പ്രളയവും നിപയും അതിജീവിച്ചവരാണ് നമ്മള്‍; ഭയവും ആശങ്കയുമല്ല, ജാഗ്രതയാണ് വേണ്ടത്: മോഹന്‍ലാല്‍

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നിരവധിപേര്‍ നിരീക്ഷണത്തില്‍ തുടരുന്നതുമായ സാഹചര്യത്തില്‍ ജാഗ്രതാ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍.
പ്രളയവും നിപയും അതിജീവിച്ചവരാണ് നമ്മള്‍; ഭയവും ആശങ്കയുമല്ല, ജാഗ്രതയാണ് വേണ്ടത്: മോഹന്‍ലാല്‍


തിരുവനന്തപുരം: ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നിരവധിപേര്‍ നിരീക്ഷണത്തില്‍ തുടരുന്നതുമായ സാഹചര്യത്തില്‍ ജാഗ്രതാ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍. 'കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു.ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍... കൊറോണയും നമ്മള്‍ അതിജീവിക്കും...'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നേരത്തെ,  കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചൈനയില്‍ നിന്നെത്തുന്ന എല്ലാവരും രോഗവാഹകരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാല്‍ എല്ലാവരും സ്വയം പരിശോധനയ്ക്ക വിധേയമാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുന്‍ അനുഭവത്തില്‍ നിന്ന് കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്താക്കി. കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ നിന്നുള്ള കുറേപേര്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പോയിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. ആരും ഭീതിപരത്തരുത്. മുഖ്യമന്ത്രി പറഞ്ഞു.

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിനിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ഥിനിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥിനിയെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇരുപതു പേരുടെ സാംപിളുകളാണ് സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ പതിനഞ്ചും നെഗറ്റിവ് ആണെന്നാണ് കണ്ടെത്തിയത്. ഒന്നു മാത്രമാണ് പോസിറ്റിവ് ആയി കണ്ടെത്തിയത്. നാലു പേരുടെ സ്രവപരിശോധനാ ഫലം വരാനുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യമുള്ള ഒരാളില്‍ കൊറോണ അപകടകാരിയാവില്ലെന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൃദയ പ്രശ്‌നങ്ങളോ മറ്റു രോഗങ്ങളോ ഉള്ളവരിലാണ് മരണം സംഭവിക്കുന്നത്. കൊറോണ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ് ആണ്. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചുവയ്ക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ആശുപത്രിയില്‍ എത്തി ചികിത്സ തേടണം. കൊറോണ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കൊറോണയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. രോഗ ബാധ നേരിടാന്‍ ജനങ്ങളുടെ സഹകരണം വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com