മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ  മറയ്ക്കുന്നോ? 'തുറന്നു പറയുമ്പോൾ നീരസമരുത്'; സംവിധായകന്റെ കത്ത് 

പൗരത്വ ബിൽ വിഷയത്തിൽ നടൻ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കത്ത്
മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ  മറയ്ക്കുന്നോ? 'തുറന്നു പറയുമ്പോൾ നീരസമരുത്'; സംവിധായകന്റെ കത്ത് 

രാജ്യം ഇപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ അനീതിക്കെതിരെ ശബ്ദമുയർത്തണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ട് സംവിധായകൻ ആലപ്പി അഷ്റഫ്. മോഹൻലാലിന് തുറന്ന കത്തെഴുതിയാണ് അഷ്റഫ് തന്റെ ആ​ഗ്രഹമറിയിച്ചത്. പൗരത്വ ബിൽ വിഷയത്തിൽ നടൻ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കത്ത്. 

ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതെന്ന് മോഹൻലാലിനോട് പറയുന്ന അഷ്റഫ് ഒരു ജനതയെ ഹിന്ദു എന്ന പേരിലും ക്രിസ്ത്യാനി എന്ന പേരിലും മുസ്‌ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലയ്ക്ക് അങ്ങേയ്ക്കില്ലേ..?എന്നും ചോദിക്കുന്നു. 

മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ , ലോകജനതയുടെ മുൻപിൽ നാണംകെട്ടു നില്‍ക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇതൊരു ജനതയെ വലിയ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക, ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അഷ്റഫ് ഓർമ്മിപ്പിച്ചു. 


ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം 

പ്രിയ മോഹൻലാലിന് ഒരു തുറന്ന കത്ത്..

പ്രിയ മോഹൻലാൽ ..

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ....സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,

" ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ...."

പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാനുസ്രതവും കാലോചിതവുമായിരിക്കണം. തുറന്നു പറയുമ്പോൾ നീരസമരുത്... മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറയ്ക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..

ബഹുഭൂരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..

അങ്ങു ഇതിന് മുൻപ് പല പല പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗുകൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും ക്രിസ്ത്യാനി എന്ന പേരിലും മുസ്‌ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലയ്ക്ക് അങ്ങേയ്ക്കില്ലേ..?

ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..? എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ. മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ , ലോകജനതയുടെ മുൻപിൽ നാണംകെട്ടു നില്‍ക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇതൊരു ജനതയെ വലിയ വിപത്തുകളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.

എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവം ഒരു കാര്യം ഓർമിപ്പിക്കട്ടെ... ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ...

സ്നേഹപൂർവം അങ്ങയുടെ സ്വന്തം, ആലപ്പി അഷറഫ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com