'നിനക്കായി ഞാൻ കാത്തിരിക്കും, സുശീ... ശാന്തമായി ഇരിക്കൂ'; പ്രണയത്തെക്കുറിച്ച് തുറന്നെഴുതി റിയ ചക്രവർത്തി

സുശാന്ത് മരിച്ചെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ തനിക്കൊരുക്കലും കഴിയില്ലെന്നും റിയ
'നിനക്കായി ഞാൻ കാത്തിരിക്കും, സുശീ... ശാന്തമായി ഇരിക്കൂ'; പ്രണയത്തെക്കുറിച്ച് തുറന്നെഴുതി റിയ ചക്രവർത്തി

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജപുത് ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ വികാരനിർഭരമായ കുറിപ്പുമായി നടി റിയ ചക്രവർത്തി. ഇരുവർക്കുമിടയിലെ പ്രണയം തുറന്നുപറയുന്ന വാക്കുകളാണ് റിയയുടെ കുറിപ്പിൽ നിറഞ്ഞിരിക്കുന്നത്.  വികാരങ്ങളെ നേരിടാൻ ഇപ്പോഴും മല്ലിടുകയാണെന്നും സുശാന്ത് മരിച്ചെന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ തനിക്കൊരുക്കലും കഴിയില്ലെന്നും റിയ കുറിക്കുന്നു.

മുംബൈയിലെ ഫ്ലാറ്റിൽ കഴിഞ്ഞ മാസം 14നാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇതിനുപിന്നാലെ സുശാന്തും റിയയും തമ്മിലുള്ള പ്രണയവും ഏറെ ചർച്ചചെയ്യപ്പെട്ടു. സുശാന്തിന്റെ വിഷാദരോഗത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തമ്മിലുള്ള പ്രണയം ശക്തമായിരുന്നെന്നാണ് റിയയുടെ കുറിപ്പ് വ്യക്തമാക്കുന്നത്. സുശാന്തിന്റെ മരണത്തിൽ റിയയെ പൊലീസ് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

റിയയുടെ കുറിപ്പ്

എന്റെ വികാരങ്ങളെ നേരിടാൻ ഇപ്പോഴും മല്ലിടുകയാണ്. കൂട്ടിച്ചേർക്കാനാവാത്ത വിധം ഒരു മരവിപ്പാണ് എന്റെ ഹൃദയത്തിൽ. പ്രണയത്തിൽ, അതിന്റെ ശക്തിയിൽ വിശ്വസിക്കാൻ എന്നെ പഠിപ്പിച്ചത് നീയാണ്. ലളിതമായ ഒരു ഗണിതസമവാക്യം പോലും ജീവിതത്തിന്റെ അർത്ഥം ഉൾക്കൊള്ളുന്നുണ്ടെന്ന് നീയെന്നെ പഠിപ്പിച്ചു. നിന്നിൽനിന്ന് ഓരോ ദിവസവും ഞാൻ പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു. നീ ഇവിടെയില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ എനിക്കൊരിക്കലും കഴിയില്ല.

എനിക്കറിയാം, നീയിപ്പോൾ കൂടുതൽ ശാന്തമായ ഒരിടത്താണെന്ന്. ചന്ദ്രനും നക്ഷത്രങ്ങളും താരാപഥവുമെല്ലാം 'മഹാനായ ഭൗതികശാസ്ത്രജ്ഞനെ' ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കും.

നിറയെ സന്തോഷത്തോടെയും തന്മയീഭാവത്തോടെയും നീയൊരു വാൽനക്ഷത്രമായി പ്രകാശിക്കും. എനിക്കറിയാം, നീ അതായിക്കഴിഞ്ഞിരിക്കുന്നെന്ന്! എന്റെ വാൽനക്ഷ്ത്രമേ, നിനക്കായി ഞാൻ കാത്തിരിക്കും. നിന്നെ എനിക്ക് തിരികെ തരണമെന്ന് ആ വാൽനക്ഷത്രത്തോട് ഞാൻ പ്രാർത്ഥിക്കും.

നല്ല വ്യക്തിത്വമുള്ള ഒരാൾ എങ്ങനെയാകണമോ അതെല്ലാമായിരുന്നു നീ. ഈ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അദ്ഭുതമായ ഒരാൾ. നമ്മുടെ പ്രണയം വിവരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അത് നമുക്കും ഉപരിയാണെന്ന് നീ പറഞ്ഞപ്പോൾ അതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.

എല്ലാത്തിനെയും തുറന്ന മനസോടെ നീ സ്നേഹിച്ചു. ഇപ്പോഴാകട്ടെ നമ്മുടെ പ്രണയം സുദൃഢമാണെന്ന് നീ എനിക്ക് കാണിച്ചുതന്നു.

സുശീ... ശാന്തമായി ഇരിക്കൂ.
നിന്നെ നഷ്ടമായിട്ട് 30 ദിവസങ്ങളായി പക്ഷേ, നിന്നെ സ്നേഹിച്ച ഒരു ജീവിതകാലം ആണത്. എന്നെന്നേക്കുമായി ചേർത്തു വയ്ക്കപ്പെട്ടവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com