'ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍, എമ്പുരാന്‍ അങ്കിളിനുള്ളതാണ്'; ഭരത് ഗോപിയെ ഓര്‍മിച്ച് പൃഥ്വിരാജ്

ഇന്ന് അദ്ദേഹം വിടപറഞ്ഞിട്ട് 12 വര്‍ഷമാവുകയാണ്
'ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍, എമ്പുരാന്‍ അങ്കിളിനുള്ളതാണ്'; ഭരത് ഗോപിയെ ഓര്‍മിച്ച് പൃഥ്വിരാജ്


ലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് ഭരത് ഗോപി. ഇന്ന് അദ്ദേഹം വിടപറഞ്ഞിട്ട് 12 വര്‍ഷമാവുകയാണ്. മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതിഭാശാലിക്ക് ആദരമര്‍പ്പിക്കുകയാണ് നടന്‍ പൃഥ്വിരാജ്. താന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എമ്പുരാന്‍ ഭരത് ഗോപിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പൃഥ്വിരാജ് ഇത് അറിയിച്ചത്. ഭരത് ഗോപിയുടെ മകനും നടനുമായ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

'ജീവിച്ചിരുന്നതില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ മകനുമായി ഇത്ര മികച്ച ആത്മബന്ധമുണ്ടാകുമെന്ന്. സഹോദരന്മാര്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരനും സംവിധായകനും എന്ന നിലയിലും ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണ്. എമ്പുരാന്‍ അങ്കിളിന് വേണ്ടിയുള്ളതാണ്'  പൃഥ്വിരാജ് കുറിച്ചു. ലെജന്‍ഡ് എന്ന ടാഗിലാണ് പോസ്റ്റ്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. എമ്പുരാന്‍ എന്നു പേരിട്ട രണ്ടാം ഭാഗത്തിന്റെ ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. മുരളി ഗോപി തന്നെയാണ് എമ്പുരാന്റെയും തിരക്കഥ ഒരുക്കുന്നത്.  മുരളി തിരക്കഥ നല്‍കിയാല്‍ ആറ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് അടുത്തിടെ പൃഥ്വിരാജ് പറഞ്ഞത്.

മലയാള സിനിമക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് ഭരത് ഗോപി. യവനിക, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, പഞ്ചവടിപ്പാലം, ഓര്‍മ്മക്കായി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കൊടിയേറ്റം എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടി. ഭരത്, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചു. 2008 ജനുവരി 29 നാണ് അദ്ദേഹം വിടപറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com