'19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ അവർ എന്നെ ഒരു ‘ബുള്ളി’യാക്കി'; അഹാനയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുവാവ്; വൈറൽ

തന്നെ ഒരു ‘സൈബർ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നിൽ അവതരിപ്പിച്ചെന്ന ആരോപണവുമായി മിസ‌്ഹാബ് രം​ഗത്തെത്തുകയായിരുന്നു
'19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ അവർ എന്നെ ഒരു ‘ബുള്ളി’യാക്കി'; അഹാനയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുവാവ്; വൈറൽ

സൈബർ ആക്രമണത്തിനെതിരെയുള്ള നടി അഹാന കൃഷ്ണകുമാറിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. താരത്തെ പിന്തുണച്ച് നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. അതിനൊപ്പം ലോക്ഡൗണിനെക്കുറിച്ചുള്ള താരത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. ഇപ്പോൾ തന്റെ പോസ്റ്റിന് താഴെ കമന്റിട്ടയാളെ വിമർശിച്ചതിന്റെ പേരിൽ വെട്ടിലായിരിക്കുകയാണ് നടി.

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെയാണ് മിസ‌്ഹാബ് മുസ്തഫ എന്നയാൾ കമന്റ് ചെയ്തത്. എന്നാൽ ഇതിൽ സൈബർ ബുള്ളീയിന്റെ ഭാ​ഗം മാത്രം എടുത്ത് അഹാന രൂക്ഷഭാ​ഷയിൽ വിമർശിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ഒരു ‘സൈബർ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നിൽ അവതരിപ്പിച്ചെന്ന ആരോപണവുമായി മിസ‌്ഹാബ് രം​ഗത്തെത്തുകയായിരുന്നു. തെളിവായി ഇദ്ദേഹം തന്റെ കമന്റിന്റെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി ഗവണ്‍മെന്റെ കൊറോണയെ ഉപയോഗിക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന്. സ്വര്‍ണ്ണക്കടത്ത് മറക്കാനാണ് ലോക്ക്ഡൗണ്‍ കൊണ്ടുവന്നതെന്ന്. ഇപ്പോൾ കോവിഡ് വളരെ വേഗം പടരുന്നുവെന്നും സമൂഹവ്യാപനം ഉണ്ടാകുമെന്നും പറഞ്ഞ് അതേ ഗവണ്‍മെന്റിന് വേണ്ടി തന്നെ വിഡിയോ ചെയ്യുന്നു. സൈബർ ബുള്ളിയിങ്ങിനെതിരായ താങ്കളുടെ വിഡിയോ നല്ലതായിരുന്നു. താങ്കൾ അത്രയേറെ വിമർശിക്കപ്പെട്ടിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ലോക്ഡൗൺ സംബന്ധിച്ചുള്ള താങ്കളുടെ തെറ്റായ വാദമാണ് അതിനു കാരണം. നിങ്ങളെപ്പോലുള്ള സെലിബ്രിറ്റികൾ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കണം.  നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂട ?- എന്നായിരുന്നു മിസ‌്ഹാബിന്റെ കമന്റ്.

ഇതിന്റെ അവസാനം ഭാ​ഗം മാത്രം ചൂണ്ടിക്കാട്ടി അഹാന കുറിച്ചത് ഇതാണ്. ‘ഫെയ്സ്ബുക്കിൽ ഒരാൾ ഇട്ട കമന്റാണ് ഇത്. ഇൗ സർ പറയുന്നത് ഞാൻ അക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതു കൊണ്ടാണ് എന്നാണ്. സർ പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഇൗ വാദമെന്ന് പറയുന്നത് അവൾ ബലാൽസംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ ? ഇതോടെയാണ് രൂക്ഷ വിമർശനവുമായി മിസ്ഹാബ് രം​ഗത്തെത്തിയത്. എന്തിനെയാണോ അവർ എതിർക്കുന്നത് അതുതന്നെയാണ് അവർ ചെയ്യുന്നത് എന്നായിരുന്നു മിസ്താബിന്റെ കുറിപ്പ്.

‘സൈബർ ബുള്ളിയിങ്ങിനെതിരായി പോരാടിയ അതേ ആൾ എന്റെ കമന്റ് എടുത്ത് പകുതി ഭാഗം ഡിലീറ്റ് ചെയ്ത് അവരുടെ 19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ എന്നെ ഒരു ‘ബുള്ളി’ ആക്കി അവതരിപ്പിച്ചു. ഒരു നടി എന്ന നിലയിൽ ഫോളോവേഴ്സിൽ നിന്നുയരുന്ന ചോദ്യങ്ങൾ സ്വീകരിക്കാനുള്ള പക്വത അവർ കാണിക്കേണ്ടതാണ്. എന്റെ കമന്റിൽ ഞാൻ അവരെ ആക്രമിച്ചില്ലെന്നു മാത്രമല്ല ആക്രമിക്കുന്നവരെ ഒരു തരത്തിലും ന്യായീകരിച്ചുമില്ല. എന്തിനെതിരെയാണോ അവർ പോരാടുന്നത് അതു തന്നെയാണ് അവർ എന്നോടും ചെയ്തത്.’ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മിസ്താബിന്റെ പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com