ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍, നല്‍കാനാവില്ലെന്ന് അമ്മ; ചര്‍ച്ച പരാജയം, ഷെയിന്‍ നിഗത്തിന് വിലക്ക് തുടരും 

നടന്‍ ഷെയിന്‍ നിഗമുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍മ്മാതാക്കളും നടിനടന്മാരുടെ സംഘടനയായ അമ്മയുമായുളള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍, നല്‍കാനാവില്ലെന്ന് അമ്മ; ചര്‍ച്ച പരാജയം, ഷെയിന്‍ നിഗത്തിന് വിലക്ക് തുടരും 

കൊച്ചി: നടന്‍ ഷെയിന്‍ നിഗമുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍മ്മാതാക്കളും നടിനടന്മാരുടെ സംഘടനയായ അമ്മയുമായുളള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. മുടങ്ങി കിടക്കുന്ന പടങ്ങള്‍ക്കായി ഒരു കോടി രൂപ നഷ്ടപരിഹാരമായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതായി അമ്മ പ്രതിനിധികള്‍ പറഞ്ഞു. ഇത് ഒരു മോശം കീഴ്‌വഴക്കമാണെന്നും ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അമ്മ പ്രതിനിധികളായ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ ബാബുരാജും മാധ്യമങ്ങളോട് പറഞ്ഞു.

'ഒരു കോടി രൂപ അവര്‍ക്ക് കുറഞ്ഞ തുകയായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് അത് ഒരു വലിയ തുകയാണ്. ഒരു കോടി രൂപ തന്നിട്ട് മാത്രമേ സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിക്കൂവെന്ന് പറയുന്നത് ശരിയല്ല. അത് ഒരു മോശം കീഴ്‌വഴക്കമാണ്. അങ്ങനെയാണെങ്കില്‍ എത്രയോ സിനിമകള്‍ നിന്നുപോകും'- അമ്മ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

'ചിത്രങ്ങള്‍ മുടങ്ങി കിടന്ന ശേഷം ഏഴെട്ടു മാസം കഴിഞ്ഞിട്ട് ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിക്കുന്ന നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പത്തുദിവസത്തേയ്ക്ക് ഡേറ്റ് വാങ്ങി കൂടുതല്‍ ദിവസങ്ങള്‍ എടുത്ത് പടം പൂര്‍ത്തിയാക്കുന്നതാണ് പതിവ്. ഇനി എക്‌സിക്യൂട്ടീവ് കൂടി ഭാവി കാര്യങ്ങള്‍ തീരുമാനിക്കും'- അമ്മ പ്രതിനിധികള്‍ പറഞ്ഞു.

'ഇത്രയും നാളും ഒരു പടവും ഇല്ലാതെ ആ പയ്യന്‍ വെറുതെ ഇരിക്കുകയായിരുന്നു. കിട്ടാവുന്നത്ര ശിക്ഷയൊക്കേ കിട്ടി കഴിഞ്ഞു. മാനസികമായും ഉപദ്രവിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് ഡബ്ബ് ചെയ്യാന്‍ ആ പയ്യന്‍ തയ്യാറായത്. ആ പയ്യന്‍ അത് നിര്‍വഹിച്ചു. ഇപ്പോള്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ചര്‍ച്ചയ്ക്ക് മുന്‍പ് ഇത്തരം ഒരു ആവശ്യം നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെയ്്ക്കുമെന്ന് അറിഞ്ഞിരുന്നില്ല. ഇനി ആ ഷെയ്‌നുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം തീരുമാനിക്കും'- ഇടവേള ബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com