'അവരുടെ ഉദ്ദേശമെന്തെന്ന് ഞങ്ങൾക്കറിയില്ല, ദയവ് ചെയ്‍ത് വ്യാജ വാർത്തകൾ ഉണ്ടാക്കരുത്': ഷംന കാസിം

അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു
'അവരുടെ ഉദ്ദേശമെന്തെന്ന് ഞങ്ങൾക്കറിയില്ല, ദയവ് ചെയ്‍ത് വ്യാജ വാർത്തകൾ ഉണ്ടാക്കരുത്': ഷംന കാസിം

ബ്ലാക്മെയ്‌ലിങ് കേസുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുെതന്ന് അഭ്യർത്ഥിച്ച് നടി ഷംന കാസിം. ഇൻ‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്. ഈ ഘട്ടത്തിൽ പിന്തുണച്ചവർക്കെല്ലാം നന്ദിയറിയിച്ച ഷംന തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു.

ഷംനയുടെ കുറിപ്പിന്റെ പൂർണരൂപം

‘ഈ പരീക്ഷണഘട്ടത്തിൽ എനിക്ക് നൽകുന്ന പിന്തുണയ്ക്ക് എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. എന്റെ കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാസ്തവവിരുദ്ധമായ വാർത്തകളിൽ വ്യക്തത വരുത്താൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഈ ബ്ലാക്മെയ്ലിങ് കേസിലെ കുറ്റക്കാരെയോ അവരുടെ ഗ്യാങിനെയോ എനിക്കറിയില്ല. അതുകൊണ്ട് ദയവ് ചെയ്‍ത് അത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.

വിവാഹാലോചനയുടെ പേരിൽ വ്യാജ പേരും മേൽവിലാസവും തിരിച്ചറിയൽ അടയാളങ്ങളും നൽകി വഞ്ചിതരായതിന് ശേഷമാണ് എന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്. അത് ബ്ലാക്‌മെയിലിലേക്ക് കടന്നപ്പോഴാണ് ഞങ്ങൾ പൊലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങൾക്കറിയില്ല.

എന്റെ പരാതിക്ക് പിന്നാലെ കേരള പൊലീസ് വളരെ സ്‍തുത്യർഹമായി തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതുകൊണ്ടുതന്നെ ദയവ് ചെയ്‍ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കേസ് അന്വേഷണം പൂർത്തിയായാൽ തീർച്ചയായും മാധ്യമങ്ങളെ കാണും. വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നൽകിയ പിന്തുണയിൽ ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവർക്കെതിരായ പോരാട്ടത്തിൽ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാൻ ഞാൻ നൽകിയ കേസിനു കഴിയും എന്ന് പ്രതീക്ഷിക്കുന്നു - ഷംന കാസിം കുറിപ്പിൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com