'ഞാന്‍ ഒരു പാട്ടുകാരനല്ല, പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചത്'; ക്ഷമ ചോദിച്ച് മോഹൻലാൽ 

‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാന്‍’ എന്ന ​ഗാനം ആലപിച്ചപ്പോഴായിരുന്നു വിവാദ പ്രസ്താവന
'ഞാന്‍ ഒരു പാട്ടുകാരനല്ല, പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചത്'; ക്ഷമ ചോദിച്ച് മോഹൻലാൽ 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ്ബോസിൽ നടൻ മോഹൻലാൽ നടത്തിയ ഒരു പ്രസ്താവന ഏറെ വിവാദമായിരുന്നു. ഷോയിൽ അതിഥിയായെത്തിയ നടന്‍ ധര്‍മജന്‍ ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ‘മാതളത്തേനുണ്ണാന്‍’ എന്ന ​ഗാനം ആലപിച്ചപ്പോഴായിരുന്നു വിവാദ പ്രസ്താവന. ഈ ​ഗാനം താൻ പാടിയതാണെന്ന് മോഹൻലാൽ അവകാശപ്പെട്ടതാണ് വിവാദത്തിന് കാരണമായത്.

ഇതേതുടർന്ന് ഗായകന്‍ വിടി മുരളി ഫേസ്ബുക്കിലൂടെ തന്റെ പ്രതിഷേധമറിയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് പറ്റിയ പിഴവിന് ക്ഷമ ചോദിച്ചിരിക്കുകയാണ് ബി​ഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ. താന്‍ പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഞായറാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിലാണ് മോഹൻലാൽ വിശദീകരണം നൽകിയത്. 

ബി​ഗ് ബോസ് മൽസരാർത്ഥിയായ നടി രാജിനി ചാണ്ടി മത്സരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ മോഹൻലാലുമായി സ്റ്റേജിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം അവതരിപ്പിച്ചത്. രാജിനിയോട് കാര്യങ്ങൾ വിവരിക്കുന്നതുപോലെ ആയി‌രുന്നു വിശദീകരണം. "കഴിഞ്ഞ ആഴ്ചയില്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ അദ്ദേഹത്തിന് ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്.  ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, അത് ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നു", എന്നാണ് മോഹൻലാൽ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com