'ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് ക്രിസ്ത്യനും മുസ്ലീമും'; റഫീക്ക് അഹമ്മദിന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന് പിന്നിലെ സത്യം

കുറിപ്പ് വലിയരീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗംത്തെത്തിയത്
'ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് ക്രിസ്ത്യനും മുസ്ലീമും'; റഫീക്ക് അഹമ്മദിന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന് പിന്നിലെ സത്യം

വിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ പേരില്‍ പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്ലീംകളുമാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഈ ഫേയ്‌സ്ബുക്ക് പോസ്റ്റ് എഴുതിയത് താനല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഫീക്ക് അഹമ്മദ്. പ്രചരിക്കുന്ന കുറിപ്പ് പങ്കുവെച്ചാണ് പോസ്റ്റിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കുറിപ്പ് വലിയരീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗംത്തെത്തിയത്. 

റഫീക്ക് അഹമ്മദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലരും എന്നോട് അന്വേഷിക്കുന്നതു കൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നു. ഇത് ഞാന്‍ എഴുതിയതല്ല. എന്റെ അതേ പേരുള്ള മറ്റാരോ ആണ്. പോസ്റ്റിനെക്കുറിച്ച് എനിക്ക് യാതൊന്നും അറിവുള്ളതല്ല.

(വൈറല്‍ ആയ പോസ്റ്റ് ചുവടെ..)

ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ചത്, ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാന്‍ കാരണം ഇന്ത്യയിലെ ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്....

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നമ്മുട മതമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ മതം എന്ന് സ്വയം അഹങ്കരിച്ചപ്പോള്‍....

ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്ത് നമ്മുടെ ദൈവം മാത്രമാണ് ഏറ്റവും വലിയവന്‍ എന്നഹങ്കരിച്ച് വിളിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍...

നമ്മുടെ ദൈവമല്ലാതെ ലോകത്ത് മറ്റൊരു ദൈവവുമില്ല എന്ന് ഒരു മതേതര രാജ്യത്ത് നിന്ന് പ്രസംഗിച്ചപ്പോള്‍....

നമ്മുടെ മതത്തിലേക്ക് ആളെ കൂട്ടാന്‍ വേണ്ടി മറ്റു മതങ്ങളെ സ്‌റ്റേജ് കെട്ടി സംവാദം നടത്തി ആക്ഷേപിച്ചപ്പോള്‍...

നമ്മുടെ മത ഗ്രന്ധം മഹത്വവല്‍ക്കരിക്കാന്‍ മറ്റ് മതഗ്രന്ധങ്ങളില്‍ കലര്‍പ്പുണ്ടെന്നും യഥാര്‍ത്ഥ മതഗ്രന്ധം നമ്മുടേതാണെന്നും ആയിരങ്ങളെ വിളിച്ചു വരുത്തി സ്‌റ്റേജ് കെട്ടി പരസ്യമായി വിളിച്ചുപറഞ്ഞ് മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തപ്പോള്‍....

സഹോദര മത നേതാക്കളെ സ്‌റ്റേജില്‍ വിളിച്ചു വരുത്തി വാദപ്രതിവാദം നടത്തി ആക്ഷേപിച്ച് അനുയായികളുടെ കയ്യടി വാങ്ങിയപ്പോള്‍....

*നമ്മളോര്‍ത്തില്ല....ഇതിനൊക്കെ സ്വാതന്ത്ര്യം തന്ന ഒരു മഹത്തായ രാജ്യത്തെ നിഷ്പക്ഷരായ ഭൂരിപക്ഷ സമുദായത്തെ നാം വേദനിപ്പിക്കുകയാണെന്ന്..!*

അവര്‍ നമ്മളോട് സ്‌റ്റേജില്‍ ഏറ്റുമുട്ടുന്നതിന് പകരം സ്വയം അവരുടെ ശക്തി തിരിച്ചറിയുകയായിരുന്നു എന്ന്....

ഒന്നിച്ച് നിന്ന് നമുക്കെതിരെ തിരിയാന്‍ നമ്മളവരെ പഠിപ്പിക്കുകയായിരുന്നു എന്ന്..!

നമ്മുടെ ജാറങ്ങളും ആണ്ടു നേര്‍ച്ചകളും പള്ളികളും പെരുന്നാളുകളും സ്വന്തമായി കരുതി ആഘോഷിക്കുകയും കാണിക്കയിടുകയും ചെയ്ത് പോന്ന ഭൂരിപക്ഷ സമുദായത്തിന് മതത്തിന്റെ കണ്ണട വെച്ചു നമ്മളെ നോക്കി കാണാന്‍ നമ്മളാണ് അവരെ പഠിപ്പിച്ചത്. നമ്മള്‍ തന്നെയാണ് പഠിപ്പിച്ചത്..

ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷമാണ് ഭരിക്കുക എന്നും മതത്തിന്റെ പേരില്‍ രാജ്യത്ത് വേര്‍തിരിവുണ്ടാക്കിയാല്‍ ഭൂരിപക്ഷ മതം ആയിരിക്കും അധികാരത്തില്‍ വരുക എന്നും.... പൗരോഹിത്യ അഹങ്കാരത്തില്‍ കേവലം ന്യൂനപക്ഷമായ നമ്മളോര്‍ത്തില്ല...

സ്‌റ്റേജില്‍ മറ്റ് മത ഗ്രന്ധങ്ങളുടെ പേജ് നമ്പര്‍ കാണാപാഠം പഠിച്ച് കുറവുകള്‍ ഒന്നൊന്നായി എണ്ണി കയ്യടി വാങ്ങിയപ്പോള്‍....

ആവേശത്തിമര്‍പ്പില്‍ മതേതരത്വം എന്താണെന്ന് നമ്മളോര്‍ത്തില്ല...

ഒടുവില്‍ എല്ലാം കൈവിട്ടു പോയി എന്നുറപ്പായപ്പോള്‍ ഇതാ ആകാശത്തേക്ക് കൈയുയര്‍ത്തുന്നു....! ''

കടപ്പാട്

റഫീഖ് തളിപ്പറമ്പ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com