'സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, മടുത്തു'; മണിച്ചിത്രത്താഴിന് സം​ഗീതം നൽകി എംജി രാധാകൃഷ്ണൻ തിരിച്ചു വന്നത് ഭ്രാന്തമായ അവസ്ഥയിൽ

എംജി രാധാകൃഷ്ണന്റെ ഓർമ്മ ദിവസത്തിൽ ​ഗായകൻ ജി വേണു​ഗോപാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്
'സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, മടുത്തു'; മണിച്ചിത്രത്താഴിന് സം​ഗീതം നൽകി എംജി രാധാകൃഷ്ണൻ തിരിച്ചു വന്നത് ഭ്രാന്തമായ അവസ്ഥയിൽ

ലയാളത്തിന്റെ പ്രിയ സം​ഗീതജ്ഞൻ എംജി രാധാകൃഷ്ണൻ വിടപറഞ്ഞിട്ട് ഇന്ന് പത്ത് വർഷം പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മ ദിവസത്തിൽ ​ഗായകൻ ജി വേണു​ഗോപാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാധാകൃഷ്ണനുമായുള്ള ആത്മ ബന്ധം പറഞ്ഞുകൊണ്ടുള്ളതാണ് വേണു​ഗോപാലിന്റെ കുറിപ്പ്. തന്നെ സഹോദരനായിട്ടാണ് രാധാകൃഷ്ണൻ കണ്ടിരുന്നതെന്നും ഒരുപാട് അവസരങ്ങൾ തനിക്ക് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. കൂടാതെ മണച്ചിത്രത്താഴിന് സം​ഗീതം നൽകി വന്നതിന് ശേഷം അദ്ദേഹം ഭ്രാന്തമായ അവസ്ഥയിലായിരുന്നെന്നാണ് വേണു​ഗോപാൽ പറയുന്നത്. സിനിമ സം​ഗീതം ഉപേക്ഷിക്കാൻ പോകുകയാണെന്നുവരെ അദ്ദേഹം പറഞ്ഞെന്നാണ് വേണു​ഗോപാൽ കുറിക്കുന്നത്. കൂടാതെ എംജി രാധാകൃഷ്ണനുമായുള്ള നിരവധി ഓർമകളും പങ്കുവെക്കുന്നുണ്ട്. 

ജി വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം

ഇന്ന് എം.ജി. രാധാകൃഷ്ണൻന്റെ ഓർമ്മ ദിവസം.
" ഗാനവാണിയുടെ ആകാശത്തിൽ “

ആദ്യത്തെ രണ്ടു സിനിമകളിൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയെങ്കിലും, "നിനക്കൊരു മുഴുനീള പാട്ടു തരാൻ പറ്റുന്നില്ലല്ലോ" എന്ന് ചേട്ടൻ എപ്പോഴും വേവലാതിപ്പെട്ടു. അപ്പോഴൊക്കെ അൽപ്പം തമാശയായി ഞാൻ പറയും, "blood is thicker than water". ഞാൻ പറയുന്നതിന്റെ പൂർണ അർത്ഥം ഗ്രഹിച്ചു അദ്ദേഹം ഉടൻ പറയും,"എടാ, അങ്ങനെ പറയല്ലേടാ, നീയെന്റെ അമ്മയുടെ വയറ്റിൽ ജനിക്കേണ്ടതായിരുന്നു, എനിക്ക് ജനിക്കാതെ പോയ അനിയനാണല്ലോടാ നീ"!

"മണിച്ചിത്രത്താഴിന്" സംഗീതം നൽകാൻ ആലപ്പുഴയ്ക്ക് പോയ ചേട്ടൻ മടങ്ങി വന്നത് ഭ്രാന്തമായ അവസ്ഥയിലായിരുന്നു. "ഞാൻ സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, എനിക്ക് മടുത്തു" എന്ന് പ്രഖ്യാപിച്ചു. ആകാശവാണിയിലെ സർവസ്വതന്ത്രമായ സംഗീത സംവിധാന പ്രക്രിയയിൽ നിന്ന് വിഭിന്നമായി സിനിമ മേഖലയിലെ തിരുത്തലുകളും ഇടപെടലുകളുമൊന്നും അദ്ദേഹത്തിന് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു. ആ സിനിമയിൽ നിന്നൊഴിവാകാനായി ഇരുപത്തിമൂന്നു ദിവസത്തെ മെഡിക്കൽ ലീവ് എടുത്തു, തിരുമ്മലിനായി അദ്ദേഹം സ്ഥലം വിട്ടു. പക്ഷെ മടങ്ങി വരുമ്പോൾ, ഫാസിൽ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു.

മറ്റൊരു ഗായകനെ കൊണ്ട് പാടിച്ച "ഒരു മുറയ് വന്ത് പാർത്തായ" യുടെയും "പഴം തമിഴ് പാട്ടിന്റെയും" ട്രാക്ക്, തൃപ്തിയാകാതെ വീണ്ടും എന്നെക്കൊണ്ട് പാടിച്ചു. "എടാ, ദാസിനെ കേൾപ്പിക്കാനാണ്, നീ ഒന്നുകൂടി പാടിത്താ" എന്ന് ചേട്ടൻ പറയുമ്പോൾ എനിക്കതൊരു ട്രാക്ക് മാത്രമാണെന്ന നിരാശയായിരുന്നില്ല. രാധാകൃഷ്ണൻ ചേട്ടന്റെ ഏത് ആവശ്യവും ഉത്തരവ് പോലെയാണ് അദ്ദേഹം കണ്ണടയ്ക്കും വരെ ഞാൻ നിറവേറ്റിയിട്ടുള്ളത്.

ഹാർമോണിയവും തബലയും മാത്രം വച്ച് പാടിയ ആ ട്രാക്കുകൾ മദ്രാസിൽ പോയി ദാസേട്ടനെക്കൊണ്ട് പാടിച്ചു മടങ്ങിവന്നപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ പറഞ്ഞു " ഈ പാട്ട് ആരാ പാടിയതെന്ന് ഞാൻ ദാസിനോട് ചോദിച്ചപ്പോൾ പറഞ്ഞതെന്താന്നറിയാമോ...?" എന്തായിരിക്കും ആ ഉത്തരമെന്നു ഞാൻ കാതോർത്തു. "ആരായാലും ശരി, ശുദ്ധമായി പാടിയിട്ടുണ്ട്", എന്നായിരുന്നത്രെ ദാസേട്ടന്റെ മറുപടി. ജീവിതത്തിൽ കിട്ടിയ അസുലഭ ബഹുമതികൾക്കൊപ്പം ആ രണ്ടു വാചകങ്ങളും ഞാൻ ചേർത്ത് വയ്ക്കുന്നു.

ആ സിനിമയിൽ ആദ്യം ഉദ്ദേശിക്കാത്തൊരു ഗാനസന്ദർഭം ഉരുത്തിരിഞ്ഞുവന്നപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ വീണ്ടും എന്നെ വിളിച്ചു. "അക്കുത്തിക്കുത്താനക്കൊമ്പിൽ" എന്ന ഗാനം എന്നെക്കൊണ്ടു പാടിക്കണമെന്ന് ആദ്യം ഫാസിലിനോടു നിർദ്ദേശിച്ചത് സുരേഷ് ഗോപിയാണ്. രാധാകൃഷ്ണൻ ചേട്ടൻ പൂർണമായി പിന്തുണയ്ക്കുകയും ചെയ്തു. പക്ഷെ സിനിമയിലെ പല നിഗൂഢ പ്രശ്നങ്ങൾ കാരണം ആ പാട്ട് ദൃശ്യവൽക്കരണത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ടു.

"പെരുന്തച്ചൻ" സംവിധാനം ചെയ്ത അജയൻ, അരവിന്ദ് സ്വാമിയെ നായകനാക്കി എടുക്കാൻ ഉദ്ദേശിച്ച സിനിമയിൽ ഓ. എൻ വി/ എം ജി രാധാകൃഷ്ണൻ കൂട്ടുകെട്ടിൽ രണ്ടു പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെട്ടു, പക്ഷെ സിനിമ ഇറങ്ങാതെ പോയത് പാട്ടിന്റെ മധുരമില്ലാതാക്കി. "മംഗല്യത്തിരുമുഹൂർത്തം കഴിഞ്ഞു മനസ്സിൽ മന്ദാര മലർമാല വാടിക്കരിഞ്ഞു
" എന്ന വരികൾ പോലെത്തന്നെ വീണ്ടും എന്റെ മനസ്സിൽ പ്രതീക്ഷകൾ വാടിക്കരിഞ്ഞു.

ഇക്കാലത്തൊക്കെയും രാധാകൃഷ്ണൻചേട്ടന്റെ ഈണത്തിൽ ധാരളം സി ഡി കളിലും ആൽബമുകളിലും സീരിയലുകളിലും ഞാൻ പാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ലളിതഗാനങ്ങൾ തന്ന ജീവനാണ് എന്നും എന്നെ മുന്നോട്ടു നടത്തിയത്. ആ ഗാനങ്ങളിൽ പലതിലും എന്റെ ശബ്ദത്തിൻറെ ജീവൽ സ്പർശത്തിന് അദ്ദേഹം നൽകിയ വിലയറിഞ്ഞ ഒരു സന്ദർഭം പറയാതെ വയ്യ. രാധാകൃഷ്ണൻ ചേട്ടനെ ആദരിക്കുന്ന വലിയൊരു ചടങ്ങ് തിരുവനന്തപുരം സെനറ്റ് ഹാളിൽ നടക്കുന്നു. ഞാൻ ചെന്നൈയിൽ നിന്നും വരാൻ ഒരുങ്ങിയെങ്കിലും പരിപാടിയുടെ ഒരു സ്പോൺസറായ തിരുവനന്തപുരത്തെ ഒരു ബാർ/ ഹോട്ടൽ ഉടമയും ഞാനുമായുള്ള മുൻകാല അസ്വാരസ്യം മൂലം ആ സാധ്യത മുടങ്ങി. ഞാൻ വന്നു പാടിയാൽ താൻ പിന്മാറുമെന്ന് സ്പോൺസർ ഭീഷണി മുഴക്കിയപ്പോൾ രാധാകൃഷ്ണൻ ചേട്ടന് എന്നെ ഒഴിവാക്കുകയല്ലാതെ വഴിയില്ലാതായി.

പക്ഷെ ആ ലളിതഗാനസന്ധ്യയിൽ എന്റെ രണ്ടു പാട്ടുകൾ ആരെയും കൊണ്ട് പാടിക്കാതെ അദ്ദേഹം എന്റെ ഇടം അവിടെ ഒഴിച്ചിട്ടു എന്നറിഞ്ഞപ്പോൾ ആയിരമായിരം കയ്യടികളെക്കാൾ ഉച്ചത്തിൽ മനസ്സ് തുടിക്കുകയായിരുന്നു. "കാവേരി, ഹരിതവനത്തിന്റെ " എന്നീ രണ്ടു ഗാനങ്ങൾ അങ്ങനെ അന്ന് പാടാതെ ശ്രദ്ധിക്കപ്പെട്ടു. "വേണു, നിനക്കല്ലാതെ മറ്റൊരാൾക്ക് ആ പാട്ടുകൾ നീ പാടുന്ന പോലെ പാടാൻ പറ്റാത്തതുകൊണ്ട് ഞാനതു ഒഴിവാക്കി" -അന്നത്തെ അസിസ്റ്റന്റ് എം. ജയചന്ദ്രൻറെ കയ്യിൽ എന്റെ വീട്ടിൽ കൊടുത്തുവിട്ട കത്തിൽ രാധാകൃഷ്ണൻ ചേട്ടൻ എഴുതിയ വരികൾ. ഈ വരികളിലും സുന്ദരമായ ഏതു ഗാനമാണ് അദ്ദേഹത്തിന് ഇനി എനിക്ക് നൽകാൻ കഴിയുക?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com