'കുറേ വിവരമില്ലാത്ത ആള്‍ക്കാര് വന്ന് പിച്ചുംപേയും പറയുന്നു', തെറിപറഞ്ഞവര്‍ക്ക് പ്രണയലേഖനവുമായി അഹാന; വിഡിയോ

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് സൈബര്‍ ആക്രമികളെ താരം രൂക്ഷമായി വിമര്‍ശിച്ചത്
'കുറേ വിവരമില്ലാത്ത ആള്‍ക്കാര് വന്ന് പിച്ചുംപേയും പറയുന്നു', തെറിപറഞ്ഞവര്‍ക്ക് പ്രണയലേഖനവുമായി അഹാന; വിഡിയോ

സൈബര്‍ ബുള്ളീയിങ്ങിന് ഇരയായിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. വസ്ത്രത്തിന്റെ പേരിലും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരിലുമെല്ലാം പലരും ഇത്തരത്തില്‍ ആക്രമിക്കപ്പെടാറുണ്ട്. സിനിമ നടിമാര്‍ക്കാണ് കൂടുതലും ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടിവരിക. കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണയും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായി. ഇപ്പോള്‍ തന്നെയും കുടുംബത്തെയും ചീത്തവിളിച്ചവര്‍ക്ക് പ്രണയലേഖനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് സൈബര്‍ ആക്രമികളെ താരം രൂക്ഷമായി വിമര്‍ശിച്ചത്. എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ്'' എന്ന പേരിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത, മനസ്സാക്ഷിയില്ലാത്ത, എല്ലാ സൈബര്‍ ബുള്ളീ പ്രവര്‍ത്തകര്‍ക്കുമായി ഞാനീ വിഡിയോ സന്തോഷപൂര്‍വം സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. 

അടുത്തിടെ തനിക്കുനേരെയും സൈബര്‍ ബുള്ളീയിങ് ഉണ്ടായി. എന്നാല്‍ അതൊരു ആക്രമമായി തനിക്ക് തോന്നിയതേയില്ല എന്നാണ് താരം പറയുന്നത്. തനിക്കെതിരെയുണ്ടായ സൈബര്‍ ബുള്ളീയിങ്ങിനെതിരായ പ്രതികരണമായിട്ടല്ല താന്‍ ഈ വിഡിയോ ചെയ്യുന്നത്. അന്ന് അത് സംഭവിച്ചപ്പോളും എന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വളരെ മോശം ഭാഷയിലുള്ള കമന്റുകള്‍ കണ്ട് പൊട്ടിക്കരയുകയല്ല ഞങ്ങള്‍ ചെയ്തത്. ഇവര്‍ക്ക് നാണമില്ലേ ഇങ്ങനെയൊക്കെ പറയാന്‍ എന്നാണ് തോന്നിയത്. ഞങ്ങള്‍ വളരെ തമാശയായിട്ടാണ് അതിനെ എടുത്തത്. അത്തരക്കാരുടെ ചിന്താഗതി മാറ്റാന്‍ വേണ്ടിയല്ല ഞാന്‍ വിഡിയോ ചെയ്യുന്നത്. 

എന്നാല്‍ നമ്മള്‍ എങ്ങനെയാണ് സൈബര്‍ ബുള്ളീയിങ്ങിനെ കാണുന്നത് എന്നത് മാറ്റാന്‍ പറ്റും. എന്നെ കുറച്ചുപേര്‍ പച്ചത്തെറി വിളിക്കുകയാണെങ്കില്‍ അതൊക്കെയാണ് ഞാന്‍ എന്ന് വിചാരിച്ചാല്‍ അവരുടെ ലക്ഷ്യം നേടിയപോലെയാവും. എന്നാല്‍ ഈ സൈബര്‍ ബുള്ളീയിങ്ങിനെ ഒരു അസുഖമായി കണക്കാക്കിയാല്‍ അത്തരത്തിലുള്ളവര്‍ തീരെ വയ്യാത്ത രോഗികളാണെന്ന് കാണ്ടുതുടങ്ങാനാവും. അങ്ങനെയായാല്‍ പതുക്കെ പതുക്കെ സൈബര്‍ ബുള്ളീയിങ് എന്നു പറയുന്നത് ഒരു കൂട്ടം കോമാളികള്‍ പിച്ചും പേയും പറയുന്നതുപോലെയാവും. എനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. കുറേ വിവരമില്ലാത്ത ആള്‍ക്കാര് വന്ന് എന്തോ പിച്ചുംപേയും പറയുന്നതിന് ഞാന്‍ എന്ത് ചെയ്യണം എന്നാണ് ചിന്തിച്ചത്. നിങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായാല്‍ ഒരിക്കലും നിങ്ങളൊരു ഇരയായി കണക്കാക്കരുത്. അതൊരു തമാശയായി കാണണം.- അഹാന വിഡിയോയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com