മീടു ആരോപണത്തില്‍ സോന മഹാപത്ര തെളിവു നല്‍കിയില്ല; അനു മാലിക്കിനെ കുറ്റവിമുക്തനാക്കി വനിതാകമ്മീഷന്‍; വിമര്‍ശനവുമായി ഗായിക

പരാതിക്കാരി തെളിവു ഹാജരാക്കുന്നില്ലെന്നും കേസുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്
മീടു ആരോപണത്തില്‍ സോന മഹാപത്ര തെളിവു നല്‍കിയില്ല; അനു മാലിക്കിനെ കുറ്റവിമുക്തനാക്കി വനിതാകമ്മീഷന്‍; വിമര്‍ശനവുമായി ഗായിക


ബോളിവുഡില്‍ മൂടൂ മൂവ്‌മെന്റ് ശക്തിയായതോടെ നിരവധി പ്രമുഖര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കപ്പെട്ടത്. അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയത് സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരെയാണ്. പ്രമുഖ ഗായികമാരാണ് അനു മാലിക്കില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അനു മാലിക്കിനെതിരേയുള്ള കേസ് അവസാനിപ്പിച്ചിരിക്കുകയാണ് ദേശിയ വനിത കമ്മീഷന്‍. 

പരാതിക്കാരി തെളിവു ഹാജരാക്കുന്നില്ലെന്നും കേസുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്. പരാതിക്കാരിയോ മറ്റാരെങ്കിലുമോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. 

ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്‌റോ,നേഹാ ഭാസിന്‍ എന്നിവരും നിര്‍മാതാവ് ഡാനിക ഡിസൂസയുമായിരുന്നു നേരത്തെ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്. സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. അതോടെയാണ് സോനയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്. പക്ഷേ സോനയുമായി ബന്ധപ്പെട്ടപ്പോള്‍ യാത്രയിലാണെന്ന മറുപടിയാണു കിട്ടിയതെന്നു വനിതാ കമ്മിഷന്‍ അധികൃതര്‍ പറയുന്നു. 45 ദിവസം തങ്ങള്‍ കാത്തിരുന്നെന്നും പക്ഷേ പരാതിക്കാരി നേരിട്ടുവരികയോ തെളിവുകള്‍ ഹാജരാക്കുകയോ കൂടുതല്‍ പരാതി ഉന്നയിക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും കമ്മിഷന്‍ പറയുന്നു. 

എന്നാല്‍ കമ്മീഷന്റെ നടപടിക്കെതിരേ സോനയും രംഗത്തെത്തി. താന്‍ കേസുമായി സഹകരിച്ചിരുന്നെന്നും എല്ലാ റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചതാണെന്നുമാണ് ഗായിക ട്വീറ്റ് ചെയ്തത്. നിങ്ങളെ വിളിക്കാന്‍ ശ്രമിച്ചിരുന്നെന്നും എല്ലാ മെയിലുകള്‍ക്കും മറുപടി നല്‍കിയിരുന്നു എന്നുമാണ് സോന പറയുന്നത്. ഒരു വരിയുള്ള മെയിലുകളാണ് തനിക്ക് കിട്ടിയിരുന്നതെന്നും സ്ത്രീകളെ നിങ്ങള്‍ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും തനിക്ക് മനസിലായെന്നും കുറ്റപ്പെടുത്തി. 

പീഡന ആരോപണത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി സിനിമാ ലോകത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു അനു മാലിക്. അടുത്തിടെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് എതിര്‍പ്പു രൂക്ഷമാകുകയും അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com