'മൂന്ന് സുഹൃത്തുക്കള്‍, മൂന്ന് സംവിധായകര്‍, മൂന്ന് സിനിമകള്‍', ലൈവില്‍ ഒരുമിച്ച് ഇവര്‍; പുതിയ ട്രെന്‍ഡ്

ജെനിത് കാച്ചപ്പിള്ളി, പ്രശോഭ് വിജയന്‍, ആനന്ദ് മേനോന്‍ എന്നിവരാണ് നാളെ തിയറ്ററിലെത്തുന്ന ഏറെ പ്രതീക്ഷയുള്ള മൂന്ന് ചിത്രങ്ങളുടെ സംവിധായകര്‍
'മൂന്ന് സുഹൃത്തുക്കള്‍, മൂന്ന് സംവിധായകര്‍, മൂന്ന് സിനിമകള്‍', ലൈവില്‍ ഒരുമിച്ച് ഇവര്‍; പുതിയ ട്രെന്‍ഡ്

നാളെ റിലീസിനെത്തുന്ന മുന്ന് സിനിമകളാണ് മറിയം വന്ന് വിളക്കൂതി, അന്വേഷണം, ഗൗതമന്റെരഥം എന്നിവ. മൂന്ന് സിനിമകള്‍ എന്നതിനപ്പുറം മൂന്ന് സുഹൃത്തുക്കളുടെ മൂന്ന് വ്യത്യസ്ത സിനിമകള്‍ ഒന്നിച്ച് തിയറ്ററില്‍ എത്തുന്നു എന്നതാണ് നാളത്തെ പ്രത്യേകത. ഒന്നിച്ച് സിനിമ സ്വപ്നം കണ്ട് നടന്നവര്‍ ഓരേ ദിവസം തങ്ങളുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമ്പോള്‍ ആ സൗഹൃദത്തിന് ബലമേറുകയാണ്.

ജെനിത് കാച്ചപ്പിള്ളി, പ്രശോഭ് വിജയന്‍, ആനന്ദ് മേനോന്‍ എന്നിവരാണ് നാളെ തിയറ്ററിലെത്തുന്ന ഏറെ പ്രതീക്ഷയുള്ള മൂന്ന് ചിത്രങ്ങളുടെ സംവിധായകര്‍. മൂവരും ഒന്നിച്ചെത്തി സിനിമയുടെ പ്രമോഷന്‍ നല്‍കുന്നത് പ്രേക്ഷകര്‍ക്ക് വേറിട്ട ഒരു കാഴ്ചയായിരുന്നു. മൂവരുടെയും ഫേസ്ബുക്ക് പേജുകളില്‍ ഒന്നിച്ചെത്തി പരസ്പരം തങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷകരോട് സംസാരിക്കുകയായിരുന്നു ഈ യുവ സംവിധായകര്‍.

ജെനിത് ഒരുക്കുന്ന മറിയം വന്ന് വിളക്കൂതിയെക്കുറിച്ച് പ്രശോഭും പ്രശോഭിന്റെ അന്വേഷണത്തെക്കുറിച്ച് ആനന്ദും പറഞ്ഞപ്പോള്‍ ആനന്ദിന്റെ ഗൗതമന്റെരഥത്തെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ ജെനിത്തും പങ്കുവച്ചു. ജെനിത്തിനും ആനന്ദിനും തങ്ങളുടെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളാണ് പങ്കുവയ്ക്കാനുണ്ടായിരുന്നതെങ്കില്‍ പ്രശോഭിന്റെ രണ്ടാം സിനിമയാണ് അന്വേഷണം. ഏറെ അഭിനന്ദനങ്ങള്‍ നേടിയ ലില്ലി എന്ന സിനിമയാണ് പ്രശോഭ് ആദ്യം സംവിധാനം ചെയ്തത്.

നടി സേതുലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ജയസൂര്യയെ നായകനാക്കിയാണ് പ്രശോഭ് രണ്ടാം ചിത്രമായ അന്വേഷണം ഒരുക്കിയിരിക്കുന്നത്. ശാന്തിമുഹൂര്‍ത്തം എന്ന ഏറെ ചര്‍ച്ചയായ ഷോര്‍ട്ട്ഫിലിമിന്റെ വിജയത്തിന് പിന്നാലെയാണ് ഗൗതമന്റെരഥം എന്ന സിനിമയുമായി ആനന്ദ് തുടക്കമിടുന്നത്. എന്തുതന്നെയായാലും ഒന്നിച്ചുള്ള പ്രമോഷണുകളിലൂടെ മൂവരും മലയാള സിനിമയില്‍ പുതിയൊരു ട്രെന്‍ഡിന് തുടക്കമിടുകയാണ്. നാളെ തിയേറ്ററുകളിലും ഒന്നിച്ചുണ്ടാകും എന്നറിയിച്ച ഇവര്‍ സിഐഡി മൂസയിലെ ബിന്ദു പണിക്കരെപ്പോലെ ഒരു തിയറ്ററില്‍ നിന്ന് മറ്റൊരു തിയറ്ററിലേക്ക് ഓടാന്‍ പാകത്തിന് എത്തണമെന്നാണ് പ്രേക്ഷകരോട് പറയുന്നത്. തമാശ പറയുന്നുണ്ടെങ്കിലും നല്ല ടെന്‍ഷനുണ്ടെന്നും ഇവര്‍ ലൈവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com