ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം; കങ്കണയ്ക്കു പിന്തുണയുമായി വെറ്ററന്‍ താരം

ജീവിതകാലം മുഴുവന്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടിയ അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി
ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം; കങ്കണയ്ക്കു പിന്തുണയുമായി വെറ്ററന്‍ താരം

നിര്‍ഭയ കേസിലെ പ്രതികളെ പൊതുജനമധ്യത്തില്‍ തൂക്കിലേറ്റണമെന്ന നടി കങ്കണ റണാവത്തിന്റെ അഭിപ്രായത്തെ പിന്തുണച്ച് വെറ്ററന്‍ താരം സിമി ഗരേവാള്‍. പൊതുമധ്യത്തില്‍ തൂക്കിലേറ്റിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് നിയമത്തില്‍ ഭയമുണ്ടാകൂവെന്നും സിമി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ജീവിതകാലം മുഴുവന്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാടിയ അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെ ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 

ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെയാണ് ശക്തമായ പ്രതികരണവുമായി കങ്കണ രംഗത്തെത്തിയത്. ഇത് ചര്‍ച്ചയായതോടെയാണ് കങ്കണയേയും സഹോദരി രംഗോലിയേയും പിന്തുണച്ച് സിമി ട്വീറ്റ് ചെയ്തത്. 'പീഡനം നടത്തുന്ന ക്രിമിനലുകളെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം.  മാതൃക സൃഷ്ടിക്കണം. ഇതിലൂടെ നിയമത്തില്‍ ഭയമുണ്ടാക്കണം.' സിമി ട്വീറ്റ് ചെയ്തു. പ്രതികളെ പൊതുമധ്യത്തില്‍ തൂകക്കിലേറ്റണമെന്ന് 2019 നവംബറില്‍ തന്നെ സിമി ആവശ്യപ്പെട്ടതാണ്. പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരു പറഞ്ഞ് നിര്‍ഭയയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചയാളെ പുറത്തുവിട്ടതിനും രൂക്ഷ ഭാഷയില്‍ സിമി വിമര്‍ശിച്ചിരുന്നു. 

എന്നാല്‍ അഭിഭാഷക ഇന്ദിക ജയ്‌സിങ്ങിന്റെ കാര്യത്തില്‍ സിമിക്ക് കങ്കണയുടെ അഭിപ്രായമല്ല. ഇന്ദിര റെയ്‌സിങ് നല്ല സ്ത്രീയാണെന്നും മികച്ച അഭിഭാഷകയാണെന്നുമാണ് സിമി കുറിച്ചത്. ജീവിതകാലം മുഴുവനും സ്ത്രീകളുടെ അവകാശത്തിനും നീതിക്കും വേണ്ടിയാണ് അവര്‍ പോരാടിയത്. ഞാന്‍ ഇതുവരെ അവരെ കണ്ടിട്ടില്ല എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ആരാധനയോടെയും ബഹുമാനത്തോടെയും നോക്കിനിന്നിട്ടുണ്ട് എന്നുമാണ് സിമി കുറിച്ചത്. 

പ്രതികളോട് ക്ഷമിക്കാന്‍ നിര്‍ഭയയുടെ അമ്മയോട് ആവശ്യപ്പെട്ടതോടെയാണ് ഇന്ദിര ജയ്‌സിങ്ങിന് എതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണമായത്. ഇന്ദിര ജയ്‌സിങിനെ കുറ്റവാളികള്‍ക്കൊപ്പം നാലു ദിവസം ജയിലില്‍ അടയ്ക്കണമെന്നും ഇവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം നീചന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്നുമാണ് കങ്കണ പ്രതികരിച്ചത്. ഇതിനെ പിന്തുണച്ച് നിര്‍ഭയയുടെ അമ്മയും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com