക്കെ സഹായിച്ചിരുന്ന പ്രേം നസീറിനെ...
ജാതിക്കും മതത്തിനുമതീതനായിരുന്നു അദ്ദേഹം..ശാര്‍ക്കര ക്ഷേത്രത്തില്‍ ആനയേ സംഭാവന ചെയ്ത അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീറിനെതിരെ ആരും തിട്ടൂരം ഇറക്കിയില്ല...ആ കാലത്തെ പ്രേംനസീര്‍ കാലം എന്ന് വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു..അതായിരുന്നു നമ്മുടെ നാട്,അങ്ങനെയായിരുന്നു നമ്മുടെ നാട്...ഹിന്ദുവും, മുസല്‍മാനും,ക്രിസ്ത്യാനിയും ഒരു കുടക്കീഴില്‍ അണിനിരന്ന പ്രേംനസീര്‍ കാലം...
ഇന്ന് അദ്ദേഹത്തിന്റ്‌റെ ഓര്‍മ്മ ദിനമാണ്..
പ്രേംനസീര്‍ എന്ന വ്യക്തിയെ പറ്റി ആര്‍ക്കും ഒരെതിരഭിപ്രായവുമുണ്ടാകില്ല,എന്നാല്‍ അദ്ദേഹത്തിലെ നടനെ വിമര്‍ശിക്കുന്നവരുണ്ടാകും....എന്നാല്‍ പ്രേംനസീര്‍ ഒരു മികച്ച നടനാണ് ....അതാണ് എന്റ്‌റെ അഭിപ്രായം ...അതിനെനിക്ക് എന്റ്‌റേതായ കാരണങ്ങളുമുണ്ട്...മരം ചുറ്റി പ്രേമിച്ച് നടക്കുന്ന പ്രേംനസീറിനെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരുടെ നെറ്റി ചുളിയുമെന്നെനിക്കറിയാം,അദ്ദേഹത്തിലെ നടനെ കണ്ടെത്തിയവരില്‍ പ്രതിഭാധനരായ കലാകാരന്മാരുണ്ടെന്ന വസ്തുത നാം മറക്കാന്‍ പാടില്ല...പി ഭാസ്‌ക്കരന്‍,എം ടി വാസുദേവന്‍ നായര്‍ തുടങ്ങി ഭരതേട്ടനും ലെനിന്‍ സാറുമുള്‍പ്പടെയുളളവര്‍ അദ്ദേഹത്തിലെ കലാകാരനെ തിരിച്ചറിഞ്ഞവരാണ്...
ഇരുട്ടിന്റ്‌റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്‍,അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി,അടിമകളിലെ പൊട്ടന്‍ രാഘവന്‍,പടയോട്ടത്തിലെ തമ്പി,കാര്യം നിസ്സാരത്തിലെ റിട്ട.ജഡ്ജി,വിട പറയും മുമ്പേയിലെ കാര്‍ക്കശ്യക്കാരനായ ഓഫീസര്‍,ഭരതേട്ടന്റ്‌റെ ഒഴിവ് കാലത്തെ കഥാപാത്രം മുതല്‍ അവസാനം അഭിനയിച്ച ധ്വനി യിലെ ജഡ്ജിയായി സ്‌ക്രീനില്‍ എത്തിയ കഥാപാത്രങ്ങളിലൊന്നും നമ്മുക്ക് പ്രേം നസീറിനെ കാണാന്‍ കഴിയില്ല...ആ കഥാപാത്രങ്ങളൊക്കെയായി പ്രേംനസീറെന്ന നടന്‍ മാറുകയായിരുന്നു....
സ്വഭാവികാഭിനയം നസീറിന് വഴങ്ങില്ല എന്ന് പുച്ഛത്തോടെ വിമര്‍ശിച്ചിരുന്നവരുടെ നാവടക്കുന്ന പ്രകടനമായിരുന്നു ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം കാഴ്ച്ചവെച്ചത്...
നസീറെന്ന നടനേയും നസീറെന്ന മനുഷ്യസ്‌നേഹിയേയും ചലച്ചിത്ര ലോകം മറക്കാന്‍ പാടില്ല...അത് നന്ദികേടാകും...അദ്ദേഹത്തോടുളള അനാദരവും...ഈ കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഒരു പുസ്തക സ്റ്റാളുണ്ടായിരുന്നു,പ്രേംനസീറൊഴിച്ചുളള മണ്‍മറഞ്ഞ ഒട്ടുമിക്ക കലാകാരന്മാരേയും കുറിച്ചുളള പുസ്തകങ്ങള്‍ അവിടെയുണ്ടായിരുന്നു...പ്രേംനസീര്‍ എന്ത് കൊണ്ട് തഴയപ്പെട്ടു ?ഈ ചോദ്യം എന്റ്‌റേതു മാത്രമല്ലായിരുന്നു,സിനിമയേ സ്‌നേഹിക്കുന്ന എല്ലാവരുടെ മനസ്സിലും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അതവശേഷിക്കുന്നു...
രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ച പ്രേംനസീര്‍ എന്ന അതുല്ല്യ കലാകാരന് അര്‍ഹതപ്പെട്ട ആദരവ് നാം നല്‍കിയേ പറ്റു...
സിനിമ എന്ന മായാലോകത്തെ,നന്ദി കേടിന്റ്‌റെ കാഴ്ച്ചയായി അതവശേഷിക്കാതിരിക്കട്ടെ...
പ്രേംനസീറിന്റ്‌റെ ഈ ഓര്‍മ്മ ദിനത്തില്‍...
ഒരു പ്രേംനസീര്‍ കാലത്തിനായി ആഗ്രഹിക്കുന്നു...അതൊരു ആഗ്രഹം മാത്രമാണെന്ന് അറിയാമെങ്കിലും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com