'കോവിഡിന് മാസങ്ങള്‍ക്ക് മുന്‍പേ മരുന്ന് കണ്ടെത്തി', തെറ്റായ വിവരം പങ്കുവെച്ച് മഡോണ, ബ്ലോക്ക് ചെയ്ത് ഇന്‍സ്റ്റഗ്രാം 

മരുന്നുകണ്ടുപിടിച്ച വിവരം രഹസ്യമായി വച്ചിരിക്കുകയാണെന്നാണ് മഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
'കോവിഡിന് മാസങ്ങള്‍ക്ക് മുന്‍പേ മരുന്ന് കണ്ടെത്തി', തെറ്റായ വിവരം പങ്കുവെച്ച് മഡോണ, ബ്ലോക്ക് ചെയ്ത് ഇന്‍സ്റ്റഗ്രാം 

കോവിഡ് 19നെക്കുറിച്ച്‌ തെറ്റായ വിവരം പങ്കുവെച്ചതിന് സൂപ്പര്‍സ്റ്റാര്‍ ഗായിക മഡോണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ബ്ലോക്ക് ചെയ്തു. കൊറോണയ്‌ക്കെതിരായ മരുന്ന് മാസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള യുഎസ് ഫിസിഷ്യന്‍ സ്റ്റെല്ല ഇമ്മാനുവലിന്റെ സ്പീച്ചാണ് മഡോണ പോസ്റ്റ് ചെയ്തത്. കൂടാതെ അധികൃതര്‍ക്കെതിരെ താരം രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു. 

മരുന്നുകണ്ടുപിടിച്ച വിവരം രഹസ്യമായി വച്ചിരിക്കുകയാണെന്നാണ് മഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ധനികരെ കൂടുതല്‍ ധനികരാക്കാനും പാവപ്പെട്ടവരേയും രോഗത്തേയും കൂടുതല്‍ മോശമാക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ രഹസ്യമാക്കിവച്ചിരിക്കുന്നത് അവര്‍ കൂട്ടിച്ചേര്‍ത്തു. വിവരം തെറ്റാണെന്ന് കണ്ടെത്തിയതോടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

അടുത്തിടെയായി സ്റ്റെല്ല ഇമ്മാനുവലിന്റെ നിരവധി വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലേറിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോകൈ്വനാണ് കൊറോണ വൈറസിന് എതിരായ മരുന്നായി സ്‌റ്റെല്ല പറയുന്നത്. എന്നാല്‍ ഇത് കോവിഡിനെതിരെയുള്ള മരുന്നാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. 15.4 മില്യണ്‍ ഫോളോവേഴ്‌സാണ് മഡോണയ്ക്കുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ വിഡിയോ റീട്വീറ്റ് ചെയ്ത് വിവാദത്തിലായിരുന്നു. 

കോവിഡ് ചികിത്സയെക്കുറിച്ചുള്ള തെറ്റായ വിവരം പങ്കുവെച്ചതുകൊണ്ടാണ് വിഡിയോ ബ്ലോക്ക് ചെയ്തത് എന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഉടമകളായ ഫേയ്‌സ്ബുക്കിന്റെ വക്താവ് വ്യക്തമാക്കി. തെറ്റായ വിവരമാണെന്ന് വ്യക്തമായതോടെ മഡോണ പോസ്റ്റ് ഡിലീറ്റ് ചെയ്തു. മാസ്‌ക് ധരിക്കുന്നതിനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനും എതിരെ രംഗത്തുവന്ന വ്യക്തിയാണ് സ്റ്റെല്ല ഇമ്മാനുവല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com