'എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ പദ്മശ്രീ തിരിച്ചു നൽകും'; നിലപാട് വ്യക്തമാക്കി കങ്കണ

താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖരെ ചോദ്യം ചെയ്യാത്തതിനെതിരെയും താരം രം​ഗത്തെത്തി
'എനിക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ പദ്മശ്രീ തിരിച്ചു നൽകും'; നിലപാട് വ്യക്തമാക്കി കങ്കണ

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്മശ്രീ തിരിച്ചുനൽകുമെന്ന് നടി കങ്കണ റണാവത്ത്. കൂടാതെ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖരെ ചോദ്യം ചെയ്യാത്തതിനെതിരെയും താരം രം​ഗത്തെത്തി. കേസില്‍ മൊഴി നൽകാൻ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ സ്റ്റേഷനിൽ പോകാൻ സാധിച്ചില്ലെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.

‘സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ എന്തെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ സാധിക്കാത്ത പക്ഷം പത്മശ്രീ തിരികെ നല്‍കും. ഇൻഡസ്ട്രിയിലുള്ളവർ വികാരങ്ങളില്ലാത്ത ജീവികളാണ്. അവർ മറ്റുള്ളവരുടെ വേദനകൾ കണ്ട് രസിക്കും. പർവീൺ ബാബിയുടെ രോഗത്തെ വച്ച് സിനിമയെടുത്താണ് മഹേഷ് ഭട്ട് ജീവിക്കുന്നത്. എന്തുകൊണ്ടാണ് ആദിത്യ ചോപ്ര, മഹേഷ് ഭട്ട്, കരൺ ജോഹർ, രാജീവ് മസന്ത് എന്നിവരെ മുംബൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിക്കാത്തത്. കാരണം അവർ വളരെ ശക്തന്മാരാണ്.- കങ്കണ പറഞ്ഞു.

സുശാന്തിന്റെ മരണ ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ബോളിവുഡിലെ പല പ്രമുഖർക്കെതിരേയും കങ്കണ രം​ഗത്ത് വന്നിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്ത് ഏറെ മാനസിക പ്രയാസം സിനിമയിൽ നിന്നും നേരിട്ടിരുന്നെന്നുമാണ് താരം പറഞ്ഞത്. കൂടാതെ സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കങ്കണ ആരോപിച്ചിരുന്നു.

സ്വജനപുക്ഷപാതത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് നടിമാരായ താപ്സി പന്നുവിനേയും സ്വര ഭാസ്കറിനേയും കങ്കണ വിമർശിച്ചു. ''സിനിമയ്ക്ക് പുറത്തു നിന്ന് വന്ന എന്നാൽ ഇപ്പോൾ അതിനകത്തു നിൽക്കുന്ന സ്വാർഥരായ താപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് ആലിയയെയും അനന്യയെയും പോലെ നിങ്ങൾക്കും സിനിമകൾ കിട്ടുന്നില്ല, അവർ ഇവിടെ നിലനിൽക്കുന്നത് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്. താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com