'ലോക്ഡൗൺ വേണ്ടെന്ന് ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല', പുലർച്ചെ മൂന്ന് മണിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു; വിശദീകരണവുമായി അഹാന

കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും താൻ ഉപയോ​ഗിച്ചിട്ടില്ലെന്നും അഹാന പറഞ്ഞു
'ലോക്ഡൗൺ വേണ്ടെന്ന് ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല', പുലർച്ചെ മൂന്ന് മണിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു; വിശദീകരണവുമായി അഹാന

തിരുവനന്തപുരം ന​ഗരത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളിൽ വിശദീകരണവുമായി നടി അഹാന കൃഷ്ണ. 18 വാക്കുകൾ മാത്രമുള്ള തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കുവച്ചതെന്നും കൊറോണ അല്ലെങ്കിൽ കോവിഡ് എന്നീ പദങ്ങൾ പോലും താൻ ഉപയോ​ഗിച്ചിട്ടില്ലെന്നും അഹാന പറഞ്ഞു. ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകൾ ഇപ്പോൾ തന്നോട് ചോദിക്കുന്നതെന്നാണ് അഹാന പറയുന്നത്. 

"ലോക്ഡൗണിന്റെ ആവശ്യമില്ലെന്നു ഞാൻ എവിടേയും പറഞ്ഞിട്ടില്ല. എന്റെ ആ സ്റ്റോറിയിൽ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ഡൗൺ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ല. കൊറോണ മഹാമാരി പൂർണമായും മാറുന്നതുവരെ ലോക്ഡൗൺ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽപെടുന്ന ആളാണ് ഞാൻ", വിശദീകരണത്തിൽ അഹാന പറഞ്ഞു. 

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതും സ്വർണ കള്ളക്കടത്ത് കേസും ബന്ധപ്പെടുത്തി അഹാന കുറിച്ച വാക്കുകൾ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് നടിക്കുനേരെ വ്യാപകമായി സൈബർ ആക്രണവും നടന്നു. സൈബർ ആക്രമണങ്ങൾക്കെതിരെ നടി ഒരുക്കിയ യൂട്യൂബ് വിഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. സൈബർ ആക്രമണത്തെ എതിർക്കുമ്പോഴും നടി മുൻകാല പ്രസ്താവനയെ ചിലർ ശക്തമായി എതിർത്തു. ഇത്തരത്തിൽ ഉയർന്ന ഒരു കമന്റിന് മറുപടിയായാണ് അഹാന തന്റെ ഭാ​ഗം വ്യക്തമാക്കിയത്.  

പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന വാക്കുകൾ കുറിച്ചതിനാൽ അതിൽ വിശദീകരണം വേണമെന്നായിരുന്നു കമന്റിട്ടയാൾ ആവശ്യപ്പെട്ടത്. "ഞാൻ പറഞ്ഞ യഥാർഥ കാര്യത്തിനല്ല നിർഭാഗ്യവശാൽ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകൾ ഒരു മാധ്യമപ്രവർത്തകൻ വളച്ചൊടിച്ച്, അതാണ് ഞാൻ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ കുറിച്ച, 18 വാക്കുകൾ മാത്രമുള്ള എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ട് വ്യത്യസ്തമായ ചിന്തകൾ മാത്രമാണ് പങ്കു വച്ചത്. അത് സംഭവിക്കുമ്പോൾ ഞാൻ വീട്ടിൽ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാൽ എനിക്ക് തിരുവനന്തപുരത്ത് എത്താൻ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസിൽ തോന്നിയ രണ്ട് ചിന്തകൾ ഞാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കു വയ്ക്കുകയായിരുന്നു", അഹാന കുറിച്ചു. 

ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിൽ ലോക്ഡൗൺ വേണ്ടെന്നു പറയാൻ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ചിന്തിച്ചിട്ടോ പറഞ്ഞിട്ടോ ഇല്ലെന്നും നടി കൂട്ടിച്ചേർത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com